കശാപ്പ് നിരോധന വിജ്ഞാപനം റദ്ദാക്കണമെന്ന് മുഖ്യമന്ത്രി പിണറായി; പ്രത്യേക നിയമസഭാ സമ്മേളനം കേന്ദ്രത്തിനെതിരായ പ്രമേയം പാസാക്കി

തിരുവനന്തപുരം: കന്നുകാലികളെ കശാപ്പിനായി വില്‍ക്കരുതെന്ന കേന്ദ്ര വിജ്ഞാപനത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കി. കേന്ദ്ര ഉത്തരവ് പിന്‍വലിക്കണമെന്ന് വിഷയം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനം ആവശ്യപ്പെട്ടു.

സംഘ്പരിവാറിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനായി കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനം റദ്ദാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയമവതരിപ്പിച്ച് ആവശ്യപ്പെട്ടു. രാഷ്ട്രീയ നേട്ടത്തിനായുള്ള ഈ നീക്കം ദൂരവ്യാപകമായ പ്രത്യാഘാതമാണ് സൃഷ്ടിക്കുക. വന്‍കിടക്കാരെ സഹായിക്കുന്നതിനുള്ളതാണ് ഈ വിജ്ഞാപനം ജനങ്ങളെ ഭിന്നിപ്പിക്കാനുള്ളതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

ജനങ്ങളുടെ തൊഴില്‍, വ്യാപാര, ആഹാര സ്വാതന്ത്യ്രത്തെ ഹനിക്കുന്ന തീരുമാനമാണിത്. വിജ്ഞാപനത്തിലെ ചട്ടങ്ങള്‍ക്ക് നിയമപരമായ സാധുതയില്ലാത്തതും പൗരന്റെ മൗലികാവകാശങ്ങള്‍ ഹനിക്കുന്നതുമാണ്. എന്ത് കഴിക്കണം എന്ന് തീരുമാനിക്കേണ്ടത് പൗരന്മാരാണ്. വിജ്ഞാപനം കൊണ്ടുവന്നതിലൂടെ സാധാരണക്കാരന്റെ അടുക്കളയില്‍ കടന്നു കയറാനുള്ള ശ്രമമാണ് കേന്ദ്രത്തിന്റേത്. ആരോഗ്യ പ്രതിസന്ധിക്കുവരെ ഈ നിയന്ത്രണം ഇടയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്ന തീരുമാനം കന്നുകാലി കൃഷിയെയും ദോഷകരമായി ബാധിക്കും. കന്നുകാലി ചന്തകളില്‍നിന്നാണ് കൃഷിക്കും പാലുല്‍പാദനത്തിമെല്ലാം കേരളത്തില്‍ കാലികളെ വാങ്ങുന്നത്. ഇത് നിര്‍ത്തലാക്കുന്നതോടെ ക്ഷീരകര്‍ഷകരും പ്രതിസന്ധിയിലാകും. പാലുല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാനുള്ള സംസ്ഥാനത്തിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാകും. കറവ വറ്റിയ കന്നുകാലികളെ ചന്തയില്‍ വിറ്റിട്ടാണ് കര്‍ഷകര്‍ പുതിയവയെ വാങ്ങിയിരുന്നത്. അതിന് കഴിയാതെ വരുമ്പോള്‍ പ്രായമായ കന്നുകാലികളെ സംരക്ഷിക്കാന്‍ കര്‍ഷകര്‍ അധികം തുക മുടക്കേണ്ടിവരും. എകദേശം 40,000 രൂപയോളം ഒരു കന്നുകാലിക്ക് വര്‍ഷത്തില്‍ ചെലവാക്കേണ്ടിവരും. ഇത് കര്‍ഷകര്‍ക്ക് താങ്ങാവുന്നതിലും അധികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി രംഗത്തെത്തി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ ആറാം അധ്യായം കേരളത്തിന് ബാധകമല്ല. കേരളത്തിന് ബാധകമല്ലാത്ത കാര്യം സഭ ചര്‍ച്ച ചെയ്യേണ്ടതുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. താന്‍ പ്രമേയത്തെ അനുകൂലിക്കുന്നുവെന്നും നടപടി ക്രമങ്ങള്‍ സംബന്ധിച്ച് നിയമപ്രശ്‌നമുണ്ടെന്നും മാണി വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News