ഇന്‍ഡോര്‍: ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ കര്‍ഷകരുടെ പ്രതിഷേധ സമരത്തിനുനേരെയുണ്ടായ പൊലീസ് വെടിവയ്പ്പില്‍ നാലു കര്‍ഷകര്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പശ്ചിമ മധ്യപ്രദേശിലെ മന്‍ദസൂരില്‍ കഴിഞ്ഞ ഏതാനും ദിവസമായി തുടരുന്ന കര്‍ഷക സമരത്തിന് നേരെയാണ് പൊലീസ് വെടിവച്ചത്.

കഴിഞ്ഞ നാലു ദിവസമായി കര്‍ഷകര്‍ നടത്തിവന്ന സമരമാണ് അക്രമത്തില്‍ കലാശിച്ചത്. ഉള്ളി, പരിപ്പ് ഉള്‍പ്പെടെയുള്ള തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കണം. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും ചെയ്തതുപോലെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണം തുടങ്ങിയവയാണ് കര്‍ഷകരുടെ ആവശ്യങ്ങള്‍. സമരം തിങ്കളാഴ്ച അര്‍ധരാത്രിയോടെ അക്രമാസക്തമാവുകയായിരുന്നു. മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്‍ഡോര്‍, ഉജ്ജയില്‍, ദേവാസ് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് സംവിധാനം റദ്ദാക്കി. സംഘര്‍ഷത്തെ തുടര്‍ന്ന് മന്‍ദസൂരില്‍ പിപീീല മാന്‍ഡിയിലും കര്‍ഫ്യൂ ഏര്‍പെടുത്തി. പ്രതിഷേധത്തിന്റെ ഭാഗമായി ക്ഷീര കര്‍ഷകര്‍ 12,000 ലീറ്റര്‍ പാല്‍ റോഡില്‍ ഒഴുക്കിക്കളഞ്ഞു. എന്നാല്‍ കര്‍ഷകര്‍ക്ക് നേരെ പൊലീസ് വെടിവയ്പ്പ് നടത്തിയിട്ടില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്. സംഭവത്തില്‍ പ്രതിഷേധിച്ച് മധ്യപ്രദിേല്‍ നാളെ ബന്ദിന് ആഹ്വാനം ചെയ്തു.