ബ്രിട്ടനില്‍ പ്രധാനമന്ത്രി തെരേസാ മേ യ്ക്ക് തിരിച്ചടി; അമിത ആത്മവിശ്വാസം, ‘ഹൈ റിസ്‌ക്ക് പൊളിറ്റിക്കല്‍ ഗെയിം’ മേ യ്ക്ക് വിനയായോ?

ബ്രിട്ടനില്‍ പ്രധാനമന്ത്രി തെരേസാ മേ യ്ക്ക് തിരിച്ചടി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയയായെങ്കിലും ഒറ്റയ്ക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടിരിക്കുന്നു. ഭരിക്കാന്‍ 326 സീറ്റുകള്‍ ആവശ്യമായിടത്ത് ഒരു പാര്‍ട്ടിയും അവിടേക്കെത്തിയിട്ടില്ല. തൂക്കുസഭയ്ക്ക് സാധ്യത എന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.

യൂറോപ്യന്‍യൂണിയനില്‍ നിന്ന് വിട്ടുപോരാനുള്ള ബ്രെക്‌സിറ്റ് നടപടികള്‍ക്ക് തുടക്കമിട്ട തെരേസാ മേ ,ഏപ്രില്‍ 18 ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തെരേസ മെയുടെ ‘ഹൈ റിസ്‌ക്ക് പൊളിറ്റിക്കല്‍ ഗെയിം’ എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത്.ലേബര്‍പാര്‍ട്ടിയേക്കാള്‍ ലീഡുണ്ടായിരുന്ന കണ്‍സര്‍വേറ്റീവുകള്‍ക്ക് എന്നാല്‍ തുടര്‍ച്ചയായ ഭീകരാക്രമണങ്ങളും മറ്റും ജനപിന്തുണ കുറച്ചു എന്നാണ് വിലയിരുത്തല്‍.

2020 വരെ അധികാരത്തില്‍ തുടരാന്‍ തെരേസ മേയ്ക്ക് ആകുമായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി തെരേസ മേ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് വന്‍ ഭൂരിപക്ഷം നേടി അധികാരത്തില്‍ തിരിച്ചെത്താമെന്ന കണക്ക് കൂട്ടലിലായിരുന്നു. ബ്രെക്സിറ്റ് ചര്‍ച്ചകളില്‍ ഏര്‍പ്പെടുമ്പോള്‍ ബ്രിട്ടന് അനുകൂലമായവ നേടിയെടുക്കണമെങ്കില്‍ പ്രധാനമന്ത്രിക്കു കരുത്തുറ്റ പിന്തുണ പാര്‍ലമെന്റില്‍ ആവശ്യമാണെന്നും ഇതിനു വേണ്ടിയാണു ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നുമായിരുന്നു മേ പറഞ്ഞത്. .

പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തില്‍ ബഹുകാതം മുന്നിലായിരുന്നു ഭരണപാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി. എന്നാല്‍ തെരഞ്ഞെടുപ്പെത്തിയപ്പോള്‍ എല്ലാം മാറിമറിയുന്ന കാഴ്ചയാണ് കണ്ടത്. മുഷിപ്പിക്കുന്ന, വിരസമായ തെരഞ്ഞെടുപ്പും, അധികം അറിയപ്പെടാത്ത രീതിയിലുള്ള പ്രചാരണവും, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് അനുകൂലമാകുമെന്ന് ഉറപ്പായും പ്രവചിക്കാന്‍ സാധിക്കുന്ന ഫലവുമായിരിക്കുമെന്നാണ് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ തെരേസ മേയുടെ മനസിലുണ്ടായിരുന്നത്.

ആ സമയത്താവട്ടെ, അഭിപ്രായ സര്‍വേയില്‍ തെരേസ മേയുടെ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് പ്രവചിക്കുകയും ചെയ്തിരുന്നു.ദേശീയ വികാരത്തെ മാറ്റി മറിക്കാന്‍ കാരണമായാലും അല്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മെയ് 23നും ജൂണ്‍ നാലിനും ലണ്ടനില്‍ നടന്ന രണ്ട് ഭീകരാക്രമണങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിച്ചെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നില്ല.

രണ്ടാഴ്ച മുന്‍പു മെയ് 23ന് ലിബിയന്‍ വംശജനും പിന്നീട് ലണ്ടനിലേക്കു താമസം മാറ്റുകയും ചെയ്ത സല്‍മാന്‍ അബേദിയെന്ന 22-കാരന്‍ മാഞ്ചസ്റ്റര്‍ അരീനയില്‍ അമേരിക്കന്‍ ഗായികയായ ഏരിയാന ഗ്രാന്‍ഡെയുടെ സംഗീത നിശയ്ക്കിടെ ചാവേറായി പൊട്ടിത്തെറിച്ചപ്പോള്‍ നിരപരാധികളായ 22 കാണികളാണു കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.

കൊല്ലപ്പെട്ടവരും പരിക്കേറ്റവരും ഭൂരിഭാഗവും കുട്ടികളും കൗമാര പ്രായക്കാരുമായിരുന്നു. കാരണം ഏരിയാന ഗ്രാന്‍ഡെ കുട്ടികള്‍ക്ക് പ്രിയങ്കരിയായിരുന്നു. അതു കൊണ്ടു തന്നെ ഇവരുടെ സംഗീത നിശ ആസ്വദിക്കാനെത്തിയവരില്‍ ഭൂരിഭാഗവും കുട്ടികളും കൗമാരപ്രായക്കാരുമായിരുന്നു. ഈ ആക്രമണത്തെ തുടര്‍ന്നു വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണം കുറച്ചു ദിവസത്തേയ്ക്കു താത്കാലികമായി നിറുത്തിവച്ചിരുന്നു. ഭീകരാക്രമണത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ അപലപിച്ചു. ആക്രമണത്തെ തുടര്‍ന്നു നിശ്ചലമായ അവസ്ഥയില്‍നിന്നും മുക്തി നേടാന്‍ രാജ്യം ഒരുമിക്കണമെന്നു വിവിധ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.

