ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിച്ച് അറബ് രാജ്യങ്ങള്‍

ദുബായ്: ഖത്തറുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിച്ച് അറബ് രാജ്യങ്ങള്‍. സൗദി അറേബ്യ, യുഎഇ, ബഹ്‌റിന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളാണ് ഖത്തറുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത്. അല്‍ഖൈ്വദ, ഇസ്ലാമിക് സ്റ്റേറ്റ് എന്നിവയടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകളെ ഖത്തര്‍ പിന്തുണക്കുന്നുവെന്നാണ് മറ്റു രാജ്യങ്ങളുടെ ആരോപണം.

ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചെന്നും വ്യോമ, നാവിക ബന്ധങ്ങള്‍ റദ്ദാക്കിയെന്നും ബഹ്‌റിന്‍ ഇന്ന് രാവിലെ പ്രഖ്യാപിച്ചു. ഖത്തര്‍ പൗരന്‍മാര്‍ക്ക് രാജ്യം വിട്ട് പോകാന്‍ 14 ദിവസം നല്‍കിയതായും ബഹ്‌റിന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗള്‍ഫ് മേഖലയിലെ സുരക്ഷ ഖത്തര്‍ അസ്ഥിരമാക്കിയെന്ന് യുഎഇ പറഞ്ഞു.

യമനില്‍ പോരാട്ടം നടത്തുന്ന സഖ്യസേനയില്‍നിന്ന് ഖത്തറിനെ ഒഴിവാക്കിയതായി സൗദിയും അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷിതത്വം കണക്കിലെടുത്താണ് ബന്ധം അവസാനിപ്പിക്കുന്നതെന്ന് സൗദി അറേബ്യ വ്യക്തമാക്കി.

അതേസമയം, ഖത്തറിലേക്കുള്ള വിമാന സര്‍വീസുകള്‍ അവസാനിപ്പിക്കുന്നതായി എമിറേറ്റ്‌സ് എയര്‍വെയ്‌സ്, ഇത്തിഹാദ്, സൗദിയ, ഗള്‍ഫ് എയര്‍, ഈജിപ്ത് എയര്‍ എന്നീ കമ്പനികള്‍ അറിയിച്ചു. നാളെ പ്രാദേശിക സമയം 2.45നായിരിക്കും ദോഹയിലേക്കുള്ള അവസാന വിമാനമെന്ന് ഇത്തിഹാദ് വക്താവ് അറിയിച്ചു.

ഖത്തറിലേക്കുള്ള സര്‍വീസുകള്‍ ഈ രാജ്യങ്ങള്‍ നിര്‍ത്തുന്നതോടെ സ്വദേശികള്‍ക്കൊപ്പം മലയാളി പ്രവാസികളും പ്രതിസന്ധിയിലാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here