സ്വപ്‌നകിരീടത്തില്‍ മുത്തമിടാന്‍; റയല്‍മാഡ്രിഡ്-യുവന്റസ് പോരാട്ട രാവിന് മണിക്കൂറുകള്‍ മാത്രം

വെയില്‍സ്: കാല്‍പന്തുലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കിരീടങ്ങളിലൊന്നായ ചാമ്പ്യന്‍സ് ലീഗിനായി ഇന്ന് പോരാട്ടങ്ങളുടെ പോരാട്ടം. നിലവിലെ ചാമ്പ്യന്‍മാരായ റയല്‍മാഡ്രിഡ് കിരീടം നിലനിര്‍ത്താനിറങ്ങുമ്പോള്‍ ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസ് സ്വപ്‌നകിരീടം സ്വന്തമാക്കാനാണ് കച്ചകെട്ടുന്നത്. ആധുനിക ഫുട്്‌ബോളിലെ കരുത്തരായ റയലും യുവന്റസും ഏറ്റുമുട്ടുമ്പോള്‍ വെയില്‍സിലെ കാര്‍ഡിഫ് സ്റ്റേഡിയത്തിനൊപ്പം ആരാധക ഹൃദയങ്ങളിലും തീപിടിക്കും.

തുടര്‍ച്ചയായി 2 തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുന്ന ടീമെന്ന ചരിത്രമാണ് സിനദിന്‍ സിദാനും സംഘവും ലക്ഷ്യമിടുന്നത്. ലോക ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോയ്ക്കാകട്ടെ ഒരിക്കല്‍ കൂടി ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിടുന്നതിനൊപ്പം ബാലണ്‍ ഡിയോര്‍ കൂടി ലക്ഷ്യമിടുന്നു. കരുത്തുറ്റ താരനിര തന്നെയാണ് റയലിന്റെ കരുത്ത്. വമ്പന്‍ മത്സരങ്ങളില്‍ ഗോള്‍ മഴ തീര്‍ക്കുന്ന ക്രിസ്റ്റിയാനോയുടെ ബൂട്ടുകള്‍ ഇക്കുറിയും അത്ഭുതം കാട്ടുമെന്നാണ് റയല്‍ ആരാധകരുടെ പ്രതീക്ഷ.

ഗാരത് ബെയ്‌ലും കരീംബെന്‍സേമയും റോഡ്രിഗസുമെല്ലാം തകര്‍പ്പന്‍ ഫോമില്‍ തന്നെ. ഒപ്പം പുതിയ പ്രതിഭാസം ഇസ്‌കോയും അവസാന നിമിഷങ്ങളില്‍ അത്ഭുതം കാട്ടുന്ന നായകന്‍ സെര്‍ജിയോ റാമോസും ചരിത്രം കുറിക്കാന്‍ ശേഷിയുള്ളവരാണ്. ആദ്യ ഇലവനില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തുമെന്നതുമാത്രമാണ് സിദാന്റെ ആശങ്ക.

അതേ സമയം മറുവശത്ത് പരമ്പരാഗതമായ പ്രതിരോധകരുത്തും ഗോള്‍വലയ്ക്ക് മുന്നിലെ ബഫണെന്ന ഇതിഹാസവുമാണ് യുവന്റസിന്റെ യഥാര്‍ത്ഥ ശക്തി. ചാമ്പ്യന്‍സ് ലീഗില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് ഇറ്റാലിയന്‍ ചാമ്പ്യന്‍മാര്‍ കലാശപ്പോരിന് ബൂട്ടികെട്ടുന്നത്. ബി ബി സി യെന്നറിയപ്പെടുന്ന പ്രതിരോധക്കോട്ടയ്ക്ക് മുന്നില്‍ ക്രിസ്റ്റിയാനോയടക്കമുള്ള റയലിന്റെ താരപ്പട നിഷ്പ്രഭമാകുമെന്നാണ് ആരാധകരുടെ സ്വപ്‌നം. ജോര്‍ജ്ജിയോ ചില്ലിനിയും ബൊനൂച്ചിയും നേതൃത്വം നല്‍കുന്ന യുവന്റസിന്റെ പ്രതിരോധക്കോട്ട തകര്‍ക്കുക റയലിന് എളുപ്പമാകില്ല.

മെസിക്ക് ശേഷം അര്‍ജന്റീനയുടെ അത്ഭുതമായി മാറുന്ന ഡിബാലയുടെ ബൂട്ടുകള്‍ അത്ഭുതം കാട്ടുമെന്ന് പ്രതീക്ഷിക്കുന്നവരും കുറവല്ല. ഹിഗൈ്വന്റെ പിന്തുണകൂടിയാകുന്നതോടെ റയല്‍ പ്രതിരോധം വിയര്‍ക്കുമെന്നുറപ്പ്.

എന്തായാലും യുറോപ്പിലെ പോരാട്ട രാവ് കളിമികവ് കൊണ്ട് അവിസ്മരണീയമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. ഇന്ത്യന്‍ സമയം രാത്രി 12.15നാണ് മത്സരം ആരംഭിക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News