ഉത്തരമുണ്ടോ യോഗിക്ക്; മുഖ്യമന്ത്രിയുടെ മനസ്സ് കഴുകി വൃത്തിയാക്കാനായി ദളിതരുടെ 16 മീറ്റര്‍ നീളമുള്ള സോപ്പ്; നാണം കെട്ട് യോഗി

ലക്‌നൗ: യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ദളിതര്‍ക്ക് വൃത്തിയാകാന്‍ സോപ്പും ഷാമ്പുവും നല്‍കിയത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വാര്‍ത്തായിരുന്നു. യോഗിയുടെയും സര്‍ക്കാരിന്റെയും നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ബി ജെ പി മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ചുട്ട മറുപടിയുമായി ദളിതര്‍ തന്നെ രംഗത്തെത്തി.

ജനങ്ങളെ വേര്‍തിരിച്ച് കാണുന്ന മുഖ്യമന്ത്രി യോഗിയുടെ വൃത്തികെട്ട മനസ്സിന്റെ നാറ്റം മാറാനായി 16 മീറ്റര്‍ നീളമുള്ള സോപ്പ് നിര്‍മ്മിച്ച് അയച്ചു കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണവര്‍. ദളിതരെ കാണുന്നതിനു മുമ്പായി സ്വയം വൃത്തിയാകാനാണ് മുഖ്യമന്ത്രിയ്ക്ക് സോപ്പ് അയച്ചു കൊടുക്കുന്നതെന്ന് ഡോ.അംബേദ്കര്‍ വചന്‍ പ്രതിബന്ധ് എന്ന സംഘടന വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ നിലപാടുകള്‍ അദ്ദേഹത്തിനുള്ളിലെ ജാതിചിന്തയെ വിളിച്ചോതുന്നുണ്ടെന്നും അതിനാല്‍ ശുദ്ധീകരിക്കേണ്ടത് യോഗിയുടെ മനസിനെയാണെന്നും സംഘടന പറയുന്നു. ദളിത് അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന നവ്‌സര്‍ജന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകരായ കീറിത്ത് റാത്തോഡും കാന്തിലാല്‍ പര്‍മാറുമാണ് പുതിയ സംഘടനയുടെ നേതാക്കള്‍.

ഈ മാസം ഒമ്പതാം തിയ്യതി അഹമ്മദാബാദില്‍ നടക്കുന്ന പൊതുയോഗത്തില്‍ വെച്ച് സോപ്പ് പ്രദര്‍ശിപ്പിച്ച ശേഷമായിരിക്കും മുഖ്യമന്ത്രിയ്ക്കായി അയച്ചു കൊടുക്കുക. ബി ജെ പി സര്‍ക്കാര്‍ ജനങ്ങളെ വേര്‍തിരിക്കുന്നത് പൊതുസമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here