തിരുട്ടുഗ്രാമം വീണ്ടും സജീവമാവുന്നു; ജനങ്ങള്‍ക്ക് കാവലാളായി കുതിച്ചെത്തി പോലീസ്

കോട്ടയം: കോട്ടയത്ത് അയര്‍ക്കുന്നം നീറിക്കാട്ട് നാലുവീടുകളില്‍ വീട്ടുകാരെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്ത സംഭവത്തില്‍ തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമങ്ങളില്‍ നിന്നുള്ള കുപ്രസിദ്ധ മോഷ്ടാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതി ശിവഗംഗ ടൗണില്‍ രാജാ ബൈസ്‌കൂളിന് പിന്‍വശം താമസിക്കുന്ന ശെല്‍വരാജ് (50), രാമനാഥപുരം സായിക്കുടി സിക്കല്‍ ഗ്രാമത്തിലെ രാജ്കുമാര്‍ (21) എന്നിവരാണ് അറസ്റ്റിലായത്.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അരുണ്‍ രാജ് രക്ഷപ്പെട്ടു. മൂവരും അടുത്ത ബന്ധുക്കളാണ്. തെക്കേചേനക്കല്‍ പി കെ റോയി, ഇലവുങ്കല്‍ വീട്ടില്‍ ടി എന്‍ മോഹനന്‍, ഇടപ്പളളി വീട്ടില്‍ കുഞ്ഞുമോന്‍, അമയന്നൂര്‍ പായിത്തറ ടിജോകുരുവിള എന്നിവരുടെ വീടുകളിലായിരുന്നു മോഷണം.

കവര്‍ച്ചാ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത് ശിവഗംഗയില്‍

ശിവഗംഗയിലുള്ള ശെല്‍വരാജന്റെ വീട്ടില്‍ കഴിഞ്ഞ ഞായറാഴ്ച ഒത്തുചേര്‍ന്ന് പദ്ധതി തയ്യാറാക്കിയ സംഘം തിങ്കളാഴ്ച വൈകിട്ട് കോട്ടയത്തെത്തി. നാഗമ്പടത്തെ വിദേശമദ്യശാലയില്‍ നിന്ന് മദ്യം വാങ്ങി രാത്രി എട്ടോടെ ഏറ്റുമാനൂര്‍ വഴിയുള്ള ബസില്‍ കയറി നീറിക്കാടിനുസമീപം ഇറങ്ങി റബര്‍തോട്ടത്തില്‍ ഒളിച്ചിരുന്നു. രാത്രി പന്ത്രണ്ടരയോടെ ആദ്യം റോയിയുടെ വീട്ടിലെത്തി. തുടര്‍ന്ന് മറ്റുവീടുകളില്‍ കയറി.

മോഷ്ടാക്കള്‍ അടുത്ത വീട് ലക്ഷ്യമിട്ടെങ്കിലും നാട്ടുകാരും പൊലീസും സ്ഥലത്തെത്തിയതിനാല്‍ അവിടെ നിന്നോടി ദൂരെയുള്ള ഒരു വയലില്‍ പതുങ്ങി ഇരുന്നു. ആളും ബഹളവും ശമിച്ചപ്പോള്‍ ടിജോ കുരുവിളയുടെ മുറ്റത്തിരുന്ന ബൈക്ക് കൈയില്‍ കരുതിയ അരിവാള്‍ ഉപയോഗിച്ച് വയര്‍ കട്ട് ചെയ്ത് സ്റ്റാര്‍ട്ട് ആക്കി കുറച്ചു ദൂരം മുന്നോട്ട് പോയി.

ഈ സമയം അയര്‍ക്കുന്നം പൊലീസിന്റെ പട്രോളിങ് വാഹനം കണ്ട് ബൈക്ക് ഉപേക്ഷിച്ച് മൂവരും ഇറങ്ങിയോടി. ഈ സമയം ആ പ്രദേശത്ത് പരിശോധന നടത്തിയ കോട്ടയം ഡിവൈഎസ്പിയുടെ മുന്നില്‍ അകപ്പെട്ടു. ഡിവൈഎസ്പിയും ഡ്രൈവര്‍ രാധാകൃഷ്ണനും കൂടി ശെല്‍വരാജിനെയും രാജ്കുമാറിനെയും പിടികൂടി. അരുണ്‍രാജ് ഇതിനകം ഓടിരക്ഷപ്പെട്ടു.

പൊലീസ് കാര്യക്ഷമത

നീറിക്കാട് മോഷണം നടന്ന് 15 മിനിട്ടുകള്‍ക്കുള്ളിലാണ് പൊലീസ് സംഭവസ്ഥലത്ത് പാഞ്ഞെത്തിയത്. ഒന്നിനുപുറകെ ഒന്നൊന്നായി പൊലീസിന്റെ 16 വാഹനങ്ങള്‍ അവിടെയെത്തിയത് കാര്യക്ഷമത തെളിയിക്കുന്നു. സ്വന്തം വാഹനങ്ങളുമായി പൊലീസുകാര്‍ രാത്രിയില്‍ കുതിച്ചെത്തി. ജില്ലയില്‍ ശക്തമായി നടന്നുവരുന്ന നൈറ്റ്പട്രോളിങും കോമ്പിങ് ഓപ്പറേഷനും കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ സഹായകമായ പൊലീസിന്റെ പ്രവര്‍ത്തനങ്ങളുടെ വിജയം കൂടിയാണിത്.

പിടിയിലായവര്‍ പരസ്പരവിരുദ്ധമായി തേനി, മധുര ജില്ലക്കാരാണെന്നാണ് പൊലീസിനോട് പറഞ്ഞത്. ജില്ലാ പൊലീസ്‌മേധാവി എന്‍ രാമചന്ദ്രന്‍ മധുര സിറ്റി പൊലീസ് കമ്മീഷണര്‍, തേനി ജില്ലാ പൊലീസ് സൂപ്രണ്ട് എന്നിവരുമായി ബന്ധപ്പെട്ട് വിലാസവും മറ്റും പരിശോധിച്ചതിലൂടെ ഇവര്‍ പറഞ്ഞ കാര്യങ്ങള്‍ കളവാണെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ ഇവരുടെ യഥാര്‍ഥവിലാസം മനസ്സിലാക്കി. ശിവഗംഗ, രാമനാഥപുരം എസ്പിമാരുമായി ബന്ധപ്പെട്ട് പ്രതികളെ തിരിച്ചറിഞ്ഞു. പ്രതികള്‍ക്കെതിരെ അയര്‍ക്കുന്നം പൊലീസ്സ്‌റ്റേഷനില്‍ നാല് കേസ് രജിസ്റ്റര്‍ ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here