ഫാറ്റ് ബോയ് ഭ്രമണപഥത്തില്‍; ഇന്ത്യയ്ക്ക് അഭിമാന നിമിഷം

ബംഗലൂരു: ഇന്ത്യ തദ്ദേശിയമായി നിര്‍മ്മിച്ച ഏറ്റവും ഭാരമേറിയ റോക്കറ്റായ ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ചു. വിക്ഷേപണം വിജയമാണെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു. വിക്ഷേപിച്ച് 19 ാം മിനിറ്റില്‍ ഉപഗ്രഹം റോക്കറ്റില്‍ നിന്ന് വേര്‍പെട്ടു. ഇതോടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടമാണ് ഐഎസ്ആര്‍ഒ നേടിയിരിക്കുന്നത്. വൈകുന്നേരം 5.28നായിരുന്നു വിക്ഷേപണം.

ജിസാറ്റ് 19 ഉപഗ്രഹമാണ് ജിഎസ്എല്‍വി മാര്‍ക്ക് 3 ഭ്രമണപഥത്തില്‍ എത്തിച്ചത്. ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തില്‍ മറ്റൊരു നാഴികക്കല്ലായി വിശേഷിപ്പിക്കാവുന്ന ജിഎസ്എല്‍വി മാര്‍ക്ക് മൂന്നിന് സവിശേഷതകള്‍ ഏറെയാണ്. തദ്ദേശീയമായി ക്രയോജനിക് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച സിഇ 20 എന്ന എന്‍ജിനാണ് ഉപയോഗിച്ചിരിക്കുന്നത്.

3136 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് 19 എന്ന വാര്‍ത്താ വിനിമയ ഉപഗ്രഹത്തെയാണ് മാര്‍ക്ക് മൂന്ന് ഭ്രമണപഥത്തിലെത്തിച്ചത്. ഇന്റര്‍നെറ്റ് വേഗത, ഡിറ്റിഎച്ച് ശേഷി എന്നിവ പതിന്മടങ്ങ് വര്‍ധിപ്പിയ്ക്കാന്‍ ജിസാറ്റ് 19ന്റെ വിജയകരമായ വിക്ഷേപണത്തോടെ ആകും. ഇതേ ശ്രണിയില്‍പെട്ട രണ്ട് ഉപഗ്രഹങ്ങള്‍ കൂടി ഈ വര്‍ഷം തന്നെ വിക്ഷേപിക്കും.

മനുഷ്യനെ ബഹിരാകാശത്തിലെത്തിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ നിര്‍ണായകമായിരുന്നു വിക്ഷേപണ വിജയം. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഐ എസ് ആര്‍ ഒ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here