ലോകത്തെ ചുട്ടുകൊല്ലാനുറപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്; ട്രംപ്പിസത്തിന്റെ കുഴലൂത്തുകാരനായി മോദി

ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഭീകരവാദമോ ആണവായുധ ശേഖരമോ അല്ല. ഏറ്റവും വലിയ ഭീഷണി കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവുമാണ്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ഒരുവര്‍ഷം ലോകത്ത് ശരാശരി 1.26 കോടി പേരാണ്

പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ദുരിതങ്ങളും രോഗങ്ങളും മൂലം മരിക്കുന്നത്. ആകെ മരണമടയുന്നവരിലെ നാലിലൊന്ന്പേര്‍.

ഈ നൂറ്റാണ്ടിനെ അവസാനത്തോടെ ആഗോളതാപനത്തിലുണ്ടാവുന്ന വര്‍ധന 2 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായി നിജപ്പെടുത്തുമെന്നതായിരുന്നു പാരിസ് കാലാവസ്ഥാ ഉച്ചകോടി കൈക്കൊണ്ട നിര്‍ണ്ണായക തീരുമാനം. ലക്ഷ്യം നിറവേറ്റുന്നതിനായി എല്ലാ രാജ്യങ്ങളും അവരുടേതായ ലക്ഷ്യപദ്ധതികള്‍ മുന്നോട്ടുവെച്ചു. അമേരിക്ക പുറന്തളളുന്ന ഹരിതഗൃഹവാതകങ്ങളുടെ അളവ് 2025ഓടെ 2005ലെ തോതില്‍ നിന്ന് 26%-28% വരെ കുറയ്ക്കുമെന്നാണ് പാരിസ് കാലാവസ്ഥാ ഉടമ്പടി അംഗീകരിച്ചുകൊണ്ട് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ലോകത്തിന് ഉറപ്പ് നല്കിയിരുന്നത്. ഈ ഉറപ്പില്‍ നിന്ന് പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍മാറിയതോടെ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ രാജ്യാന്തര തലത്തില്‍ താപനില 0.30 ഡിഗ്രി വരെ ഉയരുമെന്ന് ലോക കാലാവസ്ഥാ സംഘടന ചൂണ്ടിക്കാട്ടുന്നു.

  • കാലാവസ്ഥാ വ്യതിയാനവും ഭീകരവാദവും

കാലാവസ്ഥാ വ്യതിയാനം ഒരു പ്രശ്‌നമേ അല്ല, ഭീകരവാദമാണ് ലോകത്തെ ഏറ്റവും വലിയ പ്രശ്‌നമെന്ന പ്രതീതി സൃഷ്ടിക്കാനാണ് ട്രംപും സംഘവും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

2015 ഡിസംബറില്‍ പാരിസില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ച ഒരു അനുബന്ധപരിപാടിയില്‍ സംസാരിക്കവെ യുഎന്‍ഇസിഎയുടെ (യുണൈറ്റഡ് നേഷന്‍സ് ഇക്കണോമിക്ക് കമ്മീഷന്‍ ഫോര്‍ ആഫ്രിക്ക) ആഫ്രിക്കന്‍ സ്‌പെഷല്‍ ഇനീഷ്യേറ്റീവ് ഡയറക്ടര്‍ ഡോക്ടര്‍ ഫാത്തിമ്മാ ടാണ്ടന്‍ ആഫ്രിക്കയിലെ പല സംഘര്‍ഷങ്ങളുടേയും അടിസ്ഥാന കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് ചൂണ്ടികാണിച്ചിരുന്നു. ‘ഭീകരവാദം അവസാനിപ്പിക്കണമെങ്കില്‍ ആദ്യം ആഗോള താപനം തടയൂ. പരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍ എല്ലാ സമൂഹങ്ങളിലും അസ്വാരസ്യങ്ങള്‍ ഉണ്ടാക്കും. ആഫ്രിക്കയിലെ പലരാജ്യങ്ങളിലും ഇതിന്റെ രൂപം ഭീകരവാദമാണ്’.

മറ്റ് സംഘടിത ഗ്രൂപ്പുകളേക്കാള്‍ മുന്നൊരുക്കത്തോടെയാണ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ പാരിസ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയത്. 54 ആഫ്രിക്കന്‍ രാജ്യങ്ങളുടേയും പ്രതിനിധികള്‍ പ്രത്യേകം യോഗം ചേര്‍ന്ന് ആഫ്രിക്കയുടെ പൊതു ആവശ്യങ്ങള്‍ തയ്യാറാക്കി. പരിസ്ഥിതി, ഭീകരവാദം, കുടിയേറ്റം എന്നിവ പരസ്പരപൂരകങ്ങളാണെന്ന് അവര്‍ ഒത്തൊരുമിച്ച് ഉച്ചകോടിയില്‍ അവതരിപ്പിച്ചു.പരിസ്ഥിതി സംര്ക്ഷിക്കാതെ ഭീകരവാദം അവസാനിപ്പിക്കാനാവില്ലെന്ന സിദ്ധാന്തത്തിന് പൊതുസ്വീകാര്യത ലഭിച്ചു. പാരിസ് കരാറില്‍ ഇതുസംമ്പന്ധിച്ച് പരാമര്‍ശം വേണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ അമേരിക്കയും യൂറോപ്പ്യന്‍ യൂണിയനും എതിപ്പുമായി എഴുന്നേറ്റു. പ്രശ്‌നം സാമ്പത്തികം തന്നെ.

ആഫ്രിക്കയിലെ പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ കാരണം തേടിപ്പോയാല്‍ എത്തുന്നത് ആഗോളതാപനം എന്ന പ്രതിഭാസത്തിലേയ്ക്ക് തന്നെയായിരുക്കും.ആരാണ് ആഗോളതാപനത്തിന് ഉത്തരവാദി? അന്തരീക്ഷത്തിലെ 70% ഹരിതഗൃഹവാതകങ്ങളുടേയും സൃഷ്ടാക്കള്‍ വികസിത രാജ്യങ്ങളാണ്. ഇവരുടെ നേതൃത്വമാകട്ടെ ട്രംപിനും.

  • പാരിസ് കരാര്‍ ഇനി ചാപിളള

ആഗോളതാപനം കുറയ്ക്കാന്‍ വികസിതരാജ്യങ്ങള്‍ക്ക് ചരിത്രപരമായ ഉത്തരവാദിത്തം ഉണ്ട്. വ്യവസായവല്‍ക്കരണം എന്നപേരില്‍ ലോകത്തെ മാലിന്യകൂമ്പാരമാക്കിയത് വികസിത രാജ്യങ്ങളാണ്. അതുകൊണ്ടുതന്നെ ആഗോളതാപനം ചെറുക്കുന്നതിനായി വികസ്വര, അവികസിത രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്കാന്‍ വികസിതരാജ്യങ്ങള്‍ തയ്യാറാവണമെന്ന് ഇന്ത്യയുല്‍പ്പെടെയുളള രാജ്യങ്ങള്‍ ഏറെകാലമായി ആവശ്യപ്പെട്ട് വരികയാണ്. ദൗത്യം ഏറ്റെടുക്കാന്‍തയ്യാറാണെന്ന് പല വികസിത രാജ്യങ്ങളും പാരിസില്‍ പ്രഖ്യാപനം നടത്തി. ഇതിനായി വികസിത രാജ്യങ്ങള്‍ എല്ലാവരും ചേര്‍ന്ന് വികസ്വര രാജ്യങ്ങള്‍ക്ക് വികസ്വര,അവികസിത രാജ്യങ്ങള്‍ക്ക് 2020 മുതല്‍ എല്ലാവര്‍ഷവും 7 ലക്ഷം കോടി രൂപ വീതം നല്കുമെന്നതായിരുന്നു അവരുടെ ഉറപ്പ്. എന്നാല്‍ പ്രഖ്യാപനം നിയമ പ്രാബല്യമുളള വ്യവസ്ഥയായി കരാറില്‍ ഉള്‍പ്പെടുത്താന്‍ അവര്‍തയ്യാറായില്ല.നിയമ നിര്‍മ്മാണ സഭകളുടെ അംഗീകാരം ഇല്ലാതെ വികസിത രാജ്യങ്ങള്‍ ആരെയും സഹായിക്കില്ല.

