കശാപ്പ് നിരോധനം പാര്‍ലമെന്റില്‍ കേരളം ചോദ്യം ചെയ്യും; കേരളം പിടിക്കാന്‍ നടക്കുന്നവര്‍ക്ക് ഇപ്പോള്‍ മറുപടിയില്ലെന്നും കോടിയേരി

തിരുവനന്തപുരം: കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്ര നിയമം പാര്‍ലമെന്റില്‍ ചോദ്യം ചെയ്യുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനങ്ങളുടെ ഭക്ഷണ അവകാശം സംരക്ഷിക്കാന്‍ സിപിഐഎം പ്രചരണം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കശാപ്പ് നിരോധന വിഷയത്തില്‍ കോണ്‍ഗ്രസിന് പ്രതികരിക്കാന്‍ പോലും ആകുന്നില്ലെന്നും കോടിയേരി ചൂണ്ടികാട്ടി.
കേരളത്തില്‍ ബിജെപിക്കെതിരെ പ്രതികരിക്കുന്ന എകെ ആന്റണി രാജസ്ഥാനിലും മധ്യപ്രദേശിലും ഇതുപോലെ പറയാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കശാപ്പുനിരോധന നിയമം വഴി സംസ്ഥാനത്തിന്റെ അധികാരങ്ങളിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ കടന്നുകയറുകയാണ്. ബിജെപി സര്‍ക്കാരിന്റെ നടപടി ദുരുദ്ദേശപരമാണ്. കോര്‍പ്പറേറ്റുകളെയും ബഹുരാഷ്ട്ര കുത്തകകളെയും സഹായിക്കാനാണ് സാധാരണ കര്‍ഷകര്‍ക്കെതിരെ കേന്ദ്രം നിലപാടെടുക്കുന്നത്.

പശുവിനെ മാതാവായി കാണാന്‍ എത്ര ആര്‍എസ്എസുകാര്‍ തയ്യാറാവും. കറവ വറ്റിയ പശുവിനെ സംരക്ഷിക്കുമോ തുടങ്ങിയ ചോദ്യങ്ങളും കോടിയേരി ഉന്നയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം പിടിക്കാന്‍ അമിത് ഷായും കുമ്മനവും ഹെലികോപ്റ്ററില്‍ പറന്നുനടക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കുമെന്ന് പറഞ്ഞ അമിത് ഷാ ഒരുവര്‍ഷത്തിന് ശേഷമാണ് കേരളത്തില്‍ എത്തുന്നത്. കശാപ്പ് നിരോധനത്തില്‍ ജനങ്ങളോട് വിശദീകരിക്കാന്‍ ബിജെപി നേതാക്കള്‍ പാടുപെടുകയാണ്.

കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്ന് ശേഖരിച്ച 1,200 കോടി രൂപ ബിജെപിയും ആര്‍എസ്എസും കേരളത്തില്‍ ഒഴുക്കുകയാണെന്നും കോടിയേരി പറഞ്ഞു. സിപിഐഎം പാളയം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണയിലായിരുന്നു കോടിയേരി കോണ്‍ഗ്രസിനെയും ബിജെപിയെയും വിമര്‍ശിച്ചത്. എന്റെ ഭക്ഷണം എന്റെ അവകാശം എന്ന പേരിലാണ് സിപിഐഎം പ്രചരണ പരിപാടികള്‍ സംഘടിപ്പിച്ചത്. കശാപ്പു നിരോധനത്തിനെതിരെയും ഭക്ഷണ സ്വാതന്ത്ര്യവുമുയര്‍ത്തിയായിരുന്നു പ്രതിഷേധ ധര്‍ണ്ണ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News