‘ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഇത് സംഭവിക്കാം, പൊലീസിന്റേത് പ്രതികളെ സംരക്ഷിക്കുന്ന നിലപാട്’: കുപ്രചരണങ്ങള്‍ക്ക് സൂരജിന്റെ മറുപടി

ചെന്നൈ: തനിക്ക് നേരെ നടക്കുന്ന കുപ്രചരണങ്ങള്‍ക്ക് മറുപടിയുമായി ബീഫ് ഫെസ്റ്റില്‍ പങ്കെടുത്തതിന് മര്‍ദ്ദനമേറ്റ മലയാളി വിദ്യാര്‍ത്ഥി സൂരജ്. ജസ്റ്റിസ് ഫോര്‍ സൂരജ് എന്ന ഫേസ്ബുക്ക് പേജിലാണ് സൂരജിന്റെ വിശദീകരണം.

ബീഫ് കഴിക്കാറുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്ന മറുപടി നല്‍കിയതിന് പിന്നാലെ ബീഹാര്‍ സ്വദേശിയായ മനീഷ് എന്ന വിദ്യാര്‍ഥിയും കൂട്ടുകാരും ചേര്‍ന്ന് തന്നെ ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് സൂരജ് വീഡിയോയില്‍ പറയുന്നു.

‘മെസില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ മനീഷ് എന്നയാള്‍ എന്റെ അടുത്തു വന്നിരുന്നു പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്തു ബീഫ് കഴിക്കുമോ എന്ന് ചോദിച്ചു. എനിക്കയാളെ മുന്‍ പരിചയം ഇല്ലായിരുന്നു. കഴിക്കുമെന്ന് മറുപടി നല്‍കി. ഉടന്‍ മനീഷ് പിന്നില്‍ നിന്നും തലയ്ക്ക് അടിക്കുകയായിരുന്നു. എന്റെ നിയന്ത്രണം നഷ്ടമായി. തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ മുടിക്ക് പിടിച്ച് കുനിച്ച് നിര്‍ത്തി തലയ്ക്ക് തലങ്ങും വിലങ്ങും അടിച്ചു. ആ അടിയിലാണ് കണ്ണിനും മൂക്കിനുമെല്ലാം പരുക്കേറ്റത്. കവിളെല്ലിന് പൊട്ടലുണ്ട്.’-സൂരജ് പറയുന്നു.

‘ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. അക്രമികളെ സഹായിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഇത് സംഭവിക്കാം. സംഭവത്തില്‍ ഐഐടി അധികൃതര്‍ പോലും തന്നെ പിന്തുണച്ചില്ല.സൂരജ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News