വരവേല്‍ക്കാന്‍ പൊലീസുകാര്‍; അമ്പരന്ന് കുരുന്നുകള്‍

കൊച്ചി: പൊലീസ് മാമന്‍മാരുടെ കയ്യില്‍ നിന്ന് മിഠായി കിട്ടിയതിന്റെ സന്തോഷത്തിലാണ് കൊച്ചിയിലെ ഒന്നാം ക്ലാസുകാര്‍. അറിവിന്റെ ലോകത്തേക്ക് പിച്ചവെക്കുന്ന കുരുന്നുകള്‍ക്കായി കൊച്ചി സിറ്റി പൊലീസ് പ്രവേശനോല്‍സവം സംഘടിപ്പിച്ചു. പൊലീസ് സല്യൂട്ട് എന്ന പേരിലായിരുന്നു പരിപാടി.

തൊപ്പിയും കാക്കിയും ധരിച്ച് യൂണിഫോമില്‍ വരുന്ന പൊലീസുകാരെ കണ്ടപ്പോള്‍ കുരുന്നുകള്‍ക്ക് ആദ്യം അമ്പരപ്പ്. എന്നാല്‍ പതിവായി ലാത്തിയേന്തുന്ന കൈകളില്‍ ഇന്ന് നിറയെ മിഠായിയായിരുന്നു. പൊലീസ് മാമന്‍മാര്‍ സല്യൂട്ട് ചെയ്ത് ഷെയ്ക്ക് ഹാന്‍ഡ് നല്‍കി മിഠായി കൊടുത്തപ്പോള്‍ പലര്‍ക്കും അമ്പരപ്പ് മാറി ഉത്സാഹമായി. സിറ്റി പൊലീസ് കമ്മീഷണര്‍ എം പി ദിനേശിന്റെ നേതൃത്വത്തിലാണ് നവാഗതര്‍ക്ക് മധുരവും സമ്മാനങ്ങളും നല്‍കിയത്. ആരാകണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിന് പെട്ടന്നു വന്നു മറുപടി… പോലീസാവണം.

മിഠായി ഒക്കെ തന്നെങ്കിലും തനിക്ക് പൊലീസ് ആകേണ്ടെന്നായിരുന്നു മറ്റൊരു കൂട്ടുകാരന്റെ നിലപാട്. പതിവില്‍ നിന്നു വ്യത്യസ്തമായി പൊലീസുകാരില്‍ നിന്ന് മധുരം കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു കുരുന്നുകള്‍.

പൊലീസ് എന്നാല്‍ പേടിക്കാനുള്ളതല്ല കരുതലും സംരക്ഷണവും നല്‍കുന്നവരാണ് എന്ന് കുട്ടികളിളെ ബോധിപ്പിക്കുന്നതിനു കൂടിയായിരുന്നു പൊലീസ് സല്യൂട്ട് എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News