മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് ശ്രമിച്ചെന്ന് കേരളാ കോണ്‍ഗ്രസ് വാദം; മാണിയെ വീഴ്ത്താന്‍ പ്രവര്‍ത്തിച്ചത് ഉമ്മന്‍ചാണ്ടിയുള്‍പ്പെടെ

കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണിക്ക്, എല്‍ഡിഎഫിലേക്ക് ക്ഷണം ഉണ്ടായിരുന്നുവെന്ന വാദവുമായി കേരളാ കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായ. മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് ശ്രമിച്ചെന്നാണ് പ്രതിച്ഛായയിലെ വാദം. സംസ്ഥാന രാഷ്ട്രീയത്തിലെ താരത്തിളക്കമുള്ള മാണിയെ വീഴ്ത്തുകയായിരുന്നു കോണ്‍ഗ്രസിന്റെ ദിവാസ്വപ്‌നം. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഉമ്മന്‍ചാണ്ടിയുള്‍പ്പെടുന്നവരാണെന്നും പ്രതിച്ഛായയുടെ എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു.

മാണിയെ വീഴ്ത്തി സംസ്ഥാന രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് പൂര്‍വ്വാധികം ശക്തിപ്പെടുമെന്ന് ദിവാസ്വപ്‌നം കണ്ടവരാണ് ബാര്‍ കോഴ വിവാദം കൊണ്ടുവന്നതെന്നാണ് പ്രതിച്ഛായയുടെ എഡിറ്റോറിയല്‍ അവകാശപ്പെടുന്നത്. മഹാഭാരത യുദ്ധത്തില്‍ ഭീഷ്മരെ വീഴ്ത്താന്‍ പ്രത്യക്ഷപ്പെട്ട ശിഖണ്ഡിയുടെ റോള്‍ ആയിരുന്നു ബിജുരമേശിന്. ബാര്‍ കോഴയില്‍ കഴമ്പില്ലെന്ന് അന്നത്തെ മുഖ്യന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു.

പക്ഷെ അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കെഎം മാണിക്കെതിരെ വിജിലന്‍സ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടു. ബാര്‍ കോഴ വിവാദം മറയാക്കി ശക്തമായ സമരപരിപാടികളുമായി പ്രതിപക്ഷവും രംഗത്തുവന്നതോടെ ബാര്‍ കോഴ വിവാദം എതിരാളികള്‍ക്കുള്ള വടിയായി മാറുന്നുവെന്ന് തിരിച്ചറിഞ്ഞാണ് ഉമ്മന്‍ചാണ്ടിയുള്‍പ്പടെയുള്ളവര്‍ക്ക് മാണിയെ ന്യായീകരിച്ചുകൊണ്ട് പരസ്യപ്രസ്താവനകളുമായി രംഗത്ത് വരേണ്ടിവന്നതെന്നും പ്രതിച്ഛായ പറയുന്നു.

ഇടതുമുന്നണി മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രതിച്ഛായ അവകാശപ്പെടുന്നത്. മാണിയെ മുഖ്യമന്ത്രിയാക്കുന്നതിന് തടസം തിന്നത് ജോസ് കെ മാണിയാണെന്നും കേന്ദ്രമന്ത്രി സ്ഥാനം നല്‍കാമെന്ന് രാഹുല്‍ ഗാന്ധി വാക്കുകൊടുത്തെന്നും ചിലര്‍ പറയുന്നുണ്ട്.

അങ്ങനെയൊരു വാഗ്ദാനം നല്‍കിയിരുന്നെങ്കില്‍ എന്തുകൊണ്ട് അത് പാലിക്കപ്പെട്ടിട്ടില്ലെന്ന് ചോദിക്കുന്ന പ്രതിച്ഛായ മുസ്ലീം ലീഗിനോട് കാണിച്ച മാന്യത എന്തുകൊണ്ട് കേരളാ കോണ്‍ഗ്രസിനോട് കാട്ടിയില്ലയെന്നും ഇതിനേക്കാള്‍ വലിയ രാഷ്ട്രീയ വഞ്ചനയുണ്ടോ എന്ന ചോദ്യവുമാണുയര്‍ത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here