എന്നെയൊന്ന് കൊന്നുതരാന്‍ പറയാമോ അമ്മേ; പക്ഷെ അനീഷ് ജീവിതത്തിലേക്ക് തിരിച്ചെത്തി; കണ്ണുനീരിന്റെ നനവുള്ള ആ കഥയുമായി അനീഷ് ജെ ബി ജംഗ്ഷനില്‍

‘ഇനി ഞാന്‍ ജീവിച്ചിരുന്നിട്ട് എന്തു ചെയ്യാനാണ് അമ്മേ? എന്നെയൊന്ന് കൊന്നുതരാന്‍ പറയാമോ? രാഷ്ട്രപതിയോട് ദയാവധമെങ്കിലും അനുവദിക്കാന്‍ പറയണം, അനീഷ് മോഹന്റെ വാക്കുകള്‍ അമ്മയുടെ നെഞ്ചില്‍ കൂരമ്പു പോലെ തറച്ചു കയറി. പൊട്ടിക്കരഞ്ഞു കൊണ്ട് മകനെ നെഞ്ചോടു ചേര്‍ത്ത് അവര്‍ പറഞ്ഞു… നീ ജീവിച്ചിരിക്കണം പൊന്നേ… എന്റെ മരണം വരെ, എനിക്കു കണ്ടോണ്ട് ഇരിക്കാന്‍.

വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2009 ഒക്ടോബര്‍ 17 ന് ട്രയിനിനടിയില്‍ പെട്ട് കയ്യും കാലും നഷ്ടപ്പെട്ട ഒരു ഇരുപത്തിയെട്ടുകാരന്റെ കണ്ണീരായിരുന്നു അത്. എന്നാല്‍ അമ്മയുടെ മനോവീര്യത്തിലൂടെ തളരാത്ത മനസ്സുമായി അനീഷ് ജീവിതത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. കൃത്രിമകാലും കൃത്രിമകൈയുമായി ശാരീരിക വൈകല്യമുള്ളവരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനായി സമര്‍പ്പിതസേവനം ചെയ്യുകയാണ് കോട്ടയം ആര്‍പ്പൂക്കര സ്വദേശി ഇന്ന്.
തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുള്ള ട്രെയിന്‍ യാത്രകഴിഞ്ഞു വീട്ടിലേക്കുള്ള അവസാന ബസില്‍ കയറാന്‍ തിരിക്കിട്ടു പോകുംവഴി പാളം മുറിച്ചു കടക്കുന്നതിനിടയില്‍ കാല്‍ തട്ടി പാളത്തിലേക്ക് വീണു. എഴുന്നേല്‍ക്കുന്നതിന് മുമ്പെ ട്രെയിന്‍ കയറി വലതു കൈയും ഇടതു കാലുമുട്ടിനു താഴെ അനീഷിനു നഷ്ടപ്പെടുകയും ചെയ്തു. ജീവിതം അവസാനിച്ചുവെന്നു പലരും വിധിയെഴുതിയെങ്കിലും കഠിനപ്രയത്‌നത്താല്‍ നാലാം റാങ്കോടെ പാസായ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനിയറിംഗ് ഡിപ്ലോമയും ഇഷ്ടകലയായ ചെണ്ട കൊട്ടും അനീഷിനു കൈവിടേണ്ടി വന്നു. എന്നാല്‍, വിധിക്കു മുമ്പില്‍ ജീവിതം അടിയറവയ്ക്കാന്‍ അനീഷ് തയാറായില്ല.

ആരേയും പ്രചോദിപ്പിക്കാന്‍ ശേഷിയുള്ള ആ ജീവിത കഥയുമായാണ് അനീഷ് ജെ ബി ജംഗ്ഷനില്‍ ജോണ്‍ ബ്രിട്ടാസിനൊപ്പമെത്തിയത്. ഒപ്പം ഒരമ്മയുടെ സ്‌നേഹത്തിന്റെയും മനോവീര്യത്തിന്റെയും കഥയും അനീഷും ആ അമ്മയും പങ്കുവെച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News