കോടിയേരിയെ മനുഷ്യ കവചമാക്കണമെന്ന് ആക്രോശം; കൊലവിളിയുമായി വീണ്ടും ബിജെപി ജില്ലാ പ്രസിഡന്റ്

തിരുവനന്തപുരം: വീണ്ടും പ്രകോപനപരമായ പ്രസംഗവുമായി ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷ്. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഇന്ത്യന്‍ സൈന്യം മനുഷ്യകവചമാക്കി ഉപയോഗിക്കണമെന്നാണ് സുരേഷ് ആക്രോശിച്ചത്.

ബിജെപി ജില്ലാ ഓഫീസിനുനേര്‍ക്ക് ബോംബെറിഞ്ഞുവെന്ന കഥയുണ്ടാക്കി ഹര്‍ത്താല്‍ നടത്തിയശേഷം നടത്തിയ സെക്രട്ടറിയറ്റ് ധര്‍ണയിലാണ് സുരേഷിന്റെ വിദ്വേഷപ്രസംഗം. ‘സൈന്യത്തിന് മനുഷ്യകവചമായി ഉപയോഗിക്കാന്‍ അടുത്ത തവണ കേരളത്തില്‍ നിന്നും ഒരു ഭീകരവാദിയെ തരും. ആ ഭീകരവാദി കോടിയേരി ബാലകൃഷ്ണന്‍ ആയിരിക്കും’ എന്നായിരുന്നു പ്രസംഗം. സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനും ഒപ്പമുണ്ടായിരുന്നു.

കശ്മീരില്‍ പ്രക്ഷോഭകാരികളെ നേരിടാന്‍ സൈന്യം യുവാവിനെ മനുഷ്യകവചമാക്കിയ സംഭവം കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. മനുഷ്യത്വരഹിതമായ ഇത്തരം നടപടികളെ പ്രോത്സാഹിപ്പിക്കണമെന്ന ആഹ്വാനമാണ് സുരേഷ് നടത്തിയിരിക്കുന്നത്.

പ്രകോപനപരമായ പ്രസംഗളിലൂടെ കുപ്രസിദ്ധിനേടിയ ആളാണ് സുരേഷ്. തങ്ങളെ ആക്രമിക്കുന്നവരുടെ തലകള്‍തേടിയിറങ്ങുമെന്ന് നെയ്യാറ്റിന്‍കരയില്‍ പ്രസംഗിച്ചതിനെതിനെത്തുടര്‍ന്ന് ഇയാള്‍ക്കെതിരേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here