റിയാസ് മൗലവിയെ ആര്‍എസ്എസുകാര്‍ കൊന്നത് വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍; പ്രതികള്‍ പള്ളിയില്‍ എത്തിയത് മുസ്ലിമിനെ കൊല്ലുക എന്ന ലക്ഷ്യത്തോടെയെന്ന് കുറ്റപത്രം

കാസര്‍ഗോഡ്: കാസര്‍ഗോഡ് മദ്രസ അധ്യാപകന്‍ റിയാസ് മൗലവിയെ കഴുത്തറുത്തു കൊന്ന സംഭവത്തില്‍ കുറ്റപത്രം ഈയാഴ്ച സമര്‍പ്പിക്കും. റിയാസ് മൗലവിയെ പള്ളിക്ക് സമീപത്തെ മുറിയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത് വര്‍ഗീയ കലാപം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

ആര്‍എസ്എസ് പ്രവര്‍ത്തകരും കേളുഗുഡെ അയ്യപ്പനഗര്‍ ഭജന മന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു, നിതിന്‍, ഗംഗെ നഗറിലെ അഖിലേഷ് എന്ന അഖില്‍ എന്നിവരാണ് പ്രതികള്‍.

മാര്‍ച്ച് 21നാണ് റിയാസ് കൊല്ലപ്പെട്ടത്. സംഭവദിവസം പ്രതികളായ ആര്‍എസ്എസുകാര്‍ താളിപടപ്പില്‍ വച്ച് മദ്യപിച്ചിരുന്നു. തുടര്‍ന്ന് ഒരു മുസ്ലിമിനെ കൊല്ലുക എന്ന ലക്ഷ്യത്തോടെ അജേഷും സംഘവും പള്ളിക്ക് പരിസരത്ത് എത്തി. പള്ളിയുടെ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് വാതില്‍ തുറന്ന റിയാസിന് നേരെ ആദ്യം കല്ലേറുണ്ടായി. തുടര്‍ന്ന് മുറിയിലേക്ക് കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അജേഷ് ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയത്. കൊല നടക്കുമ്പോള്‍, നിതിന്‍ കല്ലേറ് നടത്തുകയും അഖില്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്തു നില്‍ക്കുകയുമായിരുന്നെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

സംഭവം നേരില്‍ കണ്ട പള്ളിയിലെ ഖത്തീബാണ് കേസിലെ പ്രധാന സാക്ഷി. കൊലയ്ക്കായി ഉപയോഗിച്ച ആയുധങ്ങളും മറ്റു സാമഗ്രികളും തെളിവായി കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൊലപാതകം, മതസൗഹാര്‍ദ്ദം തകര്‍ത്ത് വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News