ദില്ലി: പൊലീസുകാരുടേയും മാധ്യമപ്രവര്‍ത്തകരുടേയും സാന്നിദ്ധ്യത്തില്‍ സിപിഎം അഖിലേന്ത്യാ ജനറള്‍ സെക്രട്ടറിയെ കൈയ്യേറ്റം ചെയ്ത രണ്ട് ഹിന്ദുസേന പ്രവര്‍ത്തകര്‍ക്ക് എതിരെ ഏറ്റവും നിസ്സാരമായ വകുപ്പുകളാണ് ചുമത്തിയിരുന്നത്. എകെജി ഭവന്‍ അതിക്രമിച്ച് കയറിയതിന് 451ാം വകുപ്പ്, പൊതുശല്യം സൃഷ്ടിച്ചതിന് 504ാം വകുപ്പ്, ഒന്നില്‍ കൂടുതല്‍ ആളുകള്‍ സംഘടിച്ച് പരിഭ്രാന്തി സൃഷ്ടിച്ചതിന് 34ാം വകുപ്പ് എന്നീ നിസ്സാരമായ കുറ്റങ്ങള്‍ മാത്രമാണ് പ്രതികള്‍ക്ക് എതിരെ ചുമത്തിയത്.

ഇതോടെ കോടതിയിലേക്ക് പോലും കൊണ്ടുപോകാതെ സ്‌റ്റേഷനില്‍ നിന്ന് നേരിട്ട് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ദില്ലി പോലീസ് പ്രതികളെ സംരക്ഷിക്കുന്നതില്‍ അതിശയപ്പെടാനില്ലെന്ന് സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു.

പ്രതികള്‍ കൈയ്യേറ്റം നടത്തിയിട്ടില്ലെന്നും മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയതതെന്നും ഈ സമയം എകെജി ഭവനിലെ ജീവനക്കാര്‍ ആക്രമികളെ മര്‍ദിച്ചു എന്നുമാണ് പോലീസ് എഫ്‌ഐആറില്‍ വ്യക്തമാക്കിയിരിക്കുന്നത്. ആക്രമികള്‍ ഒരു സംഘടനയില്‍ ഉള്ളവരല്ലെന്നും ഹിന്ദുസേന അനുഭാവികള്‍ മാത്രമെന്നുമാണ് പൊലീസ് എഫ്ആറില്‍ പറയുന്നത്. എന്നാല്‍ പ്രതികളെ ജാമ്യത്തില്‍ എടുക്കാന്‍ സ്‌റ്റേഷനില്‍ എത്തിയത് ഹിന്ദുസേന വ്യക്താവ് കൂടിയായ അഭിഭാഷകന്‍ രാജ് കുമാര്‍ ജെയ്‌നും ഹിന്ദുസേന പ്രവര്‍ത്തകരുമാണ്. അതേസമയം സിപിഐഎം പ്രവര്‍ത്തകര്‍ തങ്ങളെ മര്‍ദ്ദിച്ചെന്ന് കാട്ടി പരാതി നല്‍കാനുളള തയ്യാറെടുപ്പിലാണ് പ്രതികളും ഹിന്ദുസേനയും