കാലി സമ്പദ് വ്യവസ്ഥയുടെ പിന്നാമ്പുറങ്ങള്‍

ഇന്ത്യയില്‍ നടക്കുന്നത് ഗോവധമാണെന്ന വാദഗതികള്‍ ഉയര്‍ത്തി നിയന്ത്രണത്തിന് കേന്ദ്രസര്‍ക്കാര്‍ തുനിയുമ്പോള്‍, കന്നുകാലി വ്യാപാര മേഖലയുടെ പിന്നാമ്പുറങ്ങള്‍ പരിശോധിച്ചാല്‍ ഇതിന് പിന്നിലെ യാഥാര്‍ത്ഥ വസ്തുതകള്‍ എന്താണെന്ന് മനസിലാക്കാന്‍ സാധിക്കും.

പശുവിനെ ചൊല്ലി രാജ്യത്തിന്റെ വിവിധ കോണുകളില്‍ സംഘപരിവാരങ്ങള്‍ മനുഷ്യരെ കശാപ്പ് ചെയ്തും കാലികടത്തല്‍ ആരോപിച്ച് ദളിതരെയും മുസ്ലീങ്ങളെയും വേട്ടയാടുന്ന സ്ഥിതി വിശേഷം നിലനില്‍ക്കുന്നു. കേന്ദ്ര ഭരണകൂടം വായില്ലാകുന്നിലപ്പനായി സംഘപരിവാരങ്ങളുടെ ആക്രമണങ്ങള്‍ക്കും കലാപങ്ങള്‍ക്കും ഒത്താശചെയ്യുന്നതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ മേഖലയില്‍ തൊഴിലെടുക്കുന്നവരില്‍ വലിയൊരു സംഖ്യ ദളിതരും മുസ്ലീങ്ങളുമാണെന്നതാണ് യാഥാര്‍ത്ഥ്യം. അവരെ വര്‍ഗീയമായി വേര്‍തിരിക്കാനുള്ള രാഷ്ട്രീയ ശ്രമങ്ങളാണ് ഈ നീക്കങ്ങളുടെ പിന്നിലെന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇന്ത്യയില്‍ നടക്കുന്നത് ഗോവധമാണെന്ന വാദഗതികള്‍ ഉയര്‍ത്തി നിയന്ത്രണത്തിന് കേന്ദ്രസര്‍ക്കാര്‍ തുനിയുമ്പോള്‍, കന്നുകാലി വ്യാപാര മേഖലയുടെ പിന്നാമ്പുറങ്ങള്‍ കൂടി പരിശോധിച്ചാല്‍ ഇതിന് പിന്നിലെ യാഥാര്‍ത്ഥ വസ്തുതകള്‍ എന്താണെന്ന് മനസിലാക്കാന്‍ സാധിക്കും.

മാംസ കയറ്റുമതിയില്‍ ലോകത്ത് ബ്രസീലിനൊപ്പം ഒന്നാം സ്ഥാനം പങ്കിടുന്ന രാജ്യമാണ് ഇന്ത്യ. 22 ലക്ഷത്തിലധികം പേരാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നവര്‍. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിയന്ത്രണം മാംസ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തില്‍ തെല്ലും സംശയമില്ല. കേരളത്തില്‍ മാത്രം 5 ലക്ഷം പേരാണ് ഇറച്ചി വ്യാപാരമേഖലയെ ആശ്രയിച്ച് നേരിട്ടും അല്ലാതെയും ഉപജീവനം നടത്തുന്നത്. കേന്ദ്ര മൃഗസംരക്ഷണവകുപ്പിന്റെ 201617ലെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് രാജ്യത്തെ ആകെ മാംസ ഉല്‍പ്പാദനത്തില്‍ കന്നുകാലികളുടെ മാംസ വിഹിതം 5 ശതമാനം മാത്രമാണ്. മാംസ ഉല്‍പ്പാദനത്തിന്റെ 23 ശതമാനവും എരുമകളുടെതാണ്. 46 ശതമാനത്തോളം കോഴി ഇറച്ചിയുടെ സംഭാവനയാണ്.

