
തിരുവനന്തപുരം: മദ്യനയത്തില്‍ സമഗ്രമായ പൊളിച്ചെഴുത്ത് ആവശ്യമാണെന്ന എല്‍ഡിഎഫ് നിര്‍ദ്ദേശം അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ പുതിയ മദ്യ നയം പ്രഖ്യാപിച്ചു. ത്രീ സ്റ്റാറിനും അതിനു മുകളിലുള്ള ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധന പ്രായോഗികമല്ലെന്നും പറഞ്ഞ മുഖ്യമന്ത്രി യുഡിഎഫിന്റെ മദ്യനയം സമ്പൂര്‍ണ പരാജയം ആയിരുന്നെന്നും വ്യക്തമാക്കി.
മദ്യവര്‍ജനമെന്ന ഇടതുമുന്നണിയുടെ പ്രഖ്യാപിത നയത്തില്‍ ഉറച്ച് നിന്നുള്ള മദ്യനയമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മദ്യം വാങ്ങാനുള്ള പ്രായപരിധി 21 ല്‍ നിന്ന് 23 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. സംസ്ഥാനത്ത് കൂടുതല്‍ ലഹരി വിമോചന കേന്ദ്രങ്ങള്‍ തുറക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബാറുകള്‍ അടച്ചിട്ടതുമൂലം നാല്‍പ്പതിനായിരത്തിലധികം തൊഴിലാളികള്‍ ദുരിതത്തിലാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ഇവരെ സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും ഉറപ്പ് നല്‍കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച മദ്യനയം മൂലം സംസ്ഥാനത്ത് ലഹരി ഉപയോഗം കൂടിയെന്നും ചൂണ്ടികാട്ടി.
ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെയാക്കി മാറ്റിയിട്ടുണ്ട്. അടുത്ത മാസം ഒന്നാം തിയതി പുതിയ നയം പ്രാബല്യത്തില്‍ വരുമെന്നും അതുവരെ നിലവിലെ സ്ഥിതി തുടരുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സംസ്ഥാന ടൂറിസത്തേയും യു ഡി എഫ് സര്‍ക്കാരിന്റെ മദ്യ നയം പ്രതികൂലമായി ബാധിച്ചെന്നും പിണറായി വ്യക്തമാക്കി.
വിമാനത്താവളത്തില്‍ രാജ്യാന്തര, ആഭ്യന്തര ലോഞ്ചുകളില്‍ വിദേശമദ്യം ലഭ്യമാക്കുമെന്നും പാരമ്പര്യ വ്യവസായമായ കള്ളിനു സംരക്ഷണമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കള്ളുഷാപ്പുകളുടെ വില്‍പന മൂന്നുവര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമായിരിക്കും. ലേലത്തില്‍ തൊഴിലാളി സഹകരണ സംഘങ്ങള്‍ക്കു മുന്‍ഗണന ലഭിക്കും.
ക്ഷേമനികുതി കുടിശിക വരുത്തിയവര്‍ക്കു ലൈസന്‍സ് നല്‍കില്ലെന്ന് പ്രഖ്യാപിച്ച നയത്തില്‍ ത്രീസ്റ്റാറിനും അതിനുമുകളിലുമുള്ള ഹോട്ടലുകള്‍ക്ക് ശുദ്ധമായ കള്ളു വിതരണത്തിനു സൗകര്യമൊരുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ചെത്തുതൊഴിലാളികളുടെ തൊഴില്‍ സംരക്ഷണത്തിനു ടോഡി ബോര്‍ഡ് രൂപീകരിക്കുമെന്നും അബ്കാരി ചട്ടങ്ങളില്‍ കാലാനുസൃത മാറ്റം വരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാതയോരത്തെ മദ്യശാലകളെപ്പറ്റിയുള്ള സുപ്രീം കോടതി ഉത്തരവ് പാലിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here