വീഴ്ചകളില്‍ പതറാത്ത പെണ്‍കരുത്തിന് സന്തോഷ ജന്മദിനം; പ്രിയ നായികയുടെ കൈ പിടിച്ച് ചലച്ചിത്രലോകം

പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് കാര്‍ത്തിക മേനോന്‍ എന്ന മെലിഞ്ഞ 16 വയസുകാരി മലയാളികളുടെ ഹൃദയത്തിലേക്ക് പതിഞ്ഞ കാല്‍വെപ്പുമായി കടന്നുവന്നത്. കമലിന്റെ നമ്മളിലെ പരിമളം പിന്നീട് മലയാള വെള്ളിത്തിരയില്‍ നിറഞ്ഞ പുഞ്ചിരിയുമായി പരിമളം പരത്തി. സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ മലയാളിയുടെ മുറ്റത്ത് നിന്നും കാര്‍ത്തിക മേനോനെന്ന ഭാവന തന്നിന്ത്യന്‍ താര സുന്ദരിയായും തിളങ്ങി.

ഒന്നരപതിറ്റാണ്ടിനിടയില്‍ 75 ഓളം ചിത്രങ്ങളില്‍ നായികയായി മിന്നിത്തിളങ്ങിയ ഭാവന ജന്മദിനാഘോഷത്തിന്റെ സന്തോഷത്തിലാണ്. 1986 ജൂണ്‍ ആറാം തിയതി ബാലചന്ദ്രന്റെയും പുഷ്പയുടേയും മകളായാണ് ഭാവന ജനിച്ചത്. ആരും തകര്‍ന്നു പോകുമായിരുന്ന ജീവിത സാഹചര്യത്തോട് പടപൊരുതി തലഉയര്‍ത്തി നില്‍ക്കുന്ന ഭാവന ഇന്ന് പോരാട്ടത്തിന്റെ പ്രതീകം കൂടിയാണ്.

എത്രവലിയ പ്രതിസന്ധിക്ക് മുന്നിലും തളരരുതെന്ന് ഒരു തലമുറയെ പഠിപ്പിച്ച ആ വലിയ കലാകാരിയുടെ ജന്മദിനം ഏവരും ഹൃദയം കൊണ്ട് ആഘോഷിച്ചു. ചലച്ചിത്ര ലോകം ഒന്നടങ്കം പ്രിയ നായികയുടെ കൈപിടിച്ച് ഏവരും ജന്മദിന സന്തോഷം പങ്കുവെച്ചിട്ടുണ്ട്.

പ്രതിസന്ധികളില്‍ കരുത്ത് പകര്‍ന്ന നവീനെന്ന സ്‌നേഹിതനുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞതും പ്രിയ നായികയ്ക്ക് 31ാം ജന്മദിനത്തില്‍ സന്തോഷം പകരുന്നുണ്ട്.

പ്രതിസന്ധികളുടെയും തിരിച്ചടികളുടേയും മുന്നില്‍ ജീവിതം കരഞ്ഞു തീര്‍ക്കേണ്ടവളല്ല പെണ്ണ് എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ ഭാവനയുടെ 31ാം ജന്മദിനത്തിന് പോരാട്ടത്തിന്റെ തിളക്കം കൂടിയുണ്ട്.
‘ പെണ്‍കുട്ടികളോട് എന്നിക്ക് ഒന്നേ ചോദിക്കാനുള്ളു. നമ്മള്‍ തെറ്റ് ചെയ്തിട്ടില്ല എങ്കില്‍ എന്തിനു അത് മൂടി വയ്ക്കണം. എന്തിനാണ് നാണിക്കുന്നത്.. ?എന്തിനാണ് മുഖം താഴ്‌ത്തേണ്ടത്.. ? തെറ്റ് ചെയ്തവരാണ് നാണിക്കേണ്ടത്, അവരാണ് മുഖം താഴ്‌ത്തേണ്ടത്, നമ്മളല്ല ‘ എന്ന ഭാവനയുടെ ആ ശബ്ദം ഇന്നും പെണ്‍കുട്ടികള്‍ക്ക് നേരെ കഴുകന്‍ കണ്ണുകളുയര്‍ത്തുന്നവരുടെയെല്ലാം ഉറക്കത്തില്‍ പോലും മാറ്റൊലി കേള്‍ക്കുന്നുണ്ടാകും.

ഒരു തലമുറയ്ക്ക് മാതൃകയായ ധൈര്യവും മനക്കരുത്തും സ്വന്തമാക്കിയ ഭാവനയുടെ നിറഞ്ഞ പുഞ്ചിരി ആയിരം പൂര്‍ണചന്ദ്രന്‍മാരെ കാണട്ടെയെന്ന ആശംസയാണ് ഏവരും പങ്കുവെയ്ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News