8.30 നു ബോംബ് എറിഞ്ഞ കാര്യം വി മുരളീധരന്റെ വിശ്വസ്തനായ സംഘപരിവാറുകാരന്‍ 6.30നു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു; തളിവുസഹിതമുള്ള സിപിഐഎം ജില്ലാസെക്രട്ടറിയുടെ പോസ്റ്റ് വൈറലാകുന്നു

തിരുവനന്തപുരത്തു BJP ഓഫീസിനു നേരെ ബോംബെറിഞ്ഞത് ആരാണെന്ന ചോദ്യവുമായാണ് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. ബി ജെ പി ഓഫീസിലെ ബോംബാക്രമണം നേതൃതം അറിഞ്ഞുകൊണ്ടുളള തിരക്കഥയായിരുന്നെന്ന തെളിവുകളടക്കം ആനാവൂര്‍ പുറത്തുവിട്ടിട്ടുണ്ട്.

ഇന്നലെ ഓഫീസില്‍ ബോംബേറുണ്ടായത് രാത്രി 8:30നും 9നും ഇടയിലായിരുന്നു. എന്നാല്‍ വൈകുന്നേരം 6.30 ന് തന്നെ ബി ജെ പി മുന്‍ പ്രസിഡന്റ് വി മുരളീധരന്റെ വിശ്വസ്ത അനുയായി ആക്രമണം നടന്നെന്നു കാട്ടി പോസ്റ്റ് ഇട്ടിരുന്നു. ,

തിരുവനന്തപുരം കഴക്കൂട്ടം മണ്ഡലത്തിലെ യുവമോര്‍ച്ച നേതാവും, വി.മുരളീധരന്റെ പ്രിയപ്പെട്ട അടുപ്പക്കാരനുമായ ജയദേവ് ഹരീന്ദ്രന്‍ നായരുടെ എഫ് ബി പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമുള്ള ആനാവൂരിന്റെ പോസ്റ്റില്‍ കാര്യങ്ങള്‍ ബി ജെ പി നാടകമാണെന്ന് തെളിയിക്കുന്നു.

രാത്രി8:30 നു ശേഷം നടന്ന സംഭവത്തെ പരാമര്‍ശിച്ചു മണിക്കൂറുകള്‍ക്കു മുന്നേ യുവമോര്‍ച്ചാ നേതാവ് എഫ് ബി പോസ്റ്റ് ഇട്ടതെങ്ങനെയെന്നും അദ്ദേഹം ചോദിക്കുന്നു. സിസിടിവി ക്യാമറ ഓഫായിരുന്നതിന്റെ രഹസ്യം മനസിലായല്ലോ അല്ലെയെന്നും അദ്ദേഹം ചോദിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ ചെയ്ത മാപ്പര്‍ഹിക്കാത്ത അതിക്രമത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ഒരു ഹര്‍ത്താല്‍ വേണം. ഹര്‍ത്താല്‍ നടത്താന്‍ ഒരു ഓഫീസ് ബോംബെറിയണം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രം BJP 7 ഹര്‍ത്താല്‍ നടത്തി. ചെറിയ സംഭവങ്ങളുടെ പേരിലും, ഇത് പോലെ ക്രിയേറ്റ് ചെയ്തുമാണ് ഹര്‍ത്താലും അതിന്റെ മറവില്‍ കലാപവും നടത്തുന്നത്. ബോധപൂര്‍വ്വം കലാപം നടത്താന്‍ ശ്രമിക്കുന്ന ഇത്തരക്കാരെ എന്തുചെയ്യണമെന്ന് പ്രബുദ്ധ കേരളം പ്രതികരിക്കട്ടെയെന്ന ആഹ്വാനത്തോടെയാണ് സി പി ഐ എം ജില്ലാ സെക്രട്ടറി പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

തെളിവുസഹിതമുള്ള ആനാവൂര്‍ നാഗപ്പന്റെ പോസ്റ്റ് ഇതിനകം വൈറലായിട്ടുണ്ട്. തെളിവുകള്‍ പുറത്തുവന്നതോടെ ബിജെപി നേതൃത്വം പ്രതിക്കൂട്ടിലായിട്ടുണ്ട്. അന്വേഷണവും ബി ജെ പി നേതാക്കളിലേക്ക് നീണ്ടുകഴിഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here