ദില്ലി: മധ്യപ്രദേശിലെ മന്ദ്‌സോറില്‍ കര്‍ഷകരെ വെടിവച്ചുകൊലപ്പെടുത്തിയ പൊലീസ് നടപടിയെ സിപിഐഎം പൊളിറ്റ്ബ്യൂറോ ശക്തമായി അപലപിച്ചു. നിരവധി കര്‍ഷകര്‍ക്ക് പൊലീസ് വെടിവയ്പില്‍ ഗുരുതരമായി പരുക്കേറ്റിട്ടുമുണ്ട്. ബിജെപിക്ക് പൊതുവിലും മധ്യപ്രദേശ് സര്‍ക്കാരിന് പ്രത്യേകിച്ചുമുള്ള കര്‍ഷകവിരുദ്ധ സമീപനമാണ് ഒരു പ്രകോപനവുമില്ലാത്ത പൊലീസ് വെടിവയ്പിലൂടെ വ്യക്തമാകുന്നത്.

പൊലീസ് കൊലപ്പെടുത്തിയവരുടെ കുടുംബങ്ങള്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്നും പരുക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കണമെന്നും പിബി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പ്രകോപനമില്ലാതെ വെടിയുതിര്‍ക്കാന്‍ ഉത്തരവിട്ടവരെ ഉടന്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യണം. കര്‍ഷകപ്രക്ഷോഭത്തിന് ആധാരമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്നും പിബി ആവശ്യപ്പെട്ടു.