കൊല്ലം: അര നൂറ്റാണ്ടിലേക്ക് അടുക്കുന്ന പരിസ്ഥിതി ദിനാചരണം മാനവരാശിക്കു വേണ്ടിയാണെങ്കിലും സസ്യ, ജീവജാലങ്ങളുടെ നിലനില്‍പ്പിനെ ആശ്രയിച്ചായിരിക്കും മനുഷ്യനും അതിജീവനമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്.

ആഗോളതാപനത്തെ ചെറുത്ത് മാനവരാശിയെ സംരക്ഷിക്കാന്‍ വൃക്ഷതൈ നടീല്‍ ഒരു പരിധിവരെ പ്രതിവിധിയാണെങ്കിലും പരിണാമ പ്രക്രിയയില്‍ മനുഷ്യന്റെ നിലനില്‍പ്പിന് മറ്റ് ജന്തുജാലങ്ങളുടെ സുസ്ഥിരമായ സംരക്ഷണവും അനിവാര്യമാണെന്ന് ഗവേഷകര്‍ ചൂണ്ടികാട്ടുന്നു സൂക്ഷ്മജീവികളും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഒരു പങ്കു വഹിക്കുന്നു. അതു കൊണ്ടുതന്നെ വനവല്‍ക്കരണത്തോടൊപ്പം വിവിധ ജലസ്‌ത്രോതസുകളും എന്തിന് കടലും വരെ സംരക്ഷിക്കുന്നതിലൂടെ മാത്രമെ പരിസ്ഥിതി സംരക്ഷണം പൂര്‍ണ്ണമാകുവെന്ന് സെസിലെ മുന്‍ ഗവേഷകര്‍ ഡോക്ടര്‍ സോമന്‍ പറഞ്ഞു.

1972ല്‍ സ്റ്റോക്കഹോമില്‍ വച്ച് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ മനുഷ്യനും പരിസ്ഥിതിയും എന്ന വിഷയത്തില്‍ യോഗം ചേര്‍ന്നതിന്റെ തുടര്‍ച്ചയാണ് ജൂണ്‍ 5 ലോകപരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി നാശത്തിന് കാരണം മനുഷ്യന്റെ ആവശ്യങ്ങളും ദാരിദ്ര്യവുമല്ലെയെന്ന് യോഗത്തില്‍ പങ്കെടുത്ത സ്വീഡന്റേയും ഇന്ത്യയുടേയും പ്രധാനമന്ത്രിമാര്‍ ഉയര്‍ത്തിയ ചോദ്യത്തിന് 46 വര്‍ഷത്തെ പഴക്കമുണ്ടെങ്കിലും ഇപ്പോഴും ആ ചോദ്യങ്ങള്‍ക്ക് പ്രസക്തിയുണ്ട്.