കായികതാരങ്ങളോടുള്ള വാക്ക് പാലിച്ച് ഇടതുസര്‍ക്കാര്‍; ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ 68 താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി

തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ കേരളത്തിനായി മെഡല്‍ നേടിയ 68 കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനമാകുന്നു. ഇതിനായി 28 വകുപ്പുകളില്‍ എല്‍.ഡി ക്ലര്‍ക്കിന്റെ സൂപ്പര്‍ ന്യൂമറി തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവായി. മെഡല്‍ ജേതാക്കള്‍ക്ക് ജോലി നല്‍കുമെന്ന് കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടികളെടുത്തിരുന്നില്ല. കായിക വകുപ്പ് മന്ത്രി എസി മൊയ്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഇപ്പോള്‍ നടപടിയുണ്ടായത്.

കേരളത്തില്‍ നടന്ന 35-ാമത് ദേശിയ ഗെയിംസില്‍ സംസ്ഥാനത്തിനായി വ്യക്തിഗത വിഭാഗത്തില്‍ മെഡലുകളും, ടീം ഇനത്തില്‍ സ്വര്‍ണ്ണ മെഡലുകളും നേടിയ 68 കായിക താരങ്ങള്‍ക്കാണ് സര്‍ക്കാര്‍ ജോലി ലഭിക്കുന്നത്. ഇവര്‍ക്ക് നിയമനം നല്‍കുന്നതിനായി 28 വകുപ്പുകളില്‍ എല്‍.ഡി ക്ലര്‍ക്കിന്റെ സൂപ്പര്‍ ന്യൂമറി തസ്തികകള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവായി.

ദേശിയ ഗെയിംസില്‍ കേരളത്തിനായി മെഡല്‍ നേടിയ താരങ്ങള്‍ക്ക് ജോലി നല്‍കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ ഒന്നുംതന്നെയുണ്ടായിരുന്നില്ല. കായിക വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഇപ്പോള്‍ നിയമന നടപടികള്‍ ആരംഭിച്ചത്.

ദേശിയ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ സജന്‍ പ്രകാശ്, എലിസബത്ത് സൂസന്‍ കോശി എന്നിവര്‍ക്ക് സര്‍ക്കാര്‍ നേരത്തെ ആംഡ് പൊലീസ് തസ്തികയില്‍ നിയമനം നല്‍കിയിരുന്നു. വെള്ളി, വെങ്കല മെഡലുകള്‍ നേടിയ 83 കായിക താരങ്ങള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമനം നല്‍കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും കഴിഞ്ഞ സര്‍ക്കാര്‍ നടത്താതിരുന്ന സ്‌പോര്‍ട്‌സ് ക്വാട്ട നിയമനങ്ങള്‍ നടത്താനുള്ള നടപടികള്‍ അന്തിമഘടത്തിലാണെന്നും കായികവകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here