ആര്‍എസ്എസിന് മുന്നില്‍ ചെങ്കൊടിയും സിപിഐഎമ്മും കീഴടങ്ങില്ലെന്ന് കോടിയേരി; ഒരുപാട് ഭീഷണികളെ അതിജീവിച്ചാണ് പാര്‍ട്ടി വളര്‍ന്നത്; യുവമോര്‍ച്ച ഭീഷണിക്ക് പുല്ലുവില നല്‍കി കോടിയേരി ദില്ലിയില്‍

ദില്ലി: സമാധാന അന്തരീഷം തകര്‍ത്ത് വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ പ്രവര്‍ത്തകരെ പ്രേരിപ്പിക്കാനാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തിയതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് അമിത് ഷാ വന്നത്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വര്‍ഗീയ കലാപങ്ങളും വര്‍ഗീയ സംഘര്‍ഷങ്ങളും കേരളത്തില്‍ കുറവാണ്. ഇത് അട്ടിമറിച്ച് കലാപങ്ങള്‍ സൃഷ്ടിച്ച് കേരളവും ഒരു ഗുജറാത്ത് ആയി മാറ്റുക എന്നതാണ് അവരുടെ ലക്ഷ്യം. അതിന് പ്രവര്‍ത്തകരെ പ്രേരിപ്പിക്കുക എന്നതാണ് അമിഷ് ഷായുടെ കേരളത്തിലെ വരവിന്റെ ലക്ഷ്യം കോടിയേരി ദില്ലി പറഞ്ഞു.

കേരളത്തില്‍ സിപിഐഎമ്മിന്റെ 210 പ്രവര്‍ത്തകര്‍ ആര്‍എസ്എസ് ആക്രമത്തില്‍ കൊല്ലപെട്ടിട്ടുണ്ട്. ആയിരത്തിലധികം പേര്‍ക്ക് അംഗവൈകല്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ആയിരക്കണക്കിന് പേരുടെ വീട് നഷ്ടപെട്ടിട്ടുണ്ട്. ഇനിയും അക്രമങ്ങളില്‍ പ്രവര്‍ത്തകരെ കൊലചെയ്‌തേക്കാം. എന്നാലൊന്നും ആര്‍എസ്എസിന് മുന്നില്‍ ചെങ്കൊടിയും സിപിഐഎമ്മും കീഴടങ്ങില്ല. ഒരുപാട് ഭീഷണികളെ അതിജീവിച്ചാണ് പാര്‍ട്ടി ഇന്നത്തേ നിലയ്ക്ക് എത്തിയതെന്നും കോടിയേരി പറഞ്ഞു.

സംഘ്പരിവാര്‍ ഭീഷണിയെ അവഗണിച്ച് ദില്ലിയില്‍ എത്തിയ കോടിയേരി ബാലകൃഷ്ണന് ഉജ്ജ്വല സ്വീകരണം ലഭിച്ചത്. ദില്ലിയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന ഭീഷണി നിലനില്‍ക്കെ വിവിധ പരിപാടികള്‍ക്കായി എത്തിയ കോടിയേരിയെ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് സ്വീകരിച്ചു. കണ്ണൂരിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു യുവമോര്‍ച്ച ദില്ലി നേതാവ് സുനില്‍ യാദവ്, കോടിയേരിക്കെതിരെ ഭീഷണി മുഴക്കിയത്. കണ്ണൂരിലെ അക്രമസംഭവങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കോടിയേരിയെ കാലു കുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു യുവമോര്‍ച്ച ഭീഷണി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News