സ്വന്തം ‘പ്രോഗ്രസ് റിപ്പോര്‍ട്ട്’ പൊതുചര്‍ച്ചയ്ക്ക് വച്ച് സംസ്ഥാന സര്‍ക്കാര്‍; തെരഞ്ഞെടുപ്പു ജയിച്ചാല്‍ പ്രകടനപത്രികയെ മറക്കുന്ന നാട്ടില്‍ ഇത് പുതുമയാര്‍ന്ന നടപടി

തിരുവനന്തപുരം: ജനാധിപത്യത്തിനു പുതിയ മാനം പകര്‍ന്ന് പ്രകടനപത്രികയുടെ അവലോകനറിപ്പോര്‍ട്ട് പൊതുജന ചര്‍ച്ചക്കായി സമര്‍പ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. തെരഞ്ഞെടുപ്പു ജയിച്ചാല്‍ പ്രകടനപത്രികയെ മറക്കുന്ന നാട്ടില്‍ തികച്ചും പുതുമയാര്‍ന്ന നടപടിയാണ് സ്വന്തം പ്രോഗ്രസ് റിപ്പോര്‍ട്ട് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്.

എല്‍ഡിഎഫ് പ്രകടനപത്രികയില്‍ മുന്നോട്ടുവച്ചിരുന്ന 35ഇനപരിപാടിയുടെ അവലോകനമാണ് പ്രോഗ്രസ് റിപ്പോര്‍ട്ടിലുള്ളത്. ഓരോ വര്‍ഷവും നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും ഇതു സംബന്ധിച്ച് പൊതുജനങ്ങളുമായി ചര്‍ച്ച ചെയ്ത് അവരുടെ അഭിപ്രായങ്ങള്‍കൂടി സ്വീകരിച്ച് ഭാവിപരിപാടികള്‍ ആസൂത്രണം നടത്തുകയും ചെയ്യുമെന്ന് പ്രകടനപത്രികയില്‍ത്തന്നെ പറഞ്ഞിരുന്നു. ആ വാഗ്ദാനംകൂടി പാലിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ മുഖക്കുറിപ്പോടെയാണ് റിപ്പോര്‍ട്ട് പുറത്തിറങ്ങുന്നത്.

വികസനവിദഗ്ദ്ധര്‍ക്കും പൊതുജനങ്ങള്‍ക്കും സര്‍ക്കാരിന്റെ പ്രവര്‍ത്തനം വസ്തുനിഷ്ഠമായി വിലയിരുത്താന്‍ സഹായകമാകുന്ന രീതിയിലാണ് അവലോകനം. ആദ്യവര്‍ഷം തുടങ്ങാന്‍ കഴിയാത്ത പരിപാടികള്‍ അങ്ങനെതന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ജനങ്ങള്‍ക്ക് വേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍ വിവാദങ്ങളെ ഭയന്നു ചെയ്യാതിരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ സമീപനമാണ് റിപ്പോര്‍ട്ടിലുളളത്.

തുടങ്ങാന്‍ കഴിയാത്ത ഏതെങ്കിലും കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി ആരെങ്കിലും വിവാദമുണ്ടാക്കുമോ എന്ന ആശങ്ക സര്‍ക്കാരിനില്ലെന്നു വ്യക്തമാക്കുന്ന തുറന്ന സമീപനമാണു പ്രോഗ്രസ് റിപ്പോര്‍ട്ടിന്റേത്. തുടര്‍ച്ചയായ സാമൂഹിക ഓഡിറ്റിംഗിനു സഹായകമാകും വിധം ഇത് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും പരിഷ്‌ക്കരിച്ചുകൊണ്ടിരിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

വകുപ്പുതിരിച്ചുള്ള പതിവ് അവലോകനത്തില്‍നിന്നു വ്യത്യസ്തമായി പല വകുപ്പുകള്‍ ചേര്‍ന്നു നടപ്പാക്കുന്ന പരിപാടികളുടെ പുരോഗതി എന്ന നിലയിലാണ് പരിശോധിക്കുന്നത്. യുഡിഎഫ് ഭരണകാലത്ത് മന്ത്രിമാര്‍ക്കു മാര്‍ക്കിട്ടതുപോലുള്ള വിവാദവും തര്‍ക്കവും സൃഷ്ടിക്കാതെ സൃഷ്ടിപരമായ വിമര്‍ശനവും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യം. ഒരു സ്വയംപരിശോധനയുടെകൂടി ഭാഗമാണിത് എന്നു മുഖ്യമന്ത്രിതന്നെ ആമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. തികച്ചും പുതുമയാര്‍ന്ന ഈ പ്രോഗ്രസ് റിപ്പോര്‍ട്ടിനൊടുവില്‍ പൊതുജനങ്ങളുടെ അഭിപ്രായനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചിട്ടുമുണ്ട്. റിപ്പോര്‍ട്ട് ഇന്ന് സംവിധായകന്‍ രഞ്ജിത്തിന് നല്‍കി മുഖ്യമന്ത്രി പുറത്തിറക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News