അന്താരാഷ്ട്ര ഫിലിം സ്റ്റഡി റിസര്‍ച്ച് സെന്റര്‍ & ഡിജിറ്റല്‍ ആര്‍ക്കൈവ്‌സിന് നാളെ ശിലയിടും

ചലച്ചിത്ര അക്കാദമിയുടെ കീഴില്‍ ആരംഭിക്കുന്ന അന്താരാഷ്ട്ര ഫിലിം സ്റ്റഡി റിസര്‍ച്ച് സെന്റര്‍ & ഡിജിറ്റല്‍ ആര്‍ക്കൈവ്‌സിന് നാളെ തിരുവനന്തപുരം കഴക്കൂട്ടത്ത് ശിലയിടും. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ആരംഭിക്കുന്ന ഈ പദ്ധതി സിനിമാ മേഖലയില്‍ പുത്തന്‍ ഉണര്‍വേകുമെന്നതില്‍ സംശയമില്ല. സിനിമാ മേഖലയ്ക്കുള്ള സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക സമ്മാനമാണിത്.

സിനിമാ മേഖലയിലെ പഠനം എന്നത് മലയാളിക്ക് എപ്പോഴും കൈയ്യാത്താ ദൂരത്തായിരുന്നു. ഈ മേഖലയുടെ വളര്‍ച്ചയും ചരിത്രവും അതിന്റെ വികസനവും ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. ഓരോ ദിവസവും വ്യത്യസ്തത മാത്രം ചര്‍ച്ച ചെയ്യുന്ന മേഖലയാണ് ഇന്ന് മലയാള സിനിമ. ന്യൂജനറേഷന്‍ സിനിമകളുടെ വരവോടെ പരീക്ഷണങ്ങളുടെ ഘട്ടങ്ങളിലൂടെയാണ് സിനിമാ മേഖല കടന്നുപോകുന്നത്. ഓരോ സിനിമയിലും പ്രേക്ഷകന് പുതിയത് നല്‍കാനുള്ള വ്യഗ്രതയാണ് ഓരോ അണിയറപ്രവര്‍ത്തകനും കാണിക്കുന്നത്. സിനിമാ മേഖലയുടെ വികസനം നമ്മുടെ സംസ്ഥാനത്തിന് വലിയ മുതല്‍ക്കൂട്ടാകും. മലയാള സിനിമയുടെ ചരിത്രവും ത്യാഗോജ്വലമാണ്. ലോക സിനിമകള്‍ കണ്ട് വളര്‍ന്നവരാണ് മലയാളികള്‍. പുതിയ തലമുറയ്ക്ക് ഈ ചരിത്രം പരിചയപ്പെടാനും പുതിയ അിറവ് നേടാനും സിനിമാ മേഖലയെ കുറിച്ച് സമഗ്രമായി പഠിക്കാനും ഉതകുന്നതായിരിക്കും ഈ സ്റ്റഡി സെന്റര്‍.

