ഖത്തറിലെ ജനജീവിതം പ്രതിസന്ധിയിലേക്ക്; ഭക്ഷ്യക്ഷാമത്തിന് സാധ്യത; ഓഹരിവിപണി ഇടിഞ്ഞു; പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തുര്‍ക്കിയും കുവൈത്തും ശ്രമം തുടരുന്നു

ദോഹ: ഖത്തറും അറബ് രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തുര്‍ക്കിയും കുവൈത്തും ശ്രമങ്ങള്‍ ആരംഭിച്ചു. എല്ലാ കക്ഷികളും ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരത്തിന് തയ്യാറാകണമെന്ന് തുര്‍ക്കി അഭ്യര്‍ഥിച്ചു. ‘രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണം. ഗള്‍ഫ് മേഖലയെ സാധാരണനിലയിലാക്കാന്‍ എല്ലാ പിന്തുണയും നല്‍കും’-തുര്‍ക്കി മന്ത്രി പറഞ്ഞു.

കുവൈത്തിലെ പാര്‍ലമെന്റ് അംഗങ്ങള്‍ പ്രശ്‌നപരിഹാരത്തിനായി ഇടപെടണമെന്ന് ഭരണനേതൃത്വത്തോട് ആവശ്യപ്പെട്ടു. പ്രശ്‌നം പരിഹരിക്കാന്‍ കുവൈത്ത് അമീര്‍, ഇന്ന് തന്നെ സൗദി അറേബ്യയിലേക്ക് പോകുമെന്നും വിവരങ്ങളുണ്ട്. പ്രകോപനമുണ്ടാക്കുന്ന നടപടികളൊന്നും തത്കാലം സ്വീകരിക്കരുതെന്ന് കുവൈത്ത് അമീര്‍ ഖത്തറിനോട് ആവശ്യപ്പെട്ടു. നേരത്തെയും ജിസിസി രാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈ എടുത്തിരുന്നത് കുവൈത്ത് അമീറാണ്.

അറബ് രാജ്യങ്ങളുടെ ഉപരോധത്തെ തുടര്‍ന്ന് ജനജീവിതം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഖത്തറിലെ ഭക്ഷ്യവസ്തുക്കളുടെ 40 ശതമാനവും സൗദിയില്‍നിന്ന് റോഡുമാര്‍ഗമാണ് എത്തിക്കുന്നത്. റോഡു ഗതാഗതം വിച്ഛേദിക്കപ്പെട്ടതോടെ ഭക്ഷ്യക്ഷാമത്തിന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. വന്‍ വിലക്കയറ്റവും രാജ്യത്ത് അനുഭവപ്പെടും.

സൂപ്പര്‍മാര്‍ക്കറ്റുകളിലും കമ്പോളങ്ങളിലും വന്‍ തിരക്കാണെന്ന് ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ ഓഹരിവിപണിയും ഇടിഞ്ഞു.
ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചതില്‍ മൂന്നു ലക്ഷത്തോളം മലയാളികളും ആശങ്കയിലാണ്. ഖത്തറിലേക്കും ഖത്തര്‍ എയര്‍വേസ് അറബ് രാജ്യങ്ങളിലേക്കുമുള്ള സര്‍വീസുകളും നിര്‍ത്തിയതോടെയാണ് മലയാളികള്‍ അടക്കമുള്ളവരുടെ ജീവിതം പ്രതിസന്ധിയിലായത്. അടുത്തിടെ ഏറെ വിദേശനിക്ഷേപം സ്വീകരിച്ച രാജ്യം കൂടിയാണ് ഖത്തര്‍. എന്നാല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തിന്റെ വാണിജ്യ വ്യാവസായിക മേഖലകളെ തളര്‍ന്നു.

അതേസമയം, ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതികാര്യാലയം അറിയിച്ചു. ഖത്തറിലെ പ്രവാസികള്‍ക്ക് നാട്ടില്‍ പോകാനും മറ്റും നിയന്ത്രണം പ്രശ്‌നമല്ല. തീരുമാനം സ്വദേശികളുടെയും പ്രവാസികളുടെയും സാധാരണജീവിതത്തെ ബാധിക്കില്ലെന്ന് ഖത്തര്‍ സര്‍ക്കാരും ഉറപ്പുനല്‍കിയിട്ടുണ്ട്.

ഖത്തര്‍ തീവ്രവാദഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നു എന്ന് ആരോപിച്ചാണ് സൗദി അറേബ്യ, ബഹ്‌റിന്‍, ഈജിപ്ത്, യുഎഇ എന്നീ രാജ്യങ്ങള്‍ നയതന്ത്ര ബന്ധം വിച്ഛേദിച്ചത്. വര്‍ഷങ്ങളായി അറബ് രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഭിന്നത ഏതാനും ആഴ്ചകളായി രൂക്ഷമായിരുന്നു. രണ്ടാഴ്ച മുമ്പ് ഈജിപ്ത്, സൗദി, ബഹ്‌റിന്‍, യുഎഇ എന്നീ രാജ്യങ്ങള്‍ അല്‍ ജസീറ ഉള്‍പ്പെടെയുള്ള ഖത്തറിന്റെ വാര്‍ത്താ വെബ്‌സൈറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. സൗദിയെ കുറ്റപ്പെടുത്തി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍ താനിയുടെ പ്രസ്താവന ഔദ്യോഗികമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News