‘എന്നാലും പറയട്ടെ ബിജെപിക്കാരാ, ഇതല്‍പ്പം ഓവറാണ്…’ സമാധാനവുമായിട്ട് ജീവിക്കുന്ന മലയാളികളെ ശല്യപ്പെടുത്താന്‍ മാത്രമായിട്ട് ഒരു പാര്‍ട്ടി

തിരുവനന്തപുരം: വ്യാഴാഴ്ച ഹര്‍ത്താല്‍ നടത്താനുള്ള ബിജെപി തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. തന്റെ പാര്‍ട്ടിയടക്കം എല്ലാ പാര്‍ട്ടിക്കാരും ഹര്‍ത്താല്‍ നടത്താറുണ്ട്. എന്നാലും പറയട്ടെ ബിജെപിക്കാരാ, ഇതല്‍പ്പം ഓവറാണ്. ഇക്കൊല്ലം തന്നെ നിങ്ങളുടെ വക ഇത് എത്രാമത്തെ ഹര്‍ത്താലാണെന്നതിന് വല്ല കണക്കുമുണ്ടോയെന്നും ബല്‍റാം ചോദിക്കുന്നു.

‘എന്റെ പാര്‍ട്ടിയടക്കം എല്ലാ പാര്‍ട്ടിക്കാരും ഹര്‍ത്താല്‍ നടത്താറുണ്ട്. നിവൃത്തിയില്ലാത്ത ഘട്ടത്തില്‍ ഇനിയും നടത്തുമായിരിക്കും. എന്നാലും പറയട്ടെ ബിജെപിക്കാരാ, ഇതല്‍പ്പം ഓവറാണ്. ഇക്കൊല്ലം തന്നെ നിങ്ങളുടെ വക ഇത് എത്രാമത്തെ ഹര്‍ത്താലാണെന്നതിന് വല്ല കണക്കുമുണ്ടോ? സ്വൈരവും സമാധാനവുമായിട്ട് ജീവിക്കുന്ന മലയാളികളെ ശല്ല്യപ്പെടുത്താന്‍ മാത്രമായിട്ട് ഒരു പാര്‍ട്ടി എന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തി തോന്നുന്നില്ല.’-വിടി ബല്‍റാം പറയുന്നു.

ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ട്യൂട്ടേഴ്‌സ് ലൈനിലെ ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബൈക്കിലെത്തിയ രണ്ട് പേര്‍ പെട്രോള്‍ ബോംബെറിഞ്ഞിരുന്നു. അക്രമത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്നാണ് ബിജെപിയുടെ ആരോപണം.

എന്നാല്‍ സംഭവവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് സിപിഐഎം ജില്ലാ കമ്മിറ്റി അറിയിച്ചു. യെച്ചൂരിയെ സംഘപരിവാര്‍ ഗുണ്ടകള്‍ ആക്രമിച്ചതിനെതിരെ പ്രതിഷേധമുയരുന്നതിനിടെ ശ്രദ്ധ തിരിക്കാനായി ബോധപൂര്‍വ്വം കെട്ടിച്ചമച്ച സംഭവമാണിതെന്നും സിപിഐഎം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News