അമേരിക്കയാണ് മികച്ച ഉദാഹരണം.മൂന്നാം ലേകരാജ്യങ്ങളെ സാമ്പത്തികമായി സഹായിക്കുമെന്ന് പ്രസിഡന്റെ് ബരാക്ക് ഒബാമ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ എതിര്‍പ്പുമായി റിപ്പബ്‌ളിക്കന്‍പാര്‍ട്ടി രംഗത്ത് വന്നു. ഇപ്പോഴിതാ ഇന്ത്യയേയും ചൈനയേയും അധിക്ഷേപിച്ച് പാരിസ് കരാറില്‍ നിന്ന് പിന്‍മാറുന്നതായി അമേരിക്കന്‍ പ്രസിഡന്റെ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നു.

കാലാവസ്ഥാ വ്യതിയാനം തടയാന്‍ ലക്ഷ്യമിട്ടുകൊണ്ട് യു.എന്‍ മുന്‍കൈയെടുത്ത് രൂപീകരിച്ചവയാണ് യു.എന്‍.എഫ്.സി.സി( യുണൈറ്റഡ് നേഷന്‍സ് ഫ്രൈംവര്‍ക്ക് കണ്‍വന്‍ഷന്‍ ഫോര്‍ ക്‌ളൈമറ്റ് ചെയ്ഞ്ച് ) ഐപിസിസി (ഇന്റെര്‍ ഗവണ്‍മെന്റെല്‍ പാനല്‍ ഫോര്‍ ക്ലൈമറ്റ് ചെയ്ഞ്ച്) എന്നീ ഫോറങ്ങള്‍. എല്ലാ അംഗരാജ്യങ്ങളും ഇവയുടെ നടത്തിപ്പിനായി നിശ്ചിത തുക നല്കണം. എന്നാല്‍ ഇനി ഇവയുടെ നടത്തിപ്പിലേക്കായി നയാപൈസ നല്‌കേണ്ടതില്ലെന്നാണ് ട്രംപിന്റെ തീരുമാനം.

ചുരുക്കി പറഞ്ഞാല്‍ ആഗോളതാപനം തടയുക എന്ന ലക്ഷ്യത്തോടെ 2015 ഡിസംബറില്‍ ലോകത്തെ 195 രാജ്യങ്ങള്‍ ഒപ്പുവെച്ച പാരിസ് ഉടമ്പടി ലോകത്തെ മാലിന്യ കൂമ്പാരമാക്കിയ അമേരിക്കയുടെ പിന്‍മാറ്റത്തോടെ ചാപിളളയായിരിക്കുന്നു. അമേരിക്കക്ക് ആഗോള ഉടമ്പടികള്‍ ഒന്നും ബാധകമല്ലെന്ന വംശീയ ധാര്‍ഷ്ട്യത്തോടെ ട്രംപ് പൊട്ടിച്ചിരിക്കുമ്പോള്‍ ലോകം പകച്ച് നില്ക്കുകയാണ്.ആസന്നമായ വിനാശത്തില്‍ നിന്ന് എങ്ങനെ രക്ഷപ്പെടും എന്നറിയാതെ.

  • പഴി ഇന്ത്യക്കും ചൈനയ്ക്കും

‘മലിനീകരണം എന്ന പേരില്‍ അമേരിക്കക്കാരനെ ശിക്ഷിക്കുന്ന യാതൊരു നടപടിയും അംഗീകരിക്കില്ല’ പാരിസ് ഉടമ്പടിയില്‍ നിന്ന് പിന്‍മാറിയ നടപടിയെ ഇങ്ങനെയാണ് ഡൊണാല്‍ഡ് ട്രംപ് ന്യായീകരിച്ചത്. ‘ആഗോളതാപനം തടയാന്‍ എന്ന പേരില്‍ ഇന്ത്യക്ക് വിദേശരാജ്യങ്ങളില്‍ നിന്ന് കോടികള്‍ കൈപ്പറ്റാം. 2020 വരെ ഇന്ത്യക്ക് ഇഷ്ടാനുസരണം പുതിയ കല്‍ക്കരി റിയാടക്ടറുകള്‍ ആരംഭിക്കാം. വരുന്ന പതിമൂന്ന് വര്‍ഷത്തേക്ക് ചൈനയ്ക്ക് മേല്‍ പുതിയ കല്‍ക്കരി റിയാടക്ടറുകള്‍ ആരംഭിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഇല്ല. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും റിയാക്ടറുകള്‍ തുടങ്ങാം. എന്നാല്‍ അമേരിക്കക്ക് മാത്രം ഇതൊന്നും പറ്റില്ലെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല’
എന്നാല്‍ ട്രംപ് ഉത്തരം പറയേണ്ട ചില ചോദ്യങ്ങള്‍ ഉണ്ട്.

