ബിജെപി ഹര്‍ത്താലിനെ തള്ളി തലസ്ഥാനത്തെ ജനം; സ്വകാര്യ വാഹനങ്ങള്‍ നിരത്തില്‍; ദീര്‍ഘദൂര യാത്രക്കാര്‍ക്ക് യാത്രാ സൗകര്യം ഒരുക്കി പൊലീസ്; കെഎസ്ആര്‍ടിസി തടഞ്ഞ 17 ബിജെപി പ്രവർത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി ആഹ്വാനം ചെയ്ത ജില്ലാ ഹര്‍ത്താല്‍ തള്ളി ജനം. ഹര്‍ത്താലില്‍ ഇതുവരെ അക്രമ സംഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. കെഎസ്ആര്‍ടിസി കോണ്‍വെയ് അടിസ്ഥാനത്തില്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. ട്രെയിനിലും മറ്റും വന്നെത്തുന്ന ദീര്‍ഘദൂര യാത്രക്കാര്‍ക്ക് തമ്പാന്നൂരില്‍ പൊലീസ് യാത്രാ സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി.

കാട്ടാക്കടയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകള്‍ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. അതേസമയം, സ്വകാര്യ ബസുകളും ടാക്‌സികളും സര്‍വീസ് നടത്തുന്നില്ല.

പാറശാല, വെള്ളറട, പൂവാർ, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകള്‍ കെഎസ്ആര്‍ടിസി നിർത്തി.നെയ്യാറ്റിൻകരയിൽ ബസ് തടയാൻ ശ്രമിച്ച 17 ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ട്യൂട്ടേഴ്‌സ് ലൈനിലെ ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബൈക്കിലെത്തിയ രണ്ട് പേര്‍ പെട്രോള്‍ ബോംബെറിഞ്ഞിരുന്നു. അക്രമത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ സംഭവവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് സിപിഐഎം ജില്ലാ കമ്മിറ്റി അറിയിച്ചു. യെച്ചൂരിയെ സംഘപരിവാര്‍ ഗുണ്ടകള്‍ ആക്രമിച്ചതിനെതിരെ പ്രതിഷേധമുയരുന്നതിനിടെ ശ്രദ്ധ തിരിക്കാനായി ബോധപൂര്‍വ്വം കെട്ടിച്ചമച്ച സംഭവമാണിതെന്നും സിപിഐഎം വ്യക്തമാക്കി.

ചേര്‍ത്തല നഗരസഭയിലും ബിജെപി ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഒളവണ്ണയില്‍ പാര്‍ട്ടി ഓഫീസ് അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് ഒളവണ്ണ പഞ്ചായത്തില്‍ സിപിഐഎമ്മും ഹര്‍ത്താലിന് ആഹ്വാനം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here