ആദിവാസികളുടെ വിദ്യാഭ്യാസവും തൊഴിലും ശരിയാക്കും; പദ്ധതികള്‍ നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ആദിവാസി ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസവും തൊഴില്‍പരവുമായ ഉന്നമനത്തിനായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ഗോത്രബന്ധു/ഗോത്രജീവിക പദ്ധതികള്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആദിവാസികളുടെ ജീവിതത്തിന് പുതിയ വെളിച്ചം നല്‍കുന്ന പദ്ധതിയെക്കുറിച്ച് മന്ത്രി എ കെ ബാലന്‍ വിശദമാക്കിയിട്ടുണ്ട്.

അഭിമാനത്തോടെ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ മറ്റൊരു ചരിത്രനിയോഗത്തിന് കൂടി കേരളം സാക്ഷിയാവുകയാണ്. ജൂണ്‍ നാലിന് വയനാട് കല്‍പറ്റയിലെ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ വെച്ച് വൈകിട്ട് നാലിന് ആദിവാസി ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസവും തൊഴില്‍പരവുമായ ഉന്നമനത്തിനായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതികള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി ബാലന്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
നിരവധി പദ്ധതികള്‍ നിലവിലുണ്ടെങ്കിലും ആദിവാസി മേഖലയിലെ കുട്ടികള്‍ ഭൂരിഭാഗവും പഠനം ഇടയ്ക്കുവെച്ച് നിര്‍ത്തിപോവുന്ന സ്ഥിതിയാണുള്ളത്. ഊരിലെ സാഹചര്യങ്ങള്‍, ദുര്‍ഘടമായ കാനനപാത, വന്യമൃഗങ്ങളുടെ ആക്രമണം തുടങ്ങിയവയോടൊപ്പം കുട്ടികള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നം അവരുടെ മാതൃഭാഷ സ്‌കൂളുകളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുന്നു എന്നുള്ളതാണ്. അവരുടെ ഭാഷയില്‍ അവര്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നേടാന്‍ കഴിയുന്നില്ല. ഇത് അവരില്‍ സൃഷ്ടിക്കുന്ന അന്യതാബോധം അവരെ സ്‌കൂളില്‍ നിന്നും പിന്നോട്ടടിപ്പിക്കുന്നു. ഇതിന് പരിഹാരമായി ആവഷ്‌ക്കരിച്ചിട്ടുള്ള പദ്ധതിയാണ് ഗോത്രബന്ധു. അവരുടെ ഭാഷയില്‍ അവരോട് ആശയവിനിമയം നടത്താന്‍ അവരുടെ ഇടയില്‍ നിന്നും തന്നെ അദ്ധ്യാപകര്‍ സ്‌കൂളിലുണ്ടാകുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകതയെന്നും മന്ത്രി വിവരിച്ചു.
ആദിവാസി വിഭാഗത്തില്‍പ്പെട്ട ടി.ടി.സി,. ബി.എഡ്, ബിരുദം തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ള ആദിവാസി യുവതീയുവാക്കളെ കണ്ടെത്തി ആദിവാസി മേഖലയിലെ സ്‌കൂളുകളില്‍ ഗോത്രഭാഷാ പഠന സഹായ അദ്ധ്യാപകരായി നിയമിക്കും. ഇതിലൂടെ രണ്ട് കാര്യങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിദ്യാസമ്പന്നരായ ആദിവാസി യുവതീയുവാക്കള്‍ക്ക് തൊഴില്‍ നല്‍കുക എന്നത് ഒന്നാമത്തെ കാര്യമാണെന്നും ആദിവാസി കുട്ടികളുടെ സ്‌കൂളുകളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയുകയാണ് സര്‍ക്കാരിന്റെ രണ്ടാമത്തെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
വയനാട് ജില്ലയിലാണ് ഈ പദ്ധതി ആദ്യം നടപ്പാക്കുന്നത്. 241 സര്‍ക്കാര്‍ എയ്ഡഡ് സൂകൂളുകളിലായി 241 പേരെയാണ് അദ്ധ്യാപകരായി ആദ്യം നിയമിക്കുന്നത്. ജില്ലയിലെ പിന്നോക്ക ഗോത്ര വിഭാഗങ്ങളായ അടിയര്‍, പണിയര്‍, ഊരാളി, കാട്ടുനായ്ക്കര്‍ വിഭാഗങ്ങളില്‍ നിന്നും ഒന്നുമുതല്‍ നാലുവരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനമാണ് പദ്ധതി വിഭാവന ചെയ്യുന്നത്. ഈ വര്‍ഷം ഒന്നാംതരത്തിലെത്തുന്ന കുട്ടികളെ കേന്ദ്രീകരിച്ചായിരിക്കും പദ്ധതി തുടങ്ങുക.

പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ആളുകളുടെ തൊഴില്‍ തല്പരത വര്‍ദ്ധിപ്പിക്കുന്നതിന് പരിശീലനം നല്‍കുകയും നിലവിലുള്ള തൊഴില്‍ വിപണിയിലെ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് പ്രാപ്തരാക്കുകയും സംരംഭകത്വം വിജയിപ്പിക്കുകയും ചെയ്യുന്നതിന് സഹായിക്കുക എന്ന ലക്ഷ്യത്തോടെ പട്ടികവര്‍ഗ്ഗ വികസന വകുപ്പും സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതിയാണ് ഗോത്രജീവിക. ഇതിനായി 3.3 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഈ വര്‍ഷം 1140 പേര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്താനാണ് ലക്ഷ്യമിടുന്നത്.

ഗോത്രവര്‍ഗ്ഗ കുടുംബങ്ങളുടെ സുസ്ഥിര വികസനത്തിന് കുടുംശ്രീ മുഖേന ആവിഷ്‌ക്കരിച്ചതാണ് ഉദ്ഘാടനം ചെയ്യുന്ന മൂന്നാമത്തെ പദ്ധതി. കുടുംബശ്രീ മാതൃകയിലുള്ള സമഗ്ര വികസന പദ്ധതിയാണിത്. മുഴുവന്‍ ഗോത്രവര്‍ഗ്ഗ കുടുംബങ്ങളെയും ഉള്‍പ്പെടുത്തി അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കും. പതിനായിരം രൂപ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കോര്‍പ്പസ് ഫണ്ടില്‍ നിന്നും ഓരോ അയല്‍ക്കൂട്ടത്തിനും നല്‍കും.

വിദ്യാഭ്യാസം, തൊഴില്‍പരിശീലനം, വനവിഭവ ശേഖരണം, അതിന്റെ വിപണനം, സംഘകൃഷി തുടങ്ങി ഗോത്രവിഭാഗം കുടുംബങ്ങളുടെ സുസ്ഥിര വികസനത്തിന് ഉതകുന്ന പദ്ധതികള്‍ ഈ അയല്‍ക്കൂട്ടങ്ങളുടെ സഹായത്തോടെ ആവിഷ്‌ക്കരിക്കും. ഊര്മൂപ്പന്‍മാരെകൂടി പദ്ധതികളില്‍ പങ്കാളികളാക്കും. വിദ്യാഭ്യാസ മേഖലയിലെ കൊഴിഞ്ഞുപോക്ക്, കുടുംബബന്ധങ്ങള്‍, ശൈശവവിവാഹം, മദ്യപാനം തുടങ്ങിയ സാമൂഹിക പ്രശ്‌നങ്ങളെ അതിജീവിക്കുന്നതിനുള്ള പരിശീലനവും കുടുംബശ്രീ മുഖേന നല്‍കും. ആദിവാസി മേഖലയിലെ പാരമ്പര്യ കരകൗശല ഉല്‍പ്പന്നങ്ങളെയും പാരമ്പര്യ ഭക്ഷണത്തെയും പ്രോത്സാഹിപ്പിക്കുന്നതിന് വിപണന മേളകള്‍ സംഘടിപ്പിക്കുന്നതിനും കുടുംബശ്രീ വഴി നടപടി സ്വീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News