ആളോഹരി കണക്കെടുത്താല്‍ ഒരു ഇന്ത്യക്കാന്‍ പുറം തളളുന്ന ഹരിതഗൃഹവാതകത്തിന്റെ എട്ടിരട്ടിയും ചൈനക്കാരന്‍ പുറന്തുളളുന്നതിന്റെ മൂന്നിരട്ടിയും ഒരു അമേരിക്കക്കാരന്‍ പുറന്തളളുന്നുണ്ട്.ഇന്ത്യക്കാരനും ചൈനക്കരനും ഹരിതഗൃഹവാതകങ്ങള്‍ കുറയ്ക്കണം.എന്നാല്‍ അമേരിക്കക്കാരന്‍ ഇതിന് തയ്യാറാവേണ്ടതില്ല. എന്താണ്ഈ വാദത്തിന്റെ യുക്തി?

ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം തടയുന്നതില്‍ 2030ന് മുമ്പ് ലക്ഷ്യം നിറവേറ്റാനുളള നടപടികളുമായി
ചൈന അതിവേഗം മുന്നോട്ട് പോവുന്നു.ഇന്ത്യയാകട്ടെ 2022ല്‍ 110 GW(Giga Watt) ഫോസില്‍ ഇതര ഇന്ധനവും
175 ഏണ പാരമ്പര്യേതര ഇന്ധനവും ഉത്പാദിപ്പിച്ച് ലക്ഷ്യം നിറവേറ്റാനുളള തീവ്രശ്രമത്തിലാണ്.ഈ ലക്ഷ്യം
നിറവേറ്റാനായാല്‍ 2030തോടെ ഫോസില്‍ ഇതര ഇന്ധനങ്ങളിലൂടെ വൈദ്യതി ഉല്പാദനത്തിന്റെ 40% കൈവരിക്കാന്‍
ഇന്ത്യക്ക് സാധിക്കും. അമേരിക്കയുടെ നിലപാട് പിന്തുടര്‍ന്ന് ഇന്ത്യയും ചൈനയും ഉടമ്പടിയില്‍ നിന്ന്
പിന്‍മാറിയാല്‍ ട്രംപ് സ്വാഗതം ചെയ്യുമോ?

  • അമേരിക്ക പിന്‍മാറി, പക്ഷെ അമേരിക്ക തീരുമാനിക്കും

ലോകത്തെ പലതവണ ചുട്ടുകരിക്കാനുളള ആണവായുധങ്ങള്‍ മുഴുവന്‍ സജ്ജമാക്കിയതിന് ശേഷം മറ്റ് ലോകരാജ്യങ്ങളെ  അണുപരീക്ഷണങ്ങള്‍ നടത്തുന്നതി ല്‍ നിന്ന് വിലക്കുന്നതിനായി അമേരിക്ക മുന്‍കൈയെടുത്ത് 1996ല്‍ സമഗ്ര ആണവ പരീക്ഷണ നിരോധന ഉടമ്പടി തയ്യാറാക്കി. ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും പലരാജ്യങ്ങളേയും പിന്തുണ ഉറപ്പാക്കിയ ശേഷമാണ് യു.എന്‍ പൊതുസഭയെക്കൊണ്ട് ഉടമ്പടി അംഗീകരിപ്പിച്ചത്. എന്നാല്‍ സി.ടി.ബി.ടിക്ക് അമേരിക്കന്‍ നിയമ നിര്‍മ്മാണ സഭകള്‍ അനുമതി ലഭിച്ചില്ല. അതോടെ അമേരിക്കക്ക് ബാധകമല്ലാത്ത അമേരിക്കന്‍ നിര്‍മിത ഉടമ്പടിയിലൂടെ അമേരിക്ക ലോകരാജ്യങ്ങളെ വരിഞ്ഞു മുറുക്കി.കാലാവസ്ഥാ ഉടമ്പടികളിലൂടെയുളള അമേരിക്കന്‍ താല്പര്യ സംരക്ഷണം സി ടി ബി ടിയേക്കാള്‍ തരംതാണ രീതിയിലാണ്.

