“പാത്തുമ്മയുടെ ആട് പുനര്‍ജ്ജനിച്ചിരിക്കുന്നു”; അങ്ങു വടക്ക് ഉത്തര്‍പ്രദേശില്‍ സര്‍വ്വേഷിന്റെ ആടായി

പാത്തുമ്മയുടെ ആടിന്റെ വിളയാട്ടം ബഷീറിന്റെ വീട്ടിലായിരുന്നല്ലോ. സര്‍വ്വേഷിന്റെ ആട് ഏമാന്റെ വീട്ടില്‍ത്തന്നെ വിഹരിക്കുന്നു. ഉത്തര്‍പ്രദേശിലെ ശിലുവാപൂരിലാണ് സംഭവം. സര്‍വ്വേഷ് കുമാര്‍ പാലിന്റെ ആട് നോട്ടുകള്‍ ശാപ്പിട്ടു. ഒന്നും രണ്ടുമല്ല 66,000 രൂപയുടെ.

സര്‍വ്വേഷ് ഏമാന്‍ കളിച്ചപ്പോള്‍ രണ്ടായിരം രൂപ പിടിച്ചെടുക്കാനായി ആടിന്റെ വായില്‍നിന്ന്. കടലാസ് തീറ്റയ്ക്ക് മുമ്പേ ചീത്തപ്പേരു കേള്‍പ്പിച്ചിട്ടുണ്ട്ഈ ആട്. പക്ഷേ, നോട്ടിലും ആടിനു കമ്പമുണ്ടെന്ന് ഇപ്പോഴാണ് പുറത്തുവന്നത്.
രണ്ടു ദിവസം മുമ്പാണ് സംഭവം. സര്‍വ്വേഷ് കുളിക്കാന്‍ പോയി. ഊരിയിട്ട കുപ്പായത്തില്‍ നോട്ടുകെട്ടുണ്ടായിരുന്നു. വീട്ടിലെ മരാമത്തിന് ഇഷ്ടിക വാങ്ങാന്‍ സംഘടിപ്പിച്ച പണം. ആടതു മണത്തറിഞ്ഞു. നോട്ടുകളുടെ വിരുന്നിലേയ്ക്ക് നൈസായി കടന്നു.

വിഭവം കുറേയേറെയുണ്ടല്ലോ. സര്‍വ്വേഷ് കുളിച്ചെത്തുമ്പോഴേയ്ക്കും സദ്യ തീര്‍ക്കാനായില്ല ആടിന്. അയാളും ആടുമായി പിടിവലിയായി. നാലായിരം രൂപ വായില്‍നിന്നുതന്നെ തിരിച്ചുകൊടുത്തു ആട്. കീശയില്‍ രണ്ടായിരത്തിന്റെ നോട്ടുകളായിരുന്നു. രണ്ടെണ്ണമാണ് തിരിച്ചുകിട്ടിയത്.
ആടിപ്പോള്‍ വിഐപി. ആളുകള്‍ കാണാന്‍ വരുന്നു. പലരും സെല്‍ഫിയെടുക്കുന്നു.

വരുന്നവരില്‍ കശ്മലരുമുണ്ട്. ഈ നശൂലത്തിനെ മൃഗാശുപത്രിയില്‍ കൊണ്ടുപോയി വയറ്റില്‍ നിന്ന് നോട്ടിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുക്കൂ എന്ന് ഒരു പ്രായോഗികവാദി. പോലീസിലേല്‍്പിക്കൂ എന്ന് മറ്റൊരു രസികന്‍. ഇറച്ചിക്കാര്‍ക്കു വില്‍ക്കൂ എന്ന് വേറൊരു ക്രൂരന്‍.

സര്‍വ്വേഷ് അതിനൊന്നുമില്ല. അയാള്‍ എല്ലാവരോടും ചിരിക്കുന്നു. ഈ ആട് ഞങ്ങളുടെ എന്റെയും ഭാര്യയുടെയും ഓമനയാണ്. അതിനോട് കണ്ണില്‍ച്ചോരയില്ലാതെ പെരുമാറാന്‍ ഞങ്ങളില്ല. അത് ഞങ്ങളുടെ കുഞ്ഞിനെപ്പോലെയാണ്. ഈ സര്‍വ്വേഷുമാരോടാണ് ആടുമാടുകളെ എങ്ങനെ പോറ്റണം, പോറ്റിക്കൂടാ, എങ്ങനെ വില്ക്കണം വിറ്റുകൂടാ, എപ്പോള്‍ ഇറച്ചിക്കാര്‍ക്കു വില്ക്കണം വിറ്റുകൂടാ എന്നൊക്കെ ഈ കാലം കല്പിക്കുന്നത്!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here