മയിലുകളുടെ ഇണചേരലിനെക്കുറിച്ച് വിചിത്രമായ കണ്ടെത്തല്‍ നടത്തിയ രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി മഹേഷ് ചന്ദ്ര ശര്‍മയെ ട്രോളി നടി ട്വിങ്കിള്‍ ഖന്ന. മയില്‍ ദമ്പതികളുടെ കിടപ്പറ സംഭാഷണമെന്ന രീതിയിലാണ്, ട്വിങ്കിളിന്റെ പരിഹാസം.
ആണ്‍മയില്‍ പെണ്‍മയിലുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാറില്ലെന്നും ആണ്‍മയിലിന്റെ കണ്ണീര്‍ കുടിച്ചാണ് പെണ്‍മയില്‍ ഗര്‍ഭം ധരിക്കുന്നതെന്നുമായിരുന്നു ശര്‍മയുടെ നിരീക്ഷണം. ബ്രഹ്മചാരിയായി കഴിയുന്നതിനാലാണ് മയിലിനെ ദേശീയ പക്ഷിയാക്കിയതെന്നും ശര്‍മ നിരീക്ഷിച്ചു. ഇതിനെതിരെയാണ് ട്വിങ്കിളിന്റെ പരിഹാസം.
ആണ്‍മയില്‍: നമ്മുടെ കുഞ്ഞിന് എന്നെപ്പോലെ മനോഹരമായ പീലികള്‍ക്ക് പകരം ചെതുമ്പലുകളാണല്ലോ ഉള്ളത്.
പെണ്‍മയില്‍: കേള്‍ക്കൂ… ഇത് നിങ്ങളുടെ പിഴയാണ്. ആ രാത്രി നിങ്ങള്‍ ഒരുപക്ഷേ പൊഴിച്ചത് മുതലക്കണ്ണീരായിരിക്കും.
വിദേശത്തായിരുന്നതിനാല്‍ നാട്ടിലെ ഇത്തരം തമാശകളെല്ലാം നഷ്ടമായിരിക്കുകയാണെന്നും ട്വിങ്കിള്‍ കുറിച്ചു.
ഓക്‌സിജന്‍ സ്വീകരിച്ച് ഓക്‌സിജന്‍ പുറത്തുവിടുന്ന ഏക ജീവി പശുവാണെന്നും ശര്‍മ കണ്ടെത്തിയിരുന്നു. പശുവിനെ ദേശീയ മൃഗമാക്കണമെന്നും അദ്ദേഹം വിധിച്ചിരുന്നു. മുപ്പത്തിമൂന്ന് കോടി ദേവീദേവന്‍മാര്‍ പശുവിനുള്ളില്‍ വസിക്കുന്നെന്നാണ് വിശ്വാസം. താന്‍ ഒരു ശിവഭക്തനാണെന്നും ആത്മാവിന്റെ ശബ്ദമാണ് താന്‍ അനുവര്‍ത്തിക്കുന്നതെന്നും ശര്‍മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വിഡ്ഢികള്‍ ജഡ്ജിമാരായാല്‍ ഇത്തരം മണ്ടത്തരങ്ങളായിരിക്കും ഫലമെന്നാണ് പരാമര്‍ശങ്ങളോട് പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചത്.
Get real time update about this post categories directly on your device, subscribe now.