ദോഹ: അറബ് രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയ ഖത്തറിനെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇടുന്നത് യുഎഇയില്‍ കുറ്റകരം. ഖത്തറിനെ അനുകൂലിച്ച് പോസ്റ്റിടുന്നത് സൈബര്‍ കുറ്റത്തിന്റെ പരിധിയില്‍ വരുമെന്നാണ് യുഎഇ ജനറല്‍ പ്രൊസിക്യൂട്ടര്‍ അറിയിച്ചിരിക്കുന്നതെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഖത്തറിനെ അനുകൂലിച്ച് പോസ്റ്റോ, കമന്റോ ഇട്ടാല്‍ മൂന്നു മുതല്‍ 15 വര്‍ഷം വരെ തടവും അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയും ഈടാക്കും. തദ്ദേശിയര്‍ക്കും പ്രവാസികള്‍ക്കും ഇത് ബാധകമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ മലയാളികള്‍ അടക്കമുളളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യന്‍ എംബസിയോട് അടുത്ത വൃത്തങ്ങളും സൂചിപ്പിച്ചു.
സൗദി അറേബ്യക്ക് പിന്നാലെ നിരവധി രാജ്യങ്ങളാണ് ഖത്തറിനെതിരെയുളള നടപടികളുമായി മുന്നോട്ടു പോകുന്നത്. ജോര്‍ദാനും മൗറിത്താനിയും ഖത്തറുമായുളള ബന്ധം വിച്ഛേദിച്ചു. സൗദിയിലുളള ഖത്തറിന്റെ ഓഫിസുകള്‍ അടച്ചുകൊണ്ടിരിക്കുകയാണ്. ഉദ്യോഗസ്ഥര്‍ക്ക് രാജ്യം വിടാന്‍ 48 മണിക്കൂര്‍ സാവകാശമാണ് സൗദി നല്‍കിയിരിക്കുന്നത്. കൂടാതെ ഖത്തര്‍ മണി എക്‌സ്‌ചേഞ്ചുമായുളള ഇടപാട് നിര്‍ത്തിവെക്കാനും സൗദി ഉള്‍പ്പെടെ മൂന്നു രാജ്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് സൗദിയിലെത്തി. റിയാദിലെത്തിയ അമീര്‍ മക്ക ഗവര്‍ണറുമായും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായും പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഇതിനിടെ ഉപരോധത്തിന് വഴിവച്ചത് അമേരിക്കന്‍ ഇടപെടലുകളാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. തീവ്രവാദത്തിന് പ്രോത്സാഹനം നല്‍കുന്നു എന്ന് ആരോപിച്ചാണ് സൗദി അറേബ്യ, യുഎഇ, യെമന്‍, ഈജിപ്ത്, ബഹ്‌റിന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാവിധ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിച്ചത്.
എന്നാല്‍, അയല്‍ രാജ്യങ്ങള്‍ ചേര്‍ന്ന് ഒറ്റപ്പെടുത്തുന്ന നടപടിയില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഖത്തര്‍ ഭരണകൂടം അറിയിച്ചു. സാധാരണക്കാരെ പ്രതിസന്ധി ബാധിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞെന്നും ഖത്തര്‍ മന്ത്രിസഭ വ്യക്തമാക്കി. സൗദി അടക്കമുള്ള രാജ്യങ്ങളുടെ നീക്കം അമേരിക്കന്‍ നിര്‍ദ്ദേശത്തിന്റെ ഭാഗമാണെന്നും ഖത്തര്‍ ആരോപിച്ചു.
Get real time update about this post categories directly on your device, subscribe now.