മിനി പ്രിവ്യൂ തിയേറ്ററുകള്‍, കോണ്‍ഫറന്‍സ് ഹാളുകള്‍, ലൈബ്രറി, ആര്‍ക്കൈവ്‌സ്, ഓഫീസ് മുറികള്‍, ഡോര്‍മെറ്ററി സംവിധാനങ്ങള്‍, ഗസ്റ്റ് മുറികള്‍, ഡൈനിംഗ് ഹാള്‍, കഫേറ്റീരിയ എന്നീ സൗകര്യങ്ങളാണ് ആദ്യഘട്ടത്തില്‍ അന്താരാഷ്ട്ര ഫിലിം സ്റ്റഡി റിസര്‍ച്ച് സെന്റര്‍ & ഡിജിറ്റല്‍ ആര്‍ക്കൈവ്‌സില്‍ ഒരുക്കുന്നത്. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണം നടത്തുന്നതിനുതകുന്ന തരത്തിലുള്ള ആധുനിക സംവിധാനങ്ങളോട് കൂടിയ ലൈബ്രറിയും ഡിജിറ്റല്‍ ആര്‍ക്കൈവ്‌സുമാണ് ലക്ഷ്യമിടുന്നത്. സ്ഥാപനം പ്രാവര്‍ത്തികമാകുന്നതോടെ വര്‍ക് ഷോപ്പുകള്‍, സെമിനാറുകള്‍, ക്യാമ്പുകള്‍ തുടങ്ങിയവ അന്തര്‍ദേശീയ നിലവാരത്തില്‍ സംഘടിപ്പിക്കാന്‍ സാധിക്കും. ഫിലിം സൊസൈറ്റികള്‍, സ്‌കൂളുകള്‍, കോളേജുകള്‍, എന്നിവരുമായി സഹകരിച്ചുകൊണ്ട് ചലച്ചിത്ര അക്കാദമി നടത്താറുള്ള സിനിമാ ആസ്വാദന ക്യാമ്പുകള്‍ക്ക് സ്ഥാപനം വേദിയാകും. ചലച്ചിത്ര അക്കാദമിയുടെ വിവിധ പരിപാടികളുമായി ബന്ധപ്പെട്ടുള്ള പ്രിവ്യൂ മിനി തിയേറ്ററുകളില്‍ നടത്താന്‍ സാധിക്കും.

സംസ്ഥാന സിനിമാ അവാര്‍ഡുമായി ബന്ധപ്പെട്ടുള്ള സ്‌ക്രീംനിംഗ് വാടക നല്‍കിയാണ് ഇതുവരെ നടത്തിവന്നത്. സ്ഥാപനം യാഥാര്‍ത്ഥ്യമാകുന്നതോട് കൂടി ഇത്തരം സ്‌ക്രീനിംഗ് സുഗമമായി നടത്തുന്നതിനും സാധിക്കും. അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് സ്ഥിരം വേദി യാഥാര്‍ത്ഥ്യമാകുന്നതോട് കൂടി വിവിധ മേളകള്‍ക്ക് ഈ സ്റ്റഡി സെന്ററും വേദിയാകുന്നതായിരിക്കും

മലയാള സിനിമയുടെ നവീകരണമാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യം. സിനിമയെകുറിച്ചുള്ള പഠനത്തിനും ഗവേഷണത്തിനും കേരളത്തില്‍ മറ്റ് സംവിധാനങ്ങളൊന്നും നിലവില്ലില്ല. സെന്ററിന്റെ പ്രവര്‍ത്തനവും ആര്‍ക്കൈവ്‌സും സിനിമാ മേഖലയുടെ വികസനത്തിന് വലിയ മുതല്‍ക്കൂട്ടാകും. നമ്മുടെ സിനിമാ മേഖലയും ചലച്ചിത്ര അക്കാദമിയും ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്നതിനും ഈ സ്ഥാപനം വഴിയൊരുക്കും.

ചലച്ചിത്ര അക്കാദമി 2005 ല്‍ ഏറ്റെടുത്ത വ്യവസായ വകുപ്പിന് കീഴിലുള്ള കഴക്കൂട്ടം കിന്‍ഫ്ര ഫിലിം & വീഡിയോ പാര്‍ക്കില്‍ രണ്ട് ഏക്കര്‍ സ്ഥലത്താണ് അന്താരാഷ്ട്ര ഫിലിം സ്റ്റഡി റിസര്‍ച്ച് സെന്റര്‍ & ഡിജിറ്റല്‍ ആര്‍ക്കൈവ്‌സ് സ്ഥാപിക്കുന്നത്. പ്രകൃതിക്കിണങ്ങുന്ന രീതിയില്‍ കുറഞ്ഞ ചിലവില്‍ പാര്‍പ്പിട നിര്‍മ്മാണം നടത്തി പ്രശസ്തനായ ആര്‍ക്കിടെക്റ്റ് ശ്രീ. ജി ശങ്കറിന്റെ നേതൃത്വത്തില്‍ ഹാബിറ്റാറ്റ് ആണ് നിര്‍മ്മാണപ്രവര്‍ത്തനം നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here