കേന്ദ്രസര്‍ക്കാരിന്റെ 2017ലെ ലൈവ് സ്റ്റോക്ക് മാര്‍ക്കറ്റ് റൂള്‍സ് പ്രകാരം എരുമ മാസം ഇപ്പോള്‍ കന്നുകാലി മാംസത്തിന്റെ ഭാഗമായി കണക്കാക്കുമ്പോള്‍ മാംസ ഉല്‍പാദനത്തിന്റെ ഫലമായുണ്ടായ പങ്കാളിത്തം ഇപ്പോള്‍ 28 ശതമാനമാകും. കന്നുകാലികളുടെ മാംസവും ബീഫ് എന്നാണ് വിളിക്കപ്പെടുന്നതുപോലെ എരുമ മാംസം കാരാബീഫ് (carabeef) എന്നും അറിയപ്പെടുന്നു. വ്യത്യസ്ത രാജ്യങ്ങളിലും എരുമ മാംസത്തിന് വ്യത്യസ്ത പേരുകളുണ്ട്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും പശുവിനെ കശാപ്പ് ചെയ്യുന്നതി നിരോധിച്ചതിനാല്‍ ഇന്ത്യയില്‍ ഭൂരിഭാഗവും എരുമ മാംസമാണെന്നതാണ് യാഥാര്‍ത്ഥ്യം.

2012ലെ കന്നുകാലി സെന്‍സസ് പ്രകാരം ഇന്ത്യയില്‍ കാലികളുടെ എണ്ണം 19.1 കോടിയാണ്. 2007ല്‍ 19.91 കോടിയായിരുന്നു. പുതിയ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 4.1 ശതമാനത്തിന്റെ കുറവ്. അതേസമയം എരുമകളുടെ എണ്ണത്തില്‍ 3 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 10.53 കോടിയില്‍ നിന്ന് 10.87 കോടിയാണ് 5 വര്‍ഷത്തിനുള്ളില്‍ എരുമകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന. ഒരു ചെറുകിട കര്‍ഷകന് കറവ വറ്റിയതടക്കമുള്ള ലാഭകരമല്ലാത്ത കന്നുകാലിയുടെ പരിപാലനത്തിന് പ്രതിവര്‍ഷം 40,000 രൂപയിലധികം ചെലവ് വരുമെന്നാണ് മീറ്റ് ആന്റ് ലൈവ്‌സ്‌റ്റോക്ക് എക്‌സ്‌പോര്‍ടേഴ്‌സ് അസോസിയേഷന്റെ കണ്ടെത്തല്‍. കര്‍ഷകനെ സംബന്ധിച്ച് മൃഗപരിപാലനത്തിന് മുടക്കേണ്ടി വരുന്ന ഒരു വലിയ തുകയാണിതെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോള്‍ കന്നുകാലികളെ വില്‍ക്കുന്നതിനുള്ള കേന്ദ്ര നിരോധനം കര്‍ഷകര്‍ക്ക് ദോഷം ചെയ്യും.

അമേരിക്കന്‍ കാര്‍ഷിക വകുപ്പിന്റെ ആഗോള കണക്കുകള്‍ പ്രകാരമുള്ള പരാമര്‍ശത്തില്‍ ബീഫ് വ്യാപാരത്തിന്റെ ഭാഗമായി തന്നെയാണ് എരുമ മാംസത്തെയും കണക്കാക്കുന്നത്. 2014 ല്‍ മാട്ടിറച്ചി വിപണനരംഗത്ത് ഇന്ത്യ ബ്രസിലീനെ കീഴടക്കിയിരുന്നു. 2016ല്‍ എത്തിയതോടെ ഇരു രാജ്യങ്ങളും 20 ശതമാനം വിഹിതത്തോടെ തോളോടുതോള്‍ ചേര്‍ന്നു നില്‍ക്കുന്നു. ഇന്ത്യയും ബ്രസീലുമാണ് മാംസം വ്യവസായ കയറ്റുമതി രംഗത്തെ അതികായര്‍. ഇന്ത്യയുടെ മാംസ കയറ്റുമതി അളവ് 4 ബില്ല്യണ്‍ ഡോളറാണ്.

മാംസ കയറ്റുമതിയില്‍ മാത്രമല്ല, മാംസ ഉല്‍പ്പാദനത്തിലും പാലുല്‍പാദനത്തിലും ലോകത്ത് മുന്‍നിരയിലാണ് ഇന്ത്യയുടെ സ്ഥാനം. കശാപ്പുചെയ്യപ്പെട്ട കന്നുകാലികളുടെ തോലും അസ്ഥിയും കൊഴുപ്പുമൊക്കെ ആശ്രയിച്ച് മുന്നോട്ടുപോകുന്ന നിരവധി വ്യാവസായിക യൂണിറ്റുകള്‍ രാജ്യത്തുണ്ട്. വ്യാവസായിക ഉല്‍പാദനത്തിന് വേണ്ട തുകലിന്റെ ഭൂരിഭാഗവും സംഭാവന ചെയ്യപ്പെടുന്ന മേഖല കൂടിയാണിത്. സോപ്പ്, ടൂത്ത് പേസ്റ്റ്, ബട്ടണുകള്‍, പെയിന്‍ഡിംഗ് ബ്രഷ്, ശസ്ത്രക്രിയകള്‍ക്ക് ഉപയോഗിക്കുന്ന നൂലുകള്‍, സംഗീതോപകരണങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയുടെ നിര്‍മ്മാണയൂണിറ്റുകള്‍ കന്നുകാലി വ്യാപാര മേഖലയെ ആശ്രയിച്ച് മാത്രം മുന്നോട്ട് പോകുന്നവയാണ്.