പാരിസ് കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറിയെങ്കിലും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് രാജ്യാന്തര
തലത്തിലെ നിര്‍ണ്ണായക തീരുമാനങ്ങളെടുക്കുന്ന യു.എന്‍.എഫ്.സി.സി, ഐ പി സി സി എന്നീ ഫോറങ്ങള്‍ ഇപ്പോ!ഴും
അമേരിക്കയുടെ നിയന്ത്രണത്തിലാണ്.രണ്ടിലേയും പ്രതിനിധികളെ അമേരിക്ക പിന്‍വലിച്ചിട്ടില്ല. പാരിസ് ഉച്ചകോടിയുടെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനായുളള ലക്ഷ്യപദ്ദതികള്‍ ഇന്ത്യ ഉല്‍പ്പെടെയുളള രാജ്യങ്ങളെല്ലാം യു.എന്‍.എഫ്.സി.സിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.അഞ്ച് വര്‍ഷം കൂടുമ്പോള്‍ ലക്ഷ്യപദ്ധതി നടപ്പാക്കിയതിന്റെ പുരോഗതി റിപ്പോര്‍ട്ട് എല്ലാരാജ്യങ്ങളും യു.എന്‍എഫ്‌സി.സിക്ക് സമര്‍പ്പിക്കണം.

റിപ്പോര്‍ട്ട് സത്യസന്ധമാണോ എന്ന് പരിശോധിക്കാനായി യു.എന്‍.എഫ്.സി.സി പ്രതിനിധികള്‍ അതാത് രാജ്യങ്ങളിലെത്തും. സംഘത്തിന്റെ നേതാവ് അമേരിക്കക്കാരനോ അമേരിക്കയുടെ പിണിയാളായ മറ്റേതെങ്കിലും രാജ്യത്തിന്റെ പ്രതിനിധികളോ ആയിരിക്കും.ആഗോളതാപനം തടയാനായി ഞങ്ങള്‍ ഒന്നും ചെയ്യില്ലെന്ന് അഹങ്കാരത്തോടെ പ്രഖ്യാപിക്കുന്ന ഡൊണാല്‍ഡ് ട്രംപ് പിന്‍സീറ്റിലിരുന്ന്
ഓരോരാജ്യങ്ങളും എന്തെല്ലാം ചെയ്യണമെന്ന് തീരുമാനിക്കും. ഇടതുപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന രാജ്യങ്ങല്‍
ഒ!ഴികെയുളളവരെല്ലാം പഞ്ചപുച്ഛമടക്കി എല്ലാം അനുസരിക്കും. എങ്ങനെയുണ്ട് ട്രംപിന്റെ ഫാസ്റ്റിറ്റ് ബുദ്ധി?

വന്‍ ശക്തികള്‍ക്ക് വീറ്റോ അധികാരം ഉളള യു.എന്‍ ഒട്ടുമിക്ക നിര്‍ണ്ണായക വിഷയങ്ങളിലും നോക്കുകുത്തിയാണ്.
എന്നാല്‍ പരിസ്ഥിതി സംരക്ഷണം, ആരോഗ്യപരിപാലനം, ശിശുസംരക്ഷണം തുടങ്ങിയ പൊതുവായ വിഷയങ്ങളില്‍
ഏറെക്കുറെ യോജിച്ച നിലപാടെടുക്ക്ാന്‍ പലപ്പോഴും യു.എന്‍ ഏജന്‍സികള്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍
ഇനിയൊരിക്കലും ഇത്തരമൊരു സമീപനം സാധ്യമല്ലെന്ന് കൂടി ട്രംപിന്റെ പ്രഖ്യാപനം സൂചിപ്പിക്കുന്നു.

