കശാപ്പ് നിരോധനത്തിനെതിരെ കേരളം ചരിത്രം കുറിച്ചു; രാജ്യത്ത് ആദ്യമായി കേന്ദ്രത്തിനെതിരെ ഒരു നിയമസഭയുടെ പ്രമേയം; പൗരന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം; കശാപ്പ് നിരോധനം സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കുമെന്ന് വിശദീകരിച്ചാണ് വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപക്ഷേപമവതരിപ്പിച്ചത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിന്റെ മറവില്‍ പൗരന്റെ തൊഴില്‍വ്യാപാരആഹാര സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം ഹനിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മാട്ടിറച്ചി നിരോധനം വരുമ്പോള്‍ മറ്റു മാംസാഹാരങ്ങളുടെ വില വര്‍ധിക്കും. അങ്ങനെ ജീവിതച്ചെലവ് തന്നെ വര്‍ധിപ്പിക്കുന്ന തീരുമാനമാണിത്. ഈ മേഖല കയ്യടക്കാനുള്ള കുത്തകകളുടെ നീക്കത്തിന്റെ ഭാഗമാണ് വിജ്ഞാപനമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ അധികാര പരിധിയിലുളള കാര്യങ്ങളില്‍ നിയമനിര്‍മാണം നടത്താന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്നിരിക്കെ ഇത് സംസ്ഥാനങ്ങളുടെ അധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം വ്യക്തമാക്കി. നാടിന്റെ കാര്‍ഷിക, വ്യാവസായിക, തൊഴില്‍ മേഖലകളെ തകര്‍ക്കുന്ന കശാപ്പ് നിരോധന വിജ്ഞാപനം ജനങ്ങളുടെ പൊതുതാല്‍പര്യം പരിഗണിച്ച് റദ്ദാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

ഭരണപ്രതിപക്ഷങ്ങളില്‍ നിന്നായി 17 പേര്‍ ചര്‍ച്ചയില്‍ സംസാരിച്ചു. പ്രമേയം പാസാക്കുന്ന വേളയില്‍ ബി.ജെ.പി അംഗം ഓ രാജഗോപാലിന് വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവസരം വിനിയോഗിക്കാനായില്ല. തുടര്‍ന്നാണ് പ്രമേയം ഏകകണ്‌ഠേന പാസ്സാക്കിയത്. രാജ്യത്ത് ആദ്യമായാണ് ഒരു നിയമസഭ കശാപ്പ് നിരോധനത്തിനെതിരെ പ്രമേയം പാസ്സാക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here