ആരും തിരിഞ്ഞുനോക്കാത്ത മണികണ്ഠനൊപ്പം സര്‍ക്കാരുണ്ട്; അപൂര്‍വ്വ രോഗം ബാധിച്ച 13കാരന് ചികിത്സ സഹായം നല്‍കി ഇടതുസര്‍ക്കാര്‍

തിരുവനന്തപുരം: അപൂര്‍വ്വ രോഗം ബാധിച്ച 13കാരന്‍ മണികണ്ഠന് ചികിത്സ സഹായം നല്‍കി ഇടതുസര്‍ക്കാര്‍. ആരും തിരിഞ്ഞുനോക്കാതെ കിടന്ന മണികണ്ഠന് അത്താണിയാവാന്‍ സര്‍ക്കാരിന് സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞു.

മണികണ്ഠന്റെ രോഗവിവരം അറിഞ്ഞ ഉടന്‍ തന്നെ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടര ലക്ഷം കൈമാറിയെന്നും മന്ത്രി ബാലന്‍ അറിയിച്ചു. ചികിത്സയ്ക്ക് ശേഷം മണികണ്ഠന്‍ സാധാരണജീവിതത്തിലേക്ക് മടങ്ങിവന്നുകൊണ്ടിരിക്കുകയാണെന്നും ബാലന്‍ അറിയിച്ചു.

മന്ത്രി എകെ ബാലന്‍ പറയുന്നു:

മണികണ്‌ഠന്റെ അച്ഛന്റെയും അമ്മയുടെയും നന്ദി അറിയിച്ചുകൊണ്ടുള്ള കുറിപ്പ്‌ കിട്ടി. ഏറെ സന്തോഷം തോന്നി. എന്റെ മുന്നില്‍ മണികണ്‌ഠന്റെ ഫയല്‍ വന്നപ്പോള്‍ ഇത്രയധികം ചെയ്‌തുകൊടുക്കാന്‍ സാധിക്കും എന്ന്‌ കരുതിയതല്ല. പാലക്കാട്‌ ജില്ലയിലെ മുതലമട പഞ്ചായത്ത്‌, പറമ്പിക്കുളം, തേക്കടി അല്ലിമൂപ്പന്‍ കോളനിയിലെ പട്ടികവര്‍ഗ്ഗ മലസ്സന്‍ വിഭാഗത്തില്‍പ്പെട്ട കുടുംബമാണ്‌ രാമാത്താള്‍, ശെല്‍വന്‍ ദമ്പതികളുടെത്‌. ഇവരുടെ മകനായ 13 വയസുകാരന്‍ മണികണ്‌ഠന്‍ അപൂര്‍വ രോഗം പിടിപെട്ട്‌ ചികിത്സയിലായിരുന്നു. ചെറുപ്രായത്തില്‍ തന്നെ മണികണ്‌ഠന്റെ മൂക്കിന്‌ മുകളില്‍ മാംസം വളരാന്‍ തുടങ്ങിയിരുന്നു. കുട്ടിയുടെ വളര്‍ച്ചയ്‌ക്കനുസരിച്ച്‌ മൂക്കിന്റെ ദശയും വളര്‍ന്നുകൊണ്ടിരുന്നു. വര്‍ഷങ്ങളായി കുടുംബം ചികിത്സ തേടുന്നു. എവിടെ നിന്നും പരിഹാരം കാണാന്‍ സാധിച്ചില്ല. കുട്ടിയുടെ വിദ്യാഭ്യാസം മുടങ്ങി. പൊതുസമൂഹവുമായി ഇടപെടാന്‍ ഈ 13 വയസുകാരന്‌ പറ്റാതായി.

മണികണ്‌ഠന്റെ വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ തന്നെ ധനസഹായം നല്‍കണമെന്ന്‌ തീരുമാനിച്ചു. പട്ടികവര്‍ഗ്ഗ വകുപ്പ്‌ മുഖേന 2.55 ലക്ഷം രൂപ അനുവദിച്ചു. ചികിത്സയ്‌ക്ക്‌ ആവശ്യമായ എല്ലാ സഹായ സഹകരണവും നല്‍കാന്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്‌ നിര്‍ദ്ദേശം നല്‍കി. എറണാകുളം അമൃത ആശുപത്രിയില്‍ മെയ്‌ 30 ന്‌ ഓപ്പറേഷന്‍ കഴിഞ്ഞു. മണികണ്‌ഠന്‍ ഇപ്പോള്‍ സാധാരണ ജീവിതത്തിലേക്ക്‌ തിരികെ വരുകയാണ്‌.

‘Facial Encephalocele with Seizure Disorder’ എന്ന അപൂര്‍വ്വ രോഗമാണ്‌ ഉണ്ടായതെന്ന്‌ അമൃത ആശുപത്രിയിലെ ഡോ. സുഹാസ്‌ ഉദയകുമാരന്‍ പറയുന്നു. ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തീകരിച്ചുവെന്നും മണികണ്‌ഠന്‌ ഒരാഴ്‌ച കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങിപ്പോകാന്‍ സാധിക്കുമെന്നും ഡോക്‌ടര്‍ പറഞ്ഞു.

“ഞങ്ങളുടെ മകന്‍ അനുഭവിച്ച ദുരവസ്ഥയ്‌ക്ക്‌ ഒരു ശാപമോക്ഷം ലഭിച്ചതില്‍ ഞങ്ങള്‍ അതീവ സന്തുഷ്‌ടരാണ്‌” എന്ന ശ്രീ. ശെല്‍വന്റെയും, ശ്രീമതി, രാമാത്താളിന്റെയും വാക്കുകള്‍ ഈ സര്‍ക്കാരിന്‌ ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ്‌. ആരും തിരിഞ്ഞുനോക്കാതെ കിടന്ന മണികണ്‌ഠന്‌ അത്താണിയാവാന്‍ സാധിച്ചതിലുള്ള സന്തോഷം പങ്കുവെക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News