  • മോദി അമേരിക്കക്കെതിരെ വായ തുറക്കുമോ?

അനാവശ്യമായി ഇന്ത്യയേയും ചൈനയേയും പരസ്യമായി അവഹേളിച്ചുകൊണ്ടാണ് ട്രംപ് അമേരിക്ക് പാരിസ് ഉടമ്പടിയില്‍ നിന്ന് പിന്‍മാറുന്ന പ്രഖ്യാപനം നടത്തിയത്. ചൈനീസ് സര്‍ക്കാറാവട്ടെ ട്രംപിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടാണ്പ്രതികരിച്ചത്. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രിയാകട്ടെ ട്രംപിനെതിരെ ഒരു വരിപോലും പ്രതികരിച്ചില്ല. ‘പാരിസ് കരാറില്‍നിന്ന് ഇന്ത്യ പിന്‍മാറില്ല’ എന്ന് മാത്രം പറഞ്ഞ് പ്രശ്‌നം ലഘൂകരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ട്രംപിനെ എന്തിനാണ് മോദി ഭയക്കുന്നത്?

2015ല്‍ പാരിസില്‍വെച്ച് 195 ലോകരാജ്യങ്ങള്‍ കാലാവസ്ഥാ ഉടമ്പടിക്ക് അംഗീകാരം നല്കിയപ്പോള്‍ ഇതൊരുചാപിളളയൈണെന്ന് വിലയിരുത്തലുണ്ടായി. കരാറില്‍ ഒളിഞ്ഞിരിക്കുന്നത് അമേരിക്കന്‍ അജണ്ടയാണെന്ന് വിമര്‍ശനം ഉയര്‍ന്നു. പാരിസില്‍ ജയിച്ചത് അമേരിക്കയാമെന്നും പരാജയപ്പെട്ടത് മൂന്നാംലോക രാജ്യങ്ങളാമെന്നുമുളള വിമര്‍ശനം ഉയര്‍ന്നപ്പോള്‍ പ്രധാനമന്ത്രി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു, ‘പാരിസില്‍ ആരും ജയിച്ചില്ല, ആരും തോറ്റില്ല. ജയിച്ചത് കാലാവസ്ഥയാണ്’

അമേരിക്ക പിന്‍മാറിയതിന് പിന്നാലെ അമേരിക്കന്‍ പക്ഷ മുതലാളിത്ത രാജ്യങ്ങളെല്ലാം കരാറില്‍ നിന്ന് പിന്‍മാറാനുളള ശ്രമത്തിലാണ്. പാരിസ് കരാര്‍ അനുസരിച്ച് ലോകത്തെ മലിനമാക്കിയതിന്റെ ചരിത്രപരമായ ബാധ്യത തീര്‍ക്കുന്നതിനായി 2020 മുതല്‍ വികസിത രാജ്യങ്ങള്‍ പ്രതിവര്‍ഷം 7 ലക്ഷം കോടി രൂപവീതം വികസ്വരരാജ്യങ്ങള്‍ക്ക് നല്കണം.

ഈ ഉത്തരവാദിത്തത്തില്‍ നിന്ന് വികസിത രാജ്യങ്ങള്‍ പിന്‍മാറുന്നതോടെ ലോകത്തെ ശുചീകരിക്കാനുളള ബാധ്യത ഇന്തയുടേയും ചൈനയുടേതുമായി മാറും. നയാപൈസ മുക്കാതെ അമേരിക്ക ഗുണഭോക്താവാകും. ഇത്തരം രാജ്യാന്തരതട്ടിപ്പുകളെയെല്ലാം ശക്തമായി ചെറുത്തിരുന്ന ചരിത്രമാണ് ഇന്ത്യക്കുളളത്. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രിയാകട്ടെ എതിര്‍ത്തൊരു ശബ്ദം ഉരുവിടാന്‍ ധൈര്യമില്ലാതെ ട്രംപ്പിസത്തിന്റെ കുഴലൂത്തുകാരനായി മാറുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News