കൊല്ലത്ത് അഗതിമന്ദിരത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ തൂങ്ങി മരിച്ച നിലയില്‍; ഡയറികുറിപ്പുകള്‍ കണ്ടെത്തി

കൊല്ലം: ഇഞ്ചിവിളയില്‍ സര്‍ക്കാര്‍ ആഫ്റ്റര്‍ കെയര്‍ ഹോമില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് വിദ്യാര്‍ത്ഥിനികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പ്ലസ്ടു, പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസ് പ്രാഥമിക വിലയിരുത്തല്‍.

കരുനാഗപ്പള്ളി സ്വദേശിനിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനി, കിളികൊല്ലൂര്‍ സ്വദേശിനിയായ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കെട്ടിടത്തിലെ ഒന്നാം നിലയിലേയ്ക്കുള്ള പടിക്കെട്ടിലെ കമ്പിയില്‍ ഷോള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. രാവിലെ അന്തേവാസികളായ കുട്ടികളാണ് മൃതദേഹം കണ്ടത്. ജില്ലകലക്ടര്‍ ടി മിത്രയുടെ സാനിധ്യത്തിലായിരുന്നു പൊലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയത്.

പ്ലസ്ടു വിദ്യാര്‍ത്ഥിനി കഴിഞ്ഞ ജനുവരിയിലും, പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഒരു മാസം മുന്‍പുമാണ് അഗതിമന്ദിരത്തില്‍ എത്തിയത്. പെണ്‍കുട്ടികളുടെ ആത്മഹത്യ കുറിപ്പെന്ന് കരുതുന്ന ഡയറികുറിപ്പുകള്‍ പൊലീസിന് ലഭിച്ചു. വീട്ടില്‍ പോകാന്‍ കഴിയാത്തതിന്റെ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നെന്ന് ഡയറിക്കുറിപ്പുകളില്‍ സൂചനയുണ്ട്.

മരിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിനിയ പ്ലസ് വണില്‍ 5 വിഷയങ്ങളില്‍ തോറ്റിരുന്നു. അതിന് ശേഷം ഈ കുട്ടിയും മാനസിക വിഷമത്തിലായിരുന്നെന്നും മറ്റ് കുട്ടികള്‍ മൊഴിനല്‍കി. രണ്ട് കുട്ടികളും അടുത്ത ബന്ധുക്കളില്‍ നിന്നും പീഡനത്തിന് ഇരയായാണ് അഗതിമന്ദിരത്തിലെത്തിച്ചത്. അതേ സമയം കൗണ്‍സിലിംങ് സംവിധാനം കാര്യക്ഷമമാക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സൂസന്‍കോടി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here