കോട്ടയം: മാലിന്യങ്ങള്‍ നിറഞ്ഞ് മരണം കാത്ത് വേമ്പനാട്ട് കായല്‍. രാസപ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് കായലില്‍ വന്‍തോതിലെന്ന് ലിറ്റര്‍ബേസ് എന്ന അന്താരാഷ്ട്ര ഗവേഷണ റിപ്പോര്‍ട്ട് ഈ കണ്ടെത്തിയിരുന്നു. വേമ്പനാട്ടുകായലിന്റെ ദയനീയ ചിത്രം അവഗണിച്ചാല്‍ വന്‍ ദുരന്തമായിരിക്കും ഉണ്ടാകുകയെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

രാസമാലിന്യത്തിന്റെയും മനുഷ്യവിസര്‍ജ്യത്തിലെ കോളിഫോം ബാക്ടീരിയയുടേയും അളവ് വേമ്പനാട്ട് കായലില്‍ അധികമാണ്. റിസോര്‍ട്ടുകള്‍, ഹൗസ് ബോട്ടുകള്‍ എന്നിവ സൃഷ്ടിക്കുന്ന മാലിന്യം, ബോട്ടുകളില്‍ നിന്ന് ജലത്തില്‍ കലരുന്ന ഇന്ധനം കായലിലെ ജീവജാലങ്ങള്‍ക്ക് ഭീഷണിയാണ്. വിനോദസഞ്ചാരികളും തദ്ദേശിയരും കായലിലേക്ക് തള്ളുന്ന പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ വേമ്പനാട്ട് കായല്‍. ഇനിയെത്രകാലം എന്ന ചോദ്യമാണുയര്‍ത്തുന്നത്.

മലിനീകരണം മത്സ്യങ്ങളുടെ പ്രജനനത്തെ ഗുരുതരമായി ബാധിച്ചു. കട്ട്‌ല, കണമ്പ്, പ്രാഞ്ചില്‍, കടല്‍ കറൂപ്പ് തുടങ്ങിയ നിരവധി മത്സ്യയിനങ്ങള്‍ കായലില്‍ നിന്ന് അപ്രത്യക്ഷമായത് ഉള്‍നാടന്‍ മത്സ്യബന്ധന മേഖലയ്ക്ക് തിരിച്ചടിയായി. കായലിന്റെ ആഴങ്ങളില്‍ മണിക്കൂറുകളോളം മുങ്ങികിടന്ന് കക്ക വാരുന്ന തൊഴിലാളികളും ഇന്ന് കായല്‍മലിനീകരണത്തിന്റെ ഇരകളാണ്.