തനിനിറം കാണിച്ച് സംഘിപൊലീസ്; യെച്ചൂരിയെ ആക്രമിച്ച പ്രതികളെ ഉടന്‍ വിട്ടയക്കും; കോടതിയില്‍ ഹാജരാക്കില്ല: നടപടിയില്‍ ആശ്ചര്യമില്ലെന്ന് യെച്ചൂരി

ദില്ലി: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആക്രമിച്ച സംഘ്പരിവാര്‍ പ്രവര്‍ത്തകരെ സംരക്ഷിച്ച് ദില്ലി പൊലീസ്. പരമാവധി മൂന്നുമാസം വരെ മാത്രം ശിക്ഷ ലഭിക്കുന്ന കുറ്റം മാത്രമാണ് പിടിയിലായവര്‍ക്കെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്. യെച്ചൂരിയെ ആരും ആക്രമിച്ചിട്ടില്ലെന്നും എകെജി ഭവനില്‍ അതിക്രമിച്ചു കടക്കുക മാത്രമാണ് നടന്നിട്ടുള്ളതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ചുമത്തപ്പെട്ട വകുപ്പുകള്‍ അനുസരിച്ച് പ്രതികള്‍ക്ക് ഉടന്‍ ജാമ്യം ലഭിക്കും. കോടതിയില്‍ പോലും ഹാജരാക്കാതെ, പ്രതികളെ സ്റ്റേഷനില്‍ നിന്ന് ജാമ്യം നല്‍കി വിട്ടയ്ക്കാനാണ് നീക്കം. അക്രമികള്‍ ഹിന്ദുസേനാ അനുഭാവികള്‍ മാത്രമാണെന്നാണ് പൊലീസിന്റെ നിലപാട്. എകെജി ഭവനില്‍ അതിക്രമിച്ചു കയറിയതിനും ശല്യമുണ്ടാക്കിയതിനുമാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

ബുധനാഴ്ചയാണ് യെച്ചൂരിക്കുനേരേ ഹിന്ദുസേന പ്രവര്‍ത്തകരുടെ കൈയേറ്റമുണ്ടായത്. പൊലീസിന്റേയും മാധ്യമങ്ങളുടേയും സാന്നിദ്ധ്യത്തില്‍ പവന്‍ ആകൗള്‍, ഉപേന്ദ്ര എന്നീ രണ്ട് ഹിന്ദുസേന പ്രവര്‍ത്തകരാണ് യെച്ചൂരിയെ ആക്രമിച്ചത്.

യെച്ചൂരി വാര്‍ത്താ സമ്മേളനം നടക്കുന്ന ഹാളിലേക്കുള്ള കവാടത്തിലെത്തിയ ഉടന്‍ അക്രമികള്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചു. ‘സിപിഐഎം രാജ്യദ്രോഹികള്‍, യെച്ചൂരി പാകിസ്ഥാനിലേക്ക് പോ, സിപിഐഎം മൂര്‍ദാബാദ്, ആര്‍എസ്എസ് സിന്ദാബാദ്, ഭാരത് മാതാ കീ ജയ്’ എന്നീ മുദ്രാവാക്യങ്ങളാണ് വിളിച്ചത്. യെച്ചൂരിയെ ആക്രമിക്കാന്‍ മുതിര്‍ന്നതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇരുവരെയും പിടികൂടി. ഒരാള്‍ താഴെ നിലയിലേക്ക് ഓടി രക്ഷപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. രണ്ടാമന്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഒന്നാംനിലയിലെ മുറിയിലാണെത്തിയത്. മുറിക്കുള്ളില്‍ കയറിയ പ്രവര്‍ത്തകര്‍ ഇയാളെ അകത്തുനിന്നു പൂട്ടി. തുടര്‍ന്ന് ഇവരെ കീഴ്‌പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

അതേസമയം, ദില്ലി പൊലീസ് നടപടിയില്‍ ആശ്ചര്യമില്ലെന്ന് യെച്ചൂരി പ്രതികരിച്ചു. കേസ് അന്വേഷിക്കുന്നത് ബിജെപി നിയന്ത്രിക്കുന്ന പൊലീസാണല്ലോയെന്നും യെച്ചൂരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here