തിരുവനന്തപുരം: അധസ്ഥിതര്‍ക്ക് അക്ഷരം നിഷേധിച്ചവര്‍ക്കുനേരെ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുയര്‍ന്ന തിരുവനന്തപുരം ജില്ലയിലെ ഊരുട്ടമ്പലത്തെ സ്‌കൂളാണ് സംസ്ഥാനതല പ്രവേശനനോല്‍സവത്തിന് വേദിയായത്. ചരിത്രമുറങ്ങുന്ന തിരുവനന്തപുരം ജില്ലയിലെ ഊരുട്ടമ്പലം ഗവ യുപി സ്‌കൂള്‍ 201718 അദ്ധ്യയനവര്‍ഷത്ത സംസ്ഥാനല സ്‌കൂള്‍ പ്രവേശനോല്‍സവത്തിന് വേദിയായപ്പോള്‍ അത് വീണ്ടും ഒരു ഓര്‍മ്മപ്പെടുത്തലായി.
അധസ്ഥിതര്‍ക്ക് അക്ഷരം നിഷേധിച്ചവര്‍ക്കുനേരെ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ് ഉയര്‍ന്നത് ഈ വിദ്യാലയത്തിലായിരുന്നു. 1914, അധസ്ഥിതര്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലം. അന്ന് ദളിത് വിഭാഗത്തില്‍പ്പെട്ട പഞ്ചമിക്ക് പഠിക്കാന്‍ മോഹം. പിന്നീട് പഞ്ചമി അക്ഷരലോകത്തേക്ക് കാല്‍ വച്ചത് ഊരുട്ടമ്പലത്തെ ഈ സ്‌കൂള്‍ അങ്കണത്തില്‍.
പക്ഷേ അന്നത്തെ സവര്‍ണ്ണമേധാവിത്വം പഞ്ചമിക്ക് അറിവ് നിഷേധിച്ചു. പ്രതിഷേധമെന്നോണം സ്‌കൂള്‍ തീയിട്ടു നശിപ്പിക്കാനും അവര്‍ മറന്നില്ല. തുടര്‍ന്ന് ചരിത്രത്തില്‍ ഇടം നേടിയ വിദ്യാഭ്യാസ പോരാട്ടത്തിനും തുടക്കമായി. സംസ്ഥാനതല പ്രവേശനോല്‍സവം ഇവിടെ നടക്കുമ്പോള്‍ കണ്ടല ലഹള എന്ന തിരുവിതാംകൂറിലെ ആദ്യ വിദ്യാഭ്യാസ സമരത്തിന് സാക്ഷ്യയായ സ്‌കൂളില്‍ സ്മാരക മന്ദിരവും ഉയര്‍ന്നു.
തിരുവിതാംകൂറിലെ ആദ്യത്തെ വിദ്യാഭ്യാസസമരമെന്നും കര്‍ഷകലഹളയെന്നും അറിയപ്പെടുന്ന കണ്ടല ലഹളയ്ക്ക് കാരണമായ സംഭവത്തിലൂടെയാണ് പഞ്ചമിയെ കേരളം ഓര്‍ക്കുന്നത്.
അന്ന് കത്താതെ അവശേഷിച്ച ബഞ്ച് ഓര്‍മ്മയുടെ ജീവിക്കുന്ന അടയാളമായി ഇവിടെയുണ്ട്. ഇന്ന് പഞ്ചമിയുടെ അഞ്ചാംതലമുറക്കാരി ആരതിയും ഈ ചരിത്രഭൂമിയില്‍ അറിവ് നേടാനെത്തിയിരിക്കുന്നു. പഴകഥയൊക്കെ ഓര്‍മ്മയുണ്ടെന്നും കാലം മാറിയതില്‍ സന്തോഷമുണ്ടെന്നും ആരതിയുടെ അമ്മ പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.