കഴിഞ്ഞ ശനിയാഴ്ച സെന്‍ട്രല്‍ ലണ്ടനില്‍ നടന്ന ഭീകരാക്രമണത്തില്‍ ഏഴു പേരാണു കൊല്ലപ്പെട്ടത്. 48-ാളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഈ സംഭവത്തിനു ശേഷവും ബ്രിട്ടനിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണം താത്കാലികമായി നിറുത്തിവച്ചിരുന്നു. ജിഹാദി അക്രമത്തെ എങ്ങനെ തടയാനാകുമെന്നതായിരിക്കും പ്രചാരണത്തിന്റെ അവസാനഘട്ടത്തിനെ രൂപപ്പെടുത്തുന്നതെന്നു തെരേസ മേ പറയുകയുണ്ടായി.. മേയുടെ തീരുമാനം ശരിയെന്നു രണ്ട് മൂന്ന് ആഴ്ച മുന്‍പ് വരെ വോട്ടര്‍മാര്‍ക്കും തോന്നിയിരുന്നു. പ്രത്യേകിച്ച് പ്രതിപക്ഷ നേതാവായ ജെറമി കോര്‍ബിന്റെ ദയനീയ പ്രകടനം മേയ്ക്ക് അനുകൂലമാക്കുകയും ചെയ്തു.

എന്നാല്‍ സ്ഥിതിഗതികള്‍ മാറിയത് പെട്ടെന്നായിരുന്നു. .ഈ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തെരേസ മേ ഉയര്‍ത്തിക്കാണിച്ചത് ശക്തവും സുസ്ഥിരവുമായൊരു സര്‍ക്കാരായിരിക്കും തന്റേതെന്നാണ്. ആദ്യമായിട്ടാണു തെരേസ മേ തെരഞ്ഞെടുപ്പ് പ്രചാരണത്തെ നയിച്ചതും. പക്ഷേ പ്രചാരണഘട്ടത്തില്‍ ശക്തയായ ഒരു തെരേസ മേയെ അല്ല കണ്ടത് പകരം കാര്‍ക്കശ്യം പുലര്‍ത്തുന്ന ഒരു വ്യക്തിയായിട്ടാണു മേയെ വോട്ടര്‍മാര്‍ക്ക് അനുഭവപ്പെട്ടത്.

മറുവശത്ത് ജെറമി കോര്‍ബിനാവട്ടെ പ്രചാരണത്തില്‍ ഹൃദ്യമായും അന്യരുടെ വികാരങ്ങള്‍ മാനിച്ചു കൊണ്ടുമുള്ളൊരു സമീപനത്തോടെയുമാണു പെരുമാറിയത്. ധനാഢ്യര്‍ക്കും ബിസിനസുകാര്‍ക്കും നികുതി വര്‍ധിപ്പിക്കുമെന്നും ആരോഗ്യരംഗത്തെ പരിപോഷിപ്പിക്കാന്‍ പൊതുഖജനാവില്‍നിന്നും പണം കൂടുതല്‍ ചെലവഴിക്കുമെന്നും, സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കുള്ള ട്യൂഷന്‍ ഫീസ് നിരോധിക്കുമെന്നും കോര്‍ബിന്‍ പ്രഖ്യാപിച്ചത് യുവാക്കളില്‍ മതിപ്പ് ഉളവാക്കി.

ഇതിലൂടെ അദ്ദേഹത്തിനു ജനകീയനാവാനും സാധിച്ചു. യുകെയില്‍ തീവ്ര വലതുപക്ഷ ദേശീയവാദികളായ യുകഐപി എന്ന പാര്‍ട്ടി ഇപ്രാവിശ്യം കാര്യമായ പ്രചാരണത്തില്‍ ചലനമുണ്ടാക്കിയില്ല. യുകെഐപിയായിരുന്നു ബ്രെക്സിറ്റ് പ്രചാരണം വിജയിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. മറ്റൊരു പാര്‍ട്ടിയായ ദി ലിബറല്‍ ഡെമോക്രാറ്റ്സും പ്രചാരണത്തില്‍ കാര്യമായ ചലനമുണ്ടാക്കിയില്ല. യൂറോപ്പ് അനുകൂല നിലപാടുള്ള പാര്‍ട്ടി കൂടിയാണ് ഇവര്‍.കഴിഞ്ഞ വര്‍ഷം ബ്രെക്സിറ്റ് ജനഹിതത്തിലൂടെ മുന്‍ഗാമിയായ ഡേവിഡ് കാമറോണ്‍ പഠിച്ച പാഠത്തില്‍നിന്നും പഠിക്കാന്‍ മേയ്ക്കു സാധിച്ചില്ല; ഒരിക്കലും ബ്രിട്ടനിലെ വോട്ടര്‍മാരെ വിശ്വസിച്ച് ഒരു കാര്യത്തിനു മുതിരരുതെന്ന പാഠമാണത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News