ടെന്നീസ് താരത്തിന്റെ പരിശീലനത്തിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ യുവജന കമ്മിഷന്റെ ഇടപെടല്‍ #PeopletvImpact

തിരുവനന്തപുരം: യുവ ടെന്നീസ് താരത്തിന്റെ പരിശീലനത്തിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ യുവജന കമ്മിഷന്‍ ഇടപെടുന്നു. യുവതാരമായ ജിതിന്‍ ജോര്‍ജ്ജിനെ വിലക്കിയ സംഭവത്തില്‍ കമ്മിഷന്‍ ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബിനോട് വിശദീകരണം തേടി. ക്ലബ്ബ് സെക്രട്ടറി ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് കമ്മിഷന്‍ അധ്യക്ഷന്‍ ചിന്ത ജെറോം ഉത്തരവിട്ടു. പീപ്പിള്‍ ടിവി വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് യുവജന കമ്മിഷന്‍ അധ്യക്ഷയുടെ നടപടി.

ദേശീയ താരവും നാല് തവണ സംസ്ഥാന ടെന്നീസ് ചാമ്പ്യനുമായ ജിതിന്‍ ജോര്‍ജ്ജിന് പരിശീലന വിലക്കേര്‍പ്പെടുത്തിയ നടപടി പീപ്പിള്‍ ടിവിയാണ് പുറത്തുവിട്ടത്. ട്രിവാന്‍ട്രം ടെന്നീസ് ക്ലബ്ബ് സെക്രട്ടറിയുടെ വിലക്കുകാരണം ജിതിന്റെ പരിശീലനം മുടങ്ങി. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന യുവജന കമ്മിഷന്‍ സ്വമേധയാ ഇടപെട്ടു. ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബ് സെക്രട്ടറി ബിജു പി സോമനോട് അടിയന്തിര വിശദീകരണം നല്‍കാന്‍ നിര്‍ദ്ദേശിച്ചതായി കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോം പറഞ്ഞു.

ക്ലബ്ബ് സെക്രട്ടറി ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ ഉത്തരവ്. വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ യുവജന കമ്മിഷന്‍ തുടര്‍നടപടി സ്വീകരിക്കും. യുവ താരത്തിന്റെ മനോവീര്യം തകര്‍ക്കുന്ന രീതയിലുള്ള നടപടി അംഗീകരിക്കാനാകില്ലെന്നും കമ്മിഷന്‍ അധ്യക്ഷ വ്യക്തമാക്കി.

കഴിഞ്ഞ 15 വര്‍ഷത്തോളമായി ഗസ്റ്റ് വ്യവസ്ഥയില്‍ പണമടച്ചാണ് ക്ലബ്ബിലെ കോര്‍ട്ടില്‍ ജിതിന്‍ ടെന്നീസ് പരിശീലനം നടത്തുന്നത്. അഞ്ഞൂറ് രൂപ ഫീസടയ്ക്കാന്‍ വൈകി എന്നായിരുന്നു വിലക്കിന് പറഞ്ഞ കാരണം. രണ്ട് മാസത്തിലധികമായി വിലക്ക് തുടരുന്നതിനാല്‍ ജിതിന്റെ പരിശീലനവും മുടങ്ങി. കളിക്കാര്‍ക്ക് പരിശീലനത്തിന് അവസരം നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് വിരുദ്ധമാണ് സെക്രട്ടറിയുടെ നടപടി. ഈ സാഹചര്യത്തിലാണ് പീപ്പിള്‍ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ യുവജന കമ്മിഷന്‍ സ്വമേധയാ നടപടി സ്വീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News