ഇന്ത്യന്‍ തുകല്‍ വ്യവസായം ലോകത്തിലെ തുകല്‍ ഉല്‍പന്നങ്ങളുടെ 12.93 ശതമാനം വരും.ആഗോള പാദരക്ഷാ നിര്‍മ്മാണ വ്യവസായത്തിലും തുകല്‍ വസ്ത്ര ഇല്‍പാദനത്തിലും ഇന്ത്യ രണ്ടാംസ്ഥാനത്താണ്. ലോക ഫുഡ് വെയര്‍ ഉല്‍പാദനത്തിന്റെ 9 ശതമാനവും ഇന്ത്യയിലാണ്. എകദേശം 22 ലക്ഷം പേര്‍ മാട്ടിറച്ചി വ്യാപരമേഖലയില്‍ പ്രത്യക്ഷത്തിലോ പരോക്ഷമായോ ഏര്‍പ്പെടുന്നുണ്ട്. അതേസമയം കന്നുകാലി പരിപാലന, വ്യാപരമേഖലയില്‍ 35 ലക്ഷം പേരാണ് തൊഴിലെടുക്കുന്നത്. അതായത്, കന്നുകാലി വ്യാപാരം 5.5 മില്ല്യണ്‍ അമേരിക്കന്‍ ഡോളറിന്റെ തുകല്‍ യൂണിറ്റുകളില്‍ ഒളിഞ്ഞിരിക്കുന്നുവെന്നതാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കശാപ്പ് ചെയ്യപ്പെടുന്ന എല്ലാം മൃഗങ്ങളും മാംസത്തിന് വേണ്ടി ഉപയോഗിക്കുന്നതായാണ് കണക്ക്. കശാപ്പ് ചെയ്യപ്പട്ട മൃഗങ്ങളുടെ ശരീരാവശിഷ്ടങ്ങള്‍ 70 ശതമാനവും ആശ്രിത വ്യവസായങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. കയറ്റുമതിക്കും പ്രാദേശിക ഉപഭോഗത്തിനുമായി 30 ശതമാനം കന്നുകാലികള്‍ മാത്രമെ കശാപ്പ് ചെയ്യപ്പെട്ടിട്ടുള്ളുവെന്ന് കേന്ദ്ര മൃഗ സംരക്ഷണ വകുപ്പിന്റെ കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നത്. അതിനര്‍ത്ഥം ഇന്ത്യന്‍ ബീഫ് എന്നാല്‍ ഗോമാംസമല്ല അത് എരുമ മാംസം എന്നുതന്നെയാണ്.

90 ശതമാനത്തോളം എരുമകളെ വാങ്ങുന്നത് പൊതുചന്തകളില്‍ നിന്നാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെ പുതിയ നിയന്ത്രണങ്ങല്‍ക്ക് ശേഷം സര്‍ക്കാര്‍ ഏജന്‍സികള്‍ ഇക്കാര്യങ്ങള്‍ നിരീക്ഷിച്ചുവരുന്നുണ്ട്. ഈ നിലയില്‍ കേന്ദ്രത്തിന്റെ പുതിയ നിയന്ത്രണം നടപ്പാക്കിയാല്‍ ഇറച്ചി വ്യവസായത്തെ വളരെ മോശമായി ബാധിക്കുമെന്നാണ് മീറ്റ് ആന്റ് ലൈവ്‌സ്റ്റോക്ക് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ അഭിപ്രായപ്പെടുന്നത്.

കന്നുകാലി വ്യാപാരത്തിന്റെ മറവില്‍ ഗോ വധമാണെന്ന പ്രചാരണം ബോധപൂര്‍വ്വമാണ്. മേല്‍സൂചിപ്പിച്ച കണക്കുകളിലൂടെ കണ്ണോടിക്കുമ്പോള്‍ സംഘതാത്പര്യവും ഹിഡന്‍ അജണ്ടയും നിയന്ത്രണങ്ങള്‍ ആര്‍ക്കുവേണ്ടിയാണെന്നും വ്യക്തമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel