ചെന്നൈ സില്‍ക്‌സിന്റെ കെട്ടിടം ഇടിച്ചുനിരത്തുന്നത് തുടരുന്നു; സമീപത്തെ നൂറുമീറ്റര്‍ ചുറ്റളവ് അപകടമേഖലയായി പ്രഖ്യാപിച്ചു

ചെന്നൈ: വന്‍ അഗ്നിബാധയുണ്ടായ ചെന്നൈ സില്‍ക്‌സിന്റെ ബഹുനില കെട്ടിടം ഇടിച്ചുനിരത്തുന്ന നടപടികള്‍ തുടരുന്നു. ടി.നഗറിലെ കെട്ടിടമാണ് കോര്‍പ്പറേഷന്‍ അധികൃതരുടെ നേതൃത്വത്തില്‍ പൊളിച്ച് നീക്കുന്നത്. കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയാണ് കെട്ടിടം പൊളിച്ചുനീക്കുന്നത്.

കഴിഞ്ഞദിവസമുണ്ടായ അഗ്‌നിബാധയില്‍ കെട്ടിടത്തിന്റെ ചുമരുകള്‍ക്ക് വിള്ളലുകള്‍ വീണിരുന്നു. ഏഴു നിലയുള്ള കെട്ടിടത്തിന് ബലക്ഷയമുണ്ടായെന്ന വിദഗ്ദരുടെ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. അണ്ണാ യൂണിവേഴ്‌സിറ്റിയിലെയും മദ്രാസ് ഐഐടിയിലെയും പ്രൊഫസര്‍മാരെത്തി കെട്ടിടം പരിശോധിച്ച് ബലക്ഷയമുണ്ടെന്ന് അറിയിച്ചു. മറ്റു ഭാഗങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞുവീഴാറായ നിലയിലാണെന്നും ഉദ്യോഗസ്ഥര്‍ വിലയിരുത്തി. തുടര്‍ന്നാണ് പൊളിച്ച് നീക്കല്‍ ജോലികള്‍ അധികൃതര്‍ ആരംഭിച്ചത്.

കെട്ടിടം തകര്‍ക്കുന്നതിലൂടെ സംസ്ഥാന സര്‍ക്കാറിന് ചെലവാകുന്ന പണം ചെന്നൈ സില്‍ക്‌സില്‍നിന്ന് ഈടാക്കുമെന്ന് ധനകാര്യമന്ത്രി ഡി. ജയകുമാര്‍ അറിയിച്ചു.

അതേസമയം, കെട്ടിടം സ്ഥിതി ചെയ്യുന്ന നൂറുമീറ്റര്‍ ചുറ്റളവ് അപകടമേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്. സമീപത്തെ ഉസ്മാന്‍ റോഡ്, പോണ്ടി ബസാര്‍ ഭാഗങ്ങളിലെ നൂറോളം കടകളും ഷോപ്പിംഗ് മാളുകളും അടച്ചിരിക്കുകയാണ്. പ്രദേശത്ത് നിന്ന് ജനങ്ങളെയും വാഹനഗതാഗതവും നിരോധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News