പരിസ്ഥിതി ദിനം ഹരിതാഭമാക്കി ഇടതു സര്‍ക്കാര്‍; ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ നട്ടത് ഒരുകോടി വൃക്ഷത്തൈകള്‍; നട്ടാല്‍ മാത്രം പോരാ, പരിപാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനം ഹരിതാഭമാക്കി സംസ്ഥാന സര്‍ക്കാര്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപീകരിച്ച ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ഒരുകോടി വൃക്ഷത്തൈകളാണ് നട്ടത്. മരം നട്ടാല്‍ മാത്രം, പോരാ അവ പരിപാലിക്കുക കൂടി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഗവര്‍ണര്‍ പി സദാശിവം നിര്‍വഹിച്ചു. ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിലാണ് സംസ്ഥാനത്ത് പരിസ്ഥിതി ദിന പരിപാടികള്‍ സംഘടിപ്പിച്ചത്. വനം, പരിസ്ഥിതി, കൃഷി വകുപ്പുകള്‍ ചേര്‍ന്ന് ഒരുകോടി വൃക്ഷത്തൈകളാണ് സംസ്ഥാനമെമ്പാടും നട്ടത്. വിദ്യാലയങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും വിവിധ പരിസ്ഥിതി സന്നദ്ധസംഘടനകളും ചലച്ചിത്ര സാംസ്‌കാരിക രംഗത്തെ പ്രമുഖരും പരിസ്ഥിതി ദിനത്തില്‍ പങ്കാളികളായി.

രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങള്‍ നശിപ്പിച്ച് മുന്നോട്ടുപോകരുതെന്ന് തിരുവനന്തപുരത്ത് സംസ്ഥാനതല ഉദ്ഘാടനം ചെയ്ത ഗവര്‍ണര്‍ പി സദാശിവം പറഞ്ഞു.

തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജില്‍ മോഹന്‍ലാല്‍ ആല്‍മരം നട്ട് പരിസ്ഥിതി ദിനത്തില്‍ സര്‍ക്കാരിനൊപ്പം പങ്കാളിയായി. അക്കേഷ്യ പോലെ ജലചൂഷണം നടത്തുന്ന വൃക്ഷങ്ങള്‍ നടാന്‍ അനുമതിയില്ലെന്ന് മന്ത്രി കെ രാജു പറഞ്ഞു. ഇടക്കൊച്ചിയില്‍ എം സ്വരാജ് എംഎല്‍എയും നിവിന്‍ പോളിയും ചേര്‍ന്ന് വൃക്ഷത്തൈ നട്ടു. ആലപ്പുഴയില്‍ മന്ത്രി ജി സുധാകരനും കുമളിയില്‍ മന്ത്രി എംഎം മണിയും കോട്ടയത്ത് സുരേഷ് കുറുപ്പും തൃശൂരില്‍ മന്ത്രി വിഎസ് സുനില്‍ കുമാറും പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. പാലക്കാട് ഭാരതപ്പുഴ ദിനമെന്ന പേരിലാണ് പരിസ്ഥിതി ദിനം സംഘടിപ്പിച്ചത്. വിദ്യാലയങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും വിവിധ പരിസ്ഥിതി സന്നദ്ധ യുവജന വിദ്യാര്‍ഥി സംഘടനകളും പരിസ്ഥിതി ദിനത്തില്‍ പങ്കാളികളായി. പേയാട് ശാന്തി നികേതന്‍ സ്‌കൂളില്‍ ടികെഎ നായര്‍ മരം നട്ടു.

കൈരളി ടിവി മീഡിയ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഡയറക്ടര്‍ എം വെങ്കിട്ടരാമനും കമ്പനി സെക്രട്ടറി കെപി സുകുമാരന്‍ നായരും വിവിധ വകുപ്പ് മേധാവികളും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു. മീഡിയ ക്ലബ്ബ് പരിപാലിക്കുന്ന ജൈവ പച്ചക്കറി തോട്ടത്തില്‍ ഭാരവാഹികളായ ഡി സുനില്‍, ബൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിസ്ഥിതി ദിനാചരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News