പശുവിന് വേണ്ടി കേരളത്തിലും മനുഷ്യനെ ആക്രമിക്കുമോ?; ഗോ ഹത്യ വിരുദ്ധമുന്നേറ്റം കേരളത്തിലും വേണമെന്ന് കെ സുരേന്ദ്രന്റെ ആഹ്വാനം

തിരുവനന്തപുരം: ഗോ രക്ഷയുടെ പേരില്‍ മനുഷ്യനെ ആക്രമിക്കുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിത്യേന അരങ്ങേറുന്ന സംഭവങ്ങളാണ്. ഗോ മാതാവിന്റെ പേരില്‍ മനുഷ്യനെ തല്ലിക്കൊല്ലാന്‍ പോലും മടിക്കില്ലെന്ന് ദാദ്രിയിലെ അഖിലകിന്റെ അരുകൊല കാട്ടിതന്നതുമാണ്. എന്നാല്‍ അത്തരം സംഭവങ്ങള്‍ കേരളത്തിലും അരങ്ങേറുമോയെന്ന ആശങ്കകള്‍ സജീവമാകുകയാണ്.

കേന്ദ്രത്തിന്റെ കശാപ്പ് നിരോധന ഉത്തരവിന് പിന്നാലെ സംഘപരിവാര്‍ നേതാക്കള്‍ വലിയ തോതില്‍ പ്രകോപനമുണ്ടാക്കാനുള്ള ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. ബി ജെ പി നേതാവ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇതിനുദാഹരണമാണെന്ന ആശങ്ക സോഷ്യല്‍ മീഡിയ പങ്കുവെയ്ക്കുകയാണ്.

അതിനിടയിലാണ് പുതിയ പോസ്റ്റുമായി സുരേന്ദ്രന്‍ രംഗത്തെത്തിയത്. സംസ്ഥാനത്തും സംഘപരിവാര്‍ സംഘടനകള്‍ ഗോരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചേക്കുമെന്നാണ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് നല്‍കുന്ന അപായ സൂചന. നാളിതുവരെ ഇത്തരത്തിലുള്ള സംഘടനകള്‍ കേരളത്തില്‍ ശക്തിയാര്‍ജിച്ചിട്ടില്ല. എന്നാല്‍ ഗോ ഹത്യ വിരുദ്ധമുന്നേറ്റം കേരളത്തിലും വേണമെന്ന് കെ സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ ആഹ്വാനം നല്‍കി കഴിഞ്ഞു.
കണ്ണൂരില്‍ പരസ്യമായി കശാപ്പ് നടത്തിയ കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുററിയെ അറസ്ട് ചെയ്ത സംഭവം മുന്‍നിര്‍ത്തിയാണ് സുരേന്ദ്രന്റെ ആഹ്വാനം. പൊതു സ്ഥലത്തുവെച്ച് കന്നുകാലികളെ കശാപ്പുചെയ്യുന്നത് കുററമാണെന്ന് ബോധ്യമായില്ലെ എന്ന് ചോദിക്കുന്ന സുരേന്ദ്രന്‍ ഇത്തരം കാര്യങ്ങള്‍ രാഷ്ട്രീയമായ കണ്ണോടുകൂടിയല്ല പൊതുസമൂഹം കാണേണ്ടതെന്നും പറയുന്നു.

ഒരു ഗോഹത്യാവിരുദ്ധമുന്നേററത്തിന് കേരളത്തില്‍ സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ഏതാനും വര്‍ഷം മുന്‍പ് സംഘം ഗോഗ്രാമയാത്രകള്‍ സംഘടിപ്പിച്ചപ്പോള്‍ വലിയ പ്രതികരണമാണ് അതിനു ലഭിച്ചതെന്നും സുരേന്ദ്രന്‍ പറയുന്നതില്‍ അപകടമുണ്ടെന്നാണ് സോഷ്യല്‍ മീഡിയ ആശങ്ക പങ്കുവെയ്ക്കുന്നത്. ഇത് സുരേന്ദ്രന്റെ പോസ്റ്റിന് താഴെ പലരും കമന്റും ചെയ്തിട്ടുണ്ട്. എന്തായാലും ഉത്തരേന്ത്യയില്‍ നടക്കുന്നതുപോലെയുള്ള ഗോരക്ഷയുടെ പേരിലെ ആക്രമണങ്ങള്‍ സാംസ്‌കാരിക കേരളത്തിലുണ്ടാകില്ലെന്ന പ്രതീക്ഷയാണ് ഏവരും പങ്കുവെയ്ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News