ഇടുക്കിയില്‍ 38 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടി; അഞ്ചുപേര്‍ പിടിയില്‍

ഇടുക്കി: മുപ്പത്തിയെട്ടു ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ ഇടുക്കിയില്‍ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റു ചെയ്തു. ഇവരില്‍ രണ്ടു പേര്‍ പത്തു വര്‍ഷമായി കള്ളനോട്ട് നിര്‍മ്മാണവും വിതരണവും നടത്തുന്നവരാണ്. വണ്ടിപ്പെരിയാറില്‍ കഴിഞ്ഞ മാസം എട്ടിന് നാലു ലക്ഷത്തി നാല്‍പ്പതിനായിരം രൂപയുടെ കള്ളനോട്ട് പിടികൂടിയിരുന്നു.

കേസ്സിന്റെ തുടര്‍ അന്വേഷണത്തിലാണ് മുപ്പത്തിയേഴു ലക്ഷത്തി തൊണ്ണൂറ്റി രണ്ടായിരത്തി അഞ്ഞൂറു രൂപയുടെ കള്ളനോട്ടും പ്രതികളെയും പിടികൂടിയത്. പുതിയ അഞ്ഞൂറു രൂപയുടെ 7585 കള്ളനോട്ടുകളാണ് കസ്റ്റഡിയിലെടുത്തത്. തമിഴ്‌നാട് മധുര സ്വദേശി രാജുഭായ് എന്നു വിളിക്കുന്ന അന്‍പ് സെല്‍വം, ഇടുക്കി നെടുങ്കണ്ടം സ്വദേശി രമേശ് എന്നു വിളിക്കുന്ന സുനില്‍കുമാര്‍, പുറ്റടി സ്വദേശി രവീന്രന്‍ നായര്‍, ചാവക്കാട് സ്വദേശി ഫൈസു എന്നു വിളിക്കുന്ന ഷിഹബുദീന്‍, കരുനാഗപ്പള്ളി, ആദിനാദ് സ്വദേശി കൃഷ്ണ കുമാര്‍ എന്നിവരാണ് പിടിയിലായത്.

കട്ടപ്പന ഡിവൈഎസ്പി എന്‍.സി. രാജ്‌മോഹന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. അന്‍പ് ശെല്‍വത്തിനെ 47,500 രൂപയുടെ കള്ളനോട്ടുകളുമായി ഞായറാഴ്ച രാത്രി തേനിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇയാളെ ഉപയോഗിച്ച് മറ്റുനാലുപേരെ കുടുക്കുകയായിരുന്നു. 7458 കള്ളനോട്ടുകളുമായി കാറിലെത്തിയ നാലുപേരെയും ബോഡിമെട്ടില്‍ വച്ചാണ് പൊലീസ് പിടികൂടിയത്.

സുനില്‍ കുമാര്‍, കൃഷ്ണ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ പത്തു വര്‍ഷത്തിലധികമായി കള്ളനോട്ട് നിര്‍മ്മാണവും വിതരണവും നടത്തുന്നുണ്ട്. ഇരുവര്‍ക്കുമെതിരെ നിരവധി കേസ്സുകളുമുണ്ട്. കൃഷ്ണകുമാര്‍ ബി.എസ്.എഫ് ജവാനായിരുന്നു. ആദ്യം കേരളത്തിലും പിന്നീട് കര്‍ണാടകത്തിലുമായിരുന്നു നിര്‍മ്മാണം.

ഒരു ലക്ഷം രൂപയുടെ യഥാര്‍ത്ഥനോട്ടുകള്‍ക്ക് നാലു ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് സംഘം നല്‍കിയിരുന്നത്. വിവിധ സംസ്ഥാനങ്ങളിലായി നിരവധി ഏജന്റുമാരും ഇവര്‍ക്കുണ്ട്. സംഘാംഗങ്ങള്‍ കടകളില്‍ നല്‍കി കള്ളനോട്ട് മാറ്റിയെടുക്കുന്നുമുണ്ടായിരുന്നു. സംഘത്തിലെ ചിലരെ കൂടി പിടികൂടാനുണ്ട്. നോട്ട് അച്ചടിക്കുന്ന മെഷീനും മറ്റും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News