തിരുവനന്തപുരം കെട്ടിട ദുരന്തത്തില്‍ മലയാളിയടക്കം നാലുപേര്‍ മരിച്ചു; അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: പാങ്ങപ്പാറയില്‍ ഹെല്‍ത്ത് സെന്ററിന് എതിര്‍വശം നിര്‍മ്മാണം നടക്കുന്ന ഫ്‌ളാറ്റിന് മുന്നിലായിരുന്നു അപകടം. ഫ്‌ളാറ്റിനു ചുറ്റുമായുള്ള സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണം നടക്കുന്നതിനിടെയാണ് 40 അടി ഉയരത്തില്‍ നിന്ന് മണ്ണും കല്ലും ഇടിഞ്ഞുവീണത്. അപകടത്തില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന അഞ്ച് തൊഴിലാളികള്‍ മണ്ണിനടിയില്‍ പെടുകയായിരുന്നു.

ഫ്‌ളാറ്റ് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന മറ്റ് തൊഴിലാളികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മണ്ണുമാറ്റി നടത്തിയ തിരച്ചിലില്‍ 4 പേരെ മരിച്ച നിലയിലില്‍ കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ തിരുവനന്തപുരം സ്വദേശി സുദര്‍ശനനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരില്‍ മൂന്നുപേര്‍ ബംഗാള്‍ സ്വദേശികളും ഒരാള്‍ തിരുവനന്തപുരം സ്വദേശിയുമാണ്.

ഫോജന്‍ വര്‍മ്മന്‍,ഹര്‍ണ്ണാത് ,സഫാന്‍ മലയാളിയായ ഉണ്ണികൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. 1.68 ഏക്കര്‍ സ്ഥലത്ത് കേരള ലാന്‍ഡ് റിഫോമ്‌സ് ഹൗസിംഗ് സൊസൈറ്റിയുടെ കീഴില്‍ ആണ് ഫ്‌ളാറ്റ് നിര്‍മ്മാണം നടക്കുന്നത്. മൂന്നു പോര്‍ഷനുകളിലായാണ് നിര്‍മ്മാണം. എന്നാല്‍ കുന്നിടിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനത്തിന് അനുമതി ഉണ്ടോ എന്നത് പരിശോധിക്കുമെന്ന് മേയര്‍ അറിയിച്ചു.
സംഭവസ്ഥലത്ത് ഉന്നത പൊലീസ് ഉദ്ദ്യോഗസ്ഥരും തഹസില്‍ദാരും എത്തി വിശദമായി പരിശോധന നടത്തി. അപകടാവസ്ഥ കണക്കിലെടുത്ത് ഈ വസ്തുവിന്റെ മുകള്‍ ഭാഗത്ത് താമസിക്കുന്നവരെ മാറ്റിതാമസിപ്പിച്ചിരിക്കുകയാണ്. അതേസമയം നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഇവിടെ ഫ്‌ളാറ്റ് നിര്‍മ്മാണം നടക്കുന്നതെന്ന് പരാതിയുമുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ജില്ലാകളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അന്യസംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കളക്ടര്‍ വേണ്ട സംവിധാനം ഒരുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News