‘സ്വാതന്ത്ര്യസമരം നടക്കുമ്പോള്‍ ജാഥ കാണാന്‍ വേലിക്കല്‍ ചെന്നു നില്‍ക്കുന്ന വഴിക്ക് നീര്‍ക്കോലി കടിച്ചെങ്കിലും ചത്ത ഒരു ആര്‍ എസ് എസ്സുകാരനെ കാണിച്ചുതരാമോ?’ യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് തരംഗമാവുന്നു

ദേശസ്‌നേഹത്തിന്റെ അപ്പോസ്തലന്‍മാരെന്ന് സ്വയം വാദിക്കുന്ന ആര്‍ എസ് എസിനും സംഘപരിപാറിനുമുള്ള ചുട്ട മറുപടിയാണ് ദീപക് ശങ്കരനാരായണന്റെ ഫേസബുക്ക് പോസ്റ്റ്

രാജ്യ സ്‌നേഹത്തിന് വിലയിടാന്‍ ആരാണ് ആര്‍ എസ് എസിനും ബിജെപിക്കും അധികാരം നല്‍കിയിരിക്കുന്നത്. സ്വാതന്ത്ര്യസമരകാലത്ത് ദേശസ്‌നേഹം മറന്ന് ഇംഗ്ലീഷുകാരന് സല്യൂട്ടടിച്ചപ്പോള്‍ എവിടെയായിരുന്നു, രാജ്യ സ്‌നേഹം. സവാര്‍ക്കറിനെപ്പോലെ രാജ്യത്തെ ഒറ്റിക്കൊടുത്ത കപട രാജ്യസ്‌നേഹികളുടെ പിന്‍മുറക്കാരായ സഘികള്‍ക്ക് രാജ്യസ്‌നേഹത്തെക്കുറിച്ച് പറയാന്‍ അര്‍ഹതയണ്ടോ? സ്വാതന്ത്യ സമരകാലത്ത് എന്താണ് സംഘികള്‍ ചെയ്തത്? ആര്‍ എസ് എസ്സിന്റെ കപട രാജ്യ സ്‌നേഹത്തെ പൊളിച്ചെഴുതുന്ന ഫേസ് ബുക്ക് പോസ്റ്റ്

പട്ടാളത്തെ വിമര്‍ശിച്ചതുകൊണ്ടാണത്രേ യെച്ചൂരിയെ പോയി തള്ളിയിട്ടത്! പട്ടാളമാണല്ലോ കാവി സ്വതന്ത്ര ഇന്ത്യയുടെ ഏറ്റവും വലിയ ഐക്കണ്‍. എന്നാപ്പിന്നെ സ്വാതന്ത്ര്യസമരത്തില്‍ ആര്‍ എസ് എസ്സിന്റെ പങ്കെന്താണെന്നുകൂടി നോക്കാം.ലോകചരിത്രത്തിലെ ഏറ്റവും വലിയ ബഹുജനമുന്നേറ്റമായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യസരം. മത, പ്രാദേശിക ഭേദമില്ലാതെ അന്നത്തെ ഇന്ത്യയിലെ ഏതാണ്ടെല്ലാ വിഭാഗങ്ങളും സ്വാതന്ത്ര്യസമരത്തില്‍ പങ്കാളികളായി.

അതില്‍ നിന്ന് മാറിനില്‍ക്കുക എന്നതാണ് ശ്രദ്ധിക്കപ്പെടേണ്ട നിലപാട്, കൂടെ നില്‍ക്കുക എന്നത് അത്രമാത്രം സ്വാഭാവികമായിരുന്നു, അതിന് പ്രിവിലേജില്ലാതിരുന്ന സാമൂഹ്യമായി അത്രയും പിന്നോക്കം നിന്നിരുന്ന വിഭാഗങ്ങളെ മാറ്റിനിര്‍ത്തിയാല്‍.

അപോള്‍ സ്വാതന്ത്ര്യ സമരത്തെ ഇടതുപക്ഷം എതിര്‍ത്തു എന്ന് കേള്‍ക്കുന്നതോ?ഇടതുപക്ഷം ബഹിഷ്‌കരിച്ചത് – കേട്ടല്ലോ, എതിര്‍ത്തതല്ല – എം കെ ഗാന്ധി കോണ്‍ഗ്രസ് പരിപാടിയായി നടത്തിയ, സ്വാതന്ത്യപ്രാപ്തിക്ക് വെറും അഞ്ചുവര്‍ഷം മുമ്പ് തുടങ്ങിവച്ച, ഫലത്തില്‍ മിക്കവാറും ഒരു ഗാന്ധിയന്‍ മാനറിസച്ചടങ്ങായിരുന്ന, ക്വിറ്റ് ഇന്ത്യാ സമരത്തെയാണ്. അത് സ്വാതന്ത്ര്യസമരത്തിന്റെ അനേകം ശാഖകളില്‍ ഒന്ന് മാത്രമായിരുന്നു, തീര്‍ച്ചയായും പ്രമുഖമായ ഒന്ന്. പക്ഷേ ക്വിറ്റ് ഇന്ത്യാ സമരത്തിന് ഇന്ത്യയുടെ സ്വാതന്ത്ര്യം എന്ന അന്തിമഫലവുമായി എത്രമാത്രം ബന്ധമുണ്ടായിരുന്നു എന്നത് തര്‍ക്കവിഷയമാണ്.

അല്ലാതെ ഇടതുപക്ഷം ആര്‍ എസ് എസ്സിനെപ്പോലെ സ്വാതന്ത്ര്യസമരത്തെ ഒറ്റുകയല്ല ചെയ്തത്, രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഹിറ്റ്‌ലര്‍ എന്ന ആഗോളഭീഷണിക്കെതിരെ യുദ്ധം ചെയ്തിരുന്ന ബ്രിട്ടനെതിരെയുള്ള രാഷ്ട്രീയപ്രതിരോധം തല്‍ക്കാലം ഹിറ്റ്‌ലര്‍ക്ക് ഗുണകരമാകുമെന്ന തിരിച്ചറിവില്‍ ഗാന്ധിയുടെ പ്രകടനപരമായ ക്വിറ്റിന്ത്യാ സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഹിറ്റ്‌ലര്‍ എന്ന വലിയ ഭീഷണിക്കുമുന്നില്‍ എല്ലാത്തരം കൊളോണിയല്‍ അനീതികളോട് കൂടിപ്പോലും ബ്രിട്ടന്‍ ഭേദമാണ്എന്ന ഡയലക്റ്റിക്കല്‍ നിലപാട് തല്‍ക്കാലത്തേക്ക് എടുക്കുകയായിരുന്നു.

ആശയപരമായ വൈരുദ്ധങ്ങള്‍ കാരണം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സമരത്തില്‍ കൂടാതെ സ്വന്തം നിലക്ക് സമരം തുടരുകയായിരുന്നു. ആ നിലപാടിനോട് വേണമെങ്കില്‍ വിയോജിക്കാം, പക്ഷേ ഇന്ത്യന്‍ സ്വാതന്ത്ര്യസമരം, കോണ്‍ഗ്രസ്സിന്റെ അകത്തുപോലും, ഇടതുപക്ഷത്തിന്റെ സജീവമായ പങ്കാളിത്തവും സ്വാധീനവുമുണ്ടായിരുന്ന ഒന്നായിരുന്നു. ചരിത്രമറിയാതെ, അതിലെ താല്പര്യസംഘര്‍ഷങ്ങളും ഉള്‍പ്പിരിവുകളും എന്തെന്ന് ഒരു പിടിയുമില്ലാതെ, കമ്യൂണിസ്റ്റുകാര്‍ സ്വാതന്ത്ര്യസമരത്തെ ഒറ്റി എന്നുവരെ പറയുന്നത് കാണാം. വിവരത്തിനല്ലേ പരിധിയുള്ളൂ, വിവരക്കേടിനില്ലല്ലോ.

ഇതൊക്കെയായിട്ടും സ്വാതന്ത്ര്യസമരവുമായി ഒരു ബന്ധവും ഒരു കാലത്തുമില്ലാതിരുന്ന ഒരു വിഭാഗമുണ്ടായിരുന്നു. അതിന്റെ പേര് ആര്‍ എസ് എസ് എന്നായിരുന്നു. അതേ സമയം സ്വാതന്ത്ര്യത്തിന്റെ കൂടെ വിഭജനവും വന്നപ്പോള്‍ ആര്‍ എസ് എസ് ആ കുറവ് നികത്തി. വിഭജത്തില്‍, ലോകചരിത്രത്തിലെ ഏറ്റവും വലിയ പലായനത്തില്‍, കൊല്ലപ്പെട്ട പത്തുലക്ഷം മനുഷ്യരില്‍ അഞ്ചുലക്ഷത്തോളം പേര്‍ ആറെസ്സെസ്സിന്റെ നേരിട്ടോ അല്ലാതെയോ ഉള്ള സംഭാവനയായിരുന്നു എന്നാണ് കണക്ക്.
(പകരം പാക്കിസ്ഥാനില്‍ ഹിന്ദുക്കളെ കൊന്നിട്ടില്ലേ എന്ന് ചോദിച്ചു വരുന്നവരോട്. ഒന്നാമത് പാക്കിസ്ഥാനില്‍ നടന്ന കൊലപാതകങ്ങള്‍ അന്വേഷിക്കേണ്ടതും ശിക്ഷിക്കേണ്ടതും പാക്കിസ്ഥാനാണ്.

ഞാന്‍ സംസാരിക്കുന്നത് എന്റെ രാജ്യത്തെ കൊലപാതകികളെപ്പറ്റിയാണ്. രണ്ടാമത് അഥവാ പ്രതികാരം ചെയ്യണമെങ്കില്‍ – പ്രതികാരമെന്ന ഗോത്രയുക്തിയില്‍പ്പോലും – ചെയ്യേണ്ടത് നേരിട്ടുള്ള ഉത്തരവാദികളോടാണ്, അല്ലാതെ തരത്തിന് കിട്ടുന്ന നിരപരാധികളോടല്ല)
അങ്ങനെ സ്വാതന്ത്ര്യവുമായി പുലബന്ധം പോലുമില്ലാത്ത ആര്‍ എസ് എസ്സാണ് ഇപ്പോള്‍ ആ സ്വാതന്ത്ര്യത്തിന്റെ ഐക്കണുകളുടെ സംരക്ഷരായി ചാടിവീഴുന്നത്.

ഐക്കണുകളുടെ മാത്രം എന്ന് പ്രത്യേകം ഓര്‍ക്കണം, അതിന്റെ അടിസ്ഥാനമായ ഭരണഘടനയുടേതോ അത് മുന്നോട്ടുവക്കുന്ന ആശയങ്ങളുടേയോ അല്ല. ഈ ഐക്കണുകളെല്ലാം തന്നെ സ്വാതന്ത്ര്യസമരവുമായി നേരിട്ട് ബന്ധപ്പെട്ടത് മാത്രമല്ല ആ പ്രോസസില്‍ നിന്ന് നേരിട്ട് ഉരുവപ്പെട്ടതുമാണെന്ന് പ്രത്യേകം ഓര്‍ക്കണം . അവയുടേ രാഷ്ട്രീയപാരമ്പര്യത്തില്‍ ആറെസ്സെസ്സിന് ഒരവകാശവുമില്ല.

ചിഹ്നപരമായ പ്രസക്തി മാത്രം അവശേഷിപ്പിക്കുന ദേശീയ സ്വാതന്ത്ര്യ ചിഹ്നങ്ങളുടെ, ഭരണഘടനാപരമായ പൗരസ്വാതന്ത്ര്യങ്ങളെ മുഴുവന്‍ നിഷേഷിച്ചും അവഹേളിച്ചും നിലനില്ക്കുന്ന ചില അസംബന്ധനിയമങ്ങളുടെ, സംരക്ഷകരായി സ്വാതന്ത്ര്യമെന്ന പ്രോസസ്സിനെ തലങ്ങും വിലങ്ങും ഒറ്റിയ ഒരു കൂട്ടര്‍ പ്രത്യക്ഷപ്പെടുന്നത് ഒട്ടും യാദൃശ്ചികമല്ല. ഒറ്റായിരുന്നു എല്ലാക്കാലത്തും കൈവന്ന കല.മനുഷ്യനായാല്‍ ഉളുപ്പെന്നൊന്ന് വേണം.

അന്ന് നിങ്ങളൊറ്റിയവരുടെ രാഷ്ട്രീയ പിന്തുടര്‍ച്ചക്കാരെ അന്ന് നിങ്ങളൊറ്റിയവര്‍ നിലകൊണ്ട രാഷ്ട്രീയത്തിന്റെ ഇന്നത്തെ കേവലമായ ഐക്കണുകള്‍ക്കുവേണ്ടി ഇന്ന് നിങ്ങളൊറ്റുന്നു. ആ ഐക്കണുകള്‍ അവയുടെത്തന്നെ ആദിമരാഷ്ട്രീയത്തിന് – ജനാധിപത്യത്തിന് തുല്യതക്ക് സെക്യുലറിസത്തിന് നീതിക്ക് – ഒക്കെ ഇന്ന് വിരുദ്ധമാണെന്ന് നിങ്ങള്‍ക്കറിയാം.

സ്വാതന്ത്ര്യസമരം നടക്കുമ്പോള്‍ ജാഥ കാണാന്‍ വേലിക്കല്‍ ചെന്നു നില്‍ക്കുന്ന വഴിക്ക് നീര്‍ക്കോലി കടിച്ചെങ്കിലും ചത്ത ഒരു ആര്‍ എസ് എസ്സുകാരനെ കാണിച്ചുതരാമോ? ആ നീണ്ട പ്രോസസ്സില്‍ എവിടെയെങ്കിലും വ്യക്തമായ ലക്ഷ്യത്തില്‍ ഒറ്റ രക്തസാക്ഷി? ഒരെണ്ണം. ഒറ്റപ്പേര്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News