കശാപ്പ് വിഷയത്തില്‍ മൗനം പാലിച്ച് അമിത് ഷാ; ചോദ്യങ്ങളെ ഭയന്ന് വാര്‍ത്താ സമ്മേളനവും റദ്ദാക്കി

സമകാലിക രാഷ്ട്രീയ വിഷയങ്ങളില്‍ മൗനം പാലിച്ച് ബിജെപി ദേശീയ അധ്യക്ഷന്റെ കേരള സന്ദര്‍ശനം. കശാപ്പ് നിരോധനം, മതന്യൂനപക്ഷങ്ങള്‍ക്കെതിരായ നിലപാട് തുടങ്ങിയവയില്‍ ചോദ്യങ്ങള്‍ ഉണ്ടാകുമെന്ന് പേടിച്ച് അമിത് ഷായുടെ തിരുവനന്തപുരത്തെ വാര്‍ത്താ സമ്മേളനവും റദ്ദാക്കി. ബിജെപി സംസ്ഥാന ഘടകത്തിലെ ചേരിപ്പോരിലും പരസ്പര അഴിമതി ആരോപണത്തിലും വിശദീകരണം നല്‍കാന്‍ അമിത് ഷായ്ക്ക് താല്‍പര്യമില്ലാത്തതും വാര്‍ത്താ സമ്മേളനം റദ്ദാക്കാന്‍ കാരണമായി.
രാജ്യം ചര്‍ച്ച ചെയ്യുന്ന കശാപ്പ് നിരോധനം അടക്കമുള്ള വിഷയങ്ങളില്‍ മൂന്നുദിവസത്തെ കേരള സന്ദര്‍ശനത്തിനിടെ ഒരു വാക്കുപോലും അമിത് ഷാ പ്രതികരിച്ചിട്ടില്ല. കേരള സന്ദര്‍ശനത്തിന്റെ അവസാന ദിനത്തില്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് അറിയിപ്പ് ലഭിച്ചിരുന്നു.

വാര്‍ത്താ സമ്മേളനത്തിനിടെ കശാപ്പ് നിരോധനം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിക്കുമെന്ന് ഉറപ്പായിരുന്നു. ഇതാണ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതില്‍ നിന്ന് ബിജെപി അധ്യക്ഷന്‍ അവസാന നിമിഷം പിന്മാറാന്‍ കാരണം.

കേരളത്തിലെ ജനങ്ങളെ സംബന്ധിച്ച് ബീഫ് ഭക്ഷണക്രമത്തിന്റെ ഭാഗമാണ്. ഇതില്‍ കൈവയ്ക്കാനുള്ള കേന്ദ്ര നീക്കം മതന്യൂനപക്ഷങ്ങളെ കൂടുതല്‍ പ്രതിഷേധത്തിന്റെ വഴിയിലെത്തിച്ചു. മതന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താനുള്ള നീക്കത്തിനിടെ ബീഫ് വിഷയം പരാമര്‍ശിച്ച് പ്രതിരോധത്തിലാകേണ്ടതില്ലെന്നും അമിത് ഷാ നിലപാടെടുത്തു. ഏറ്റവും അധികം പ്രതിഷേധം ഉയര്‍ന്ന കേരളത്തില്‍ നിന്ന് ഇതിലൂന്നിയുള്ള ചോദ്യം സ്വാഭാവികമായും ഉയരുമെന്നും ബിജെപി ഭയക്കുന്നു.

സംസ്ഥാന ഘടകത്തിലെ രൂക്ഷമായ വിഭാഗീയത ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ബാധിച്ചു. ഇരുവിഭാഗങ്ങളും പരസ്പരം അഴിമതി ആരോപണം ഉന്നയിക്കുകയും കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കുകയും ചെയ്തു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ അമിത് ഷായ്ക്ക് താല്‍പര്യമില്ല. അഴിമതിക്കാര്യത്തില്‍ ചോദ്യമുയര്‍ന്നാല്‍ അമിത് ഷാ നല്‍കുന്ന മറുപടി സംസ്ഥാന നേതൃത്വത്തെയും പ്രതിസന്ധിയിലാക്കും.

കശാപ്പ് നിരോധനം നിലനില്‍ക്കെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ബിജെപി നീക്കം വേണ്ടത്ര ഫലം കണ്ടിട്ടുമില്ല. ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാര്‍ ഉന്നയിച്ച സുരക്ഷ അടക്കമുള്ള വിഷയങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്നാണ് ആകെ നല്‍കിയ മറുപടി. രാഷ്ട്രീയ വിഷയങ്ങളില്‍ ബിജെപി അധ്യക്ഷന്‍ എന്ന നിലയില്‍ ഒരു ഉറപ്പും അമിത് ഷാ നല്‍കിയില്ല. ഈ സാഹചര്യത്തില്‍ ക്രിസ്ത്യന്‍ സഭാ അധ്യക്ഷന്മാര്‍ക്കിടയില്‍ വേണ്ടത്ര മതിപ്പ് നേടാനും അമിത് ഷായ്ക്ക് കഴിഞ്ഞില്ല.

മതമേലധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ച പരാജയമായ സ്ഥിതിക്ക് ഇതിലും വിശദീകരണം നല്‍കാന്‍ ബിജെപി മടിക്കുകയാണ്. ഇത്തരം വിവാദവിഷയങ്ങള്‍ അനവധിയുള്ള സാഹചര്യത്തിലാണ് അമിത് ഷായുടെ തിരുവനന്തപുരത്തെ വാര്‍ത്താ സമ്മേളനം ബിജെപി നേതൃത്വം റദ്ദാക്കിയത്. അമിത് ഷായുടെ വാര്‍ത്താ സമ്മേളനം റദ്ദാക്കിയതിന് പ്രത്യേക കാരണവും ബിജെപിയുടെ മാധ്യമ വിഭാഗം നല്‍കിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News