കശ്മീര്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണം മോദി സര്‍ക്കാര്‍ തന്നെയാണെന്ന് രാഹുല്‍ ഗാന്ധി; സംഘര്‍ഷമുണ്ടാകുമെന്ന മുന്നറിയിപ്പ് ആറു മാസം മുന്‍പ് നല്‍കി

ചെന്നൈ: കശ്മീരിലെ പ്രശ്‌നങ്ങള്‍ ആളിക്കത്താന്‍ കാരണം മോദി സര്‍ക്കാര്‍ തന്നെയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആറു മാസം മുമ്പ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കശ്മീര്‍ പ്രശ്‌നങ്ങളുടെ ഗൗരവത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

സ്ഥിതിഗതികള്‍ വഷളാവുമെന്നും സംഘര്‍ഷം പൊട്ടിപ്പുറപ്പെടുമെന്ന സൂചനയും നല്‍കിയിരുന്നു. എന്നാല്‍, അത് നിഷേധിച്ച ജെയ്റ്റ്‌ലി കശ്മീരില്‍ സമാധാനം പുലരുകയാണെന്ന് അവകാശപ്പെട്ടതായി രാഹുല്‍ വെളിപ്പെടുത്തി.

കേന്ദ്രം തെറ്റായ രീതിയിലാണ് കശ്മീര്‍ വിഷയം കൈകാര്യം ചെയ്യുന്നത്. രാജ്യത്ത് നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് കേന്ദ്രത്തിന്റെ കഴിവുകേട് കൊണ്ടാണ്. രാഷ്ട്രീയ നേട്ടത്തിനായി കശ്മീര്‍ വിഷയത്തെ മോദി ഉപയോഗിക്കുന്നതായും രാഹുല്‍ ആരോപിച്ചു. ചെന്നൈയില്‍ ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിയെ സന്ദര്‍ശിച്ച ശേഷമാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയുടെ ശക്തിയാണ് കശ്മീര്‍. എന്നാല്‍, ദൗര്‍ബല്യമാക്കി മാറ്റാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. കശ്മീര്‍ വിഷയത്തില്‍ സ്ഥായിയായ പരിഹാരം കാണണം. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ വിലക്കുകളും നല്ല ഭാവിക്കായി പിന്‍വലിക്കണം. കശ്മീരിലെ മിടുക്കരായ ജനങ്ങളുടെ കഴിവുകള്‍ താഴ്‌വരയുടെയും രാജ്യത്തിന്റെയും വികസനത്തിനായി മാറ്റണമെന്നും കല്ലെറിയാനായി കശ്മീരികളുടെ കൈകള്‍ ഉപയോഗപ്പെടുത്തരുതെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

കശ്മീരില്‍ സ്ഥിതിഗതികള്‍ മാറിയെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു. 1974 മുതലുള്ള പഴക്കം ചെന്ന പ്രശ്‌നമാണ് കാശ്മീരെന്നും ഇത് പരിഹരിക്കാന്‍ സമയം എടുക്കുമെന്നും രാജനാഥ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ മറുപടിയുമായി എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News