കൈക്കുഞ്ഞിന്റെ മരണം ഉള്‍ക്കൊള്ളാനാവാതെ ബലാത്സംഗത്തിനിരയായ അമ്മ; കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് ദില്ലി മെട്രോയില്‍; കുഞ്ഞ് മരിച്ചില്ലെന്ന് ഒരാളെങ്കിലും പറയാന്‍ കൊതിച്ച്; ഇതും മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയില്‍

ദില്ലി: ട്രെയിനിന്റെ അത്ഭുതക്കാഴ്ചകള്‍ കണ്ണുകളില്‍ നിറച്ച് കിളിക്കൊഞ്ചലുമായി ഉച്ചത്തില്‍ ചിരിക്കാന്‍ അവളിപ്പോള്‍ ഉണരുമെന്ന് ആ അമ്മ ആഗ്രഹിച്ചിരിക്കണം. നിശ്ചലയായി അമ്മയുടെ നെഞ്ചോട് ചേര്‍ന്ന് അവളങ്ങിനെ അനങ്ങാതെ കിടന്നു. മരണത്തിന്റെ തണുപ്പ് തിരിച്ചറിഞ്ഞിറിഞ്ഞിരിക്കണം ആ അമ്മയുടെ ശരീരം. എന്നാല്‍ അത് ഉള്‍ക്കൊള്ളാന്‍ ആ മനസ് തയ്യാറായിരുന്നില്ല.

ഭര്‍ത്താവുമായി പിണങ്ങി രാത്രി ബന്ധുവീട്ടിലേക്ക് പോകാന്‍ ഒന്‍പത് മാസം പ്രയമായ കൈക്കുഞ്ഞുമായി ഓട്ടോയില്‍ കയറിയതാണ് 19 കാരിയായ യുവതി. ഓട്ടോഡ്രൈവറും മറ്റ് രണ്ട് പേരും ചേര്‍ന്ന് ദില്ലി ഗുരുഗ്രാം എക്‌സ്പ്രസ് ഹൈവേക്ക് സമീപമുള്ള ഒരു റോഡില്‍ വെച്ച് യുവതിയെ ബലാത്സംഗത്തിനിരയാക്കി. ഇടക്ക് കരഞ്ഞ കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞു. പീഡിപ്പിച്ചവര്‍ കടന്നുകളഞ്ഞപ്പോള്‍ കുഞ്ഞിനെ തെരഞ്ഞ് നടന്നു. റോഡരികില്‍ കണ്ടത് തന്റെ പിഞ്ചോമനയുടെ മൃതദേഹമാണെങ്കിലും മരണം അംഗീകരിക്കാന്‍ അവള്‍ക്കായില്ല.

കുഞ്ഞിനേയുമെടുത്ത് ഭര്‍ത്താവിന്റെ വീട്ടിലേക്ക് ചെന്നു. അവിടെയുള്ള ഡോക്ടര്‍ മരിച്ചുവെന്ന് പറഞ്ഞപ്പോള്‍ കുഞ്ഞുമായി തുഗ്ലക്ബാദിലെ മാതാപിതാക്കളുടെ അടുത്തേക്ക് പോയി. അവിടെ നിന്ന് മെട്രോയില്‍ കയറി മറ്റൊരു ഡോക്ടറുടെ അരികില്‍ എത്തി കുട്ടിയെ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ കുട്ടി മരിച്ചിട്ട് എട്ട് മണിക്കൂറായെന്ന് ഡോക്ടര്‍ അറിയിച്ചു.

ഇതോടെ ഗുരുഗ്രാമില്‍ തിരികെയെത്തി യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തന്റെ കുഞ്ഞിനെ അവര്‍ ഓട്ടോയില്‍ നിന്നും വലിച്ചെറിഞ്ഞുവെന്നാണ് ആദ്യം പരാതി നല്‍കിയത്. പിന്നീടാണ് പീഡനം നടന്ന കാര്യം യുവതി പുറത്ത് പറഞ